വിശ്വാസം പരീക്ഷിക്കപ്പെടണം
വിശ്വാസം പരീക്ഷിക്കപ്പെടണം
ആർക്കുവേണ്ടിയും ആരു മൂലവും എല്ലാം നിലനിൽക്കുന്നുവോ, ആര് അനേകം പുത്രന്മാരെ മഹത്വത്തിലേക്കു നയിക്കുന്നുവോ ആ രക്ഷയുടെ കർത്താവിനെ അവിടുന്നു സഹനം വഴി പരിപൂർണനാക്കുക തികച്ചും ഉചിതമായിരുന്നു. ഹെബ്രാ. 2:10

ദൈവം തന്റെ പുത്രന്റെ പരിപൂർണത മനുഷ്യനു മുന്നിൽ സാക്ഷ്യപ്പെടുത്തിയതാണു കുരിശ്. സഹനം എന്നതു ദൈവഹിതപ്രകാരം ദുരിതം ഏറ്റുവാങ്ങലാണ്.
എന്താണു സഹനത്തിലെ ദൈവഹിതം? യേശുക്രിസ്തുവിനു കുരിശ് നൽകിയതു ദൈവമോ?

ആരും ആരെയും ഉപദ്രവിക്കരുത് എന്നതു ദൈവഹിതമാണ്. ആ ദൈവഹിതത്തിനെതിരായി ഒരാൾ നിന്നെ അകാരണമായി പീഡിപ്പിച്ചാൽ പീഡിപ്പിച്ചവനോടുള്ള സ്നേഹത്തിന്റെ അടയാളമായി ആ പീഡ നീ ഏറ്റുവാങ്ങണം എന്നതു നിന്നെക്കുറിച്ചുള്ള ദൈവഹിതം.

ദൈവനിശ്ചയമല്ല, യേശു പീഡിപ്പിക്കപ്പെടണം എന്നത്. നിശ്ചയമല്ലെങ്കിലും തന്റെ പുത്രൻ പീഡിപ്പിക്കപ്പെടും എന്നതു ദൈവം അറിഞ്ഞ സത്യം. ആ പീഡകൾക്ക് ഏൽപിച്ചുകൊടുത്തുകൊണ്ടു സഹിക്കുന്നതിലൂടെ എല്ലാവരിലും വിശ്വാസം ജനിപ്പിക്കുകയും ദൈവസ്നേഹം ലോകത്തിനു ബോധ്യപ്പെടുത്തിക്കൊടുക്കുകയും ചെയ്യുക എന്നതു രക്ഷാകരം.

ഈ ലോകം മനുഷ്യന്റെ പാപം മൂലം തകർന്ന ഒരു ലോകമാണ്. പ്രകൃതിദുരന്തങ്ങളും രോഗങ്ങളും പട്ടിണിയും കഠിനാധ്വാനവും അപകടങ്ങളും ദുഷ്‌ടന്റെ ഇടപെടലും ഉള്ള ഒരു ലോകമാണ്. ഇവിടെ ജീവിക്കുമ്പോൾ ഇതിൽ ചിലതെങ്കിലും നിന്നെ ബാധിക്കാതെ വരില്ല. അങ്ങനെ ബാധിക്കുന്നതു നിന്റെ കുരിശ്. ആ കുരിശ് എടുക്കാൻ യേശു പറയുന്നു. ഈ അടുത്തകാലത്ത് ഒരുപിടി ക്രിസ്തുശിഷ്യർ രക്‌തസാക്ഷിത്വം വഹിച്ചതു തങ്ങൾ ക്രിസ്തുവിന്റെ സ്വന്തമാണ് എന്നു പ്രഖ്യാപിച്ചതിന്റെ പേരിലാണ്. ഘാതകരുടെ ദുഷ്‌ടതയ്ക്കെതിരേ സ്നേഹസഹനം കൊണ്ട് പോരാടി അവർ വിജയം വരിച്ചു.


വിശ്വാസം പരീക്ഷിക്കപ്പെടുന്നതു നല്ലതാണ്. ജീവിക്കുന്നത് ഈ ലോകത്തിനുവേണ്ടിയല്ലെന്നും ക്രിസ്തുവിനുവേണ്ടിയാണെന്നും തെളിയിക്കപ്പെടുകയാണല്ലോ. വിശ്വാസം പരീക്ഷിക്കപ്പെടുമ്പോൾ നിങ്ങൾക്കു സ്‌ഥിരത ലഭിക്കുമെന്ന് അറിയാമല്ലോ. അങ്ങനെ നിങ്ങൾ പൂർണത പ്രാപിക്കും (യാക്കോ – 1:4) എന്നു യാക്കോബ് ശ്ലീഹാ പഠിപ്പിക്കുന്നു.ഏറ്റവും വലിയ പരീക്ഷയെ അതിജീവിച്ച് യേശു ഉത്ഥാനത്തിലേക്കാണു പ്രവേശിച്ചത്. അതുപോലെ നമ്മളും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.