പെസഹാ വ്യാഴം
പെസഹാ വ്യാഴം
മനുഷ്യൻ എന്നും ദൈ വത്തെ ഭയത്തോടെയാണു നമിച്ചിട്ടുള്ളത്. ആദത്തിൽനിന്ന് പകർന്നുകിട്ടിയ ആദിപാപമാണിത്. എല്ലാ അധികാരവും ദൈവത്തിൽനിന്നുള്ളതായതുകൊണ്ട് അധികാരസ്‌ഥാനത്തെയും മനുഷ്യൻ ഭയപ്പെടുന്നുണ്ട്.

അധികാരസ്‌ഥാനത്തേക്കു തെരഞ്ഞെടുക്കപ്പെട്ട ഒരു വൈദികൻ എന്നോടു പറഞ്ഞു നേരത്തേ വളരെ അടുപ്പത്തിലും സ്വാതന്ത്ര്യത്തിലും കഴിഞ്ഞവർപോലും ഇപ്പോൾ ഒരു അകൽച്ച പ്രകടിപ്പിക്കുന്നതു തന്നെ വേദനിപ്പിക്കുന്നു എന്ന്.ഈ ഭയം മാറണമെങ്കിൽ അധികാരി സ്വയം താഴാൻ തയാറാകണം. എന്നുവച്ചാൽ, കൂടെയുള്ളവരുടെ കാലുകഴുകാൻ തയാറാകണം. ശുശ്രൂഷിക്കപ്പെടാനല്ല ശുശ്രൂഷിക്കാനും മോചനമൂല്യമായി തന്നെത്തന്നെ സമർപ്പിക്കാനുമാണു മനുഷ്യപുത്രൻ വന്നിരിക്കുന്നത് എന്ന് യേശു പറഞ്ഞതിന്റെ പൊരുൾ ഇവിടെ വ്യക്‌തമാണല്ലോ.

പെസഹാ എന്നാൽ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുപോക്കാണ്. ദൈവത്തിലേക്കു സ്വാതന്ത്ര്യത്തോടെയുള്ള തിരിച്ചുപോക്ക് എന്നും പറയാം. ഭയത്തോടെ അകന്നുനിൽക്കുന്നവൻ ദൈവത്തിങ്കലേക്ക് മടങ്ങിവരുന്നതാണ് ഏറ്റവും വലിയ പെസഹാ അനുഭവം. പെസഹാ ആചരണത്തിലെ ഒരു പ്രധാനപ്പെട്ട നിമിഷമാണ് കാൽകഴുകൽ ശുശ്രൂഷ. ദാസന്മാർ ചെയ്തുവന്നിരുന്ന ഒരു പ്രവൃത്തി ഗുരുവും കർത്താവുമായ യേശു നിർവഹിച്ചു.


ശിഷ്യന്മാരെ മേശയ്ക്കരുകിലിരുത്തി അവിടുന്ന് താലത്തിൽ വെള്ളമെടുത്ത് വെൺ കച്ചയും അരയിൽ ചുറ്റി അവരുടെ കാലുകൾ കഴുകിത്തുടച്ചു. പത്രോസിന്റെ മുന്നിൽ കാലുകഴുകാൻ എത്തിയ ഗുരുവിനോട് ആ ശിഷ്യൻ പറഞ്ഞു അങ്ങ് എന്റെ കാൽ കഴുകരുതേ, എന്ന്. ഗുരു മറുപടി പറഞ്ഞു: ഞാൻ നിന്നെ കഴുകുന്നില്ലെങ്കിൽ നിനക്ക് എന്നോട് കൂട്ടായ്മയില്ല. യേശുവിന്റെ കാൽ പത്രോസ് കഴുകുന്നതിലൂടെയല്ല, പത്രോസിന്റെ കാൽ യേശു കഴുകുന്നതിലൂടെയാണ് പത്രോസ് സ്വതന്ത്രനാകുന്നതും യേശുവിനോടു കൂട്ടായ്മയിലാകുന്നതും.

കാലുകഴുകൽ എന്നാൽ എളിയ ശുശ്രൂഷ എന്നർഥം. കഴുകൽവഴിയാണു സ്നേഹത്തിന്റെ ആധിപത്യം ലഭിക്കുന്നത്. അധ്യാപകൻ വിദ്യാർഥികളുടെ കാലുകഴുകിയാൽ, വികാരിയച്ചൻ ഇടവകജനത്തിന്റെ കാലുകഴുകിയാൽ, മെത്രാൻ അച്ചന്മാരുടെ കാലുകഴുകിയാൽ... അവിടെയെല്ലാം യഥാർഥ സ്നേഹബന്ധം ഉണ്ടാകും.

ഒരു വ്യക്‌തിയുടെ ജീവിതത്തിൽ ഏറ്റവുമധികം സ്വാധീനവും അധികാരവും ഉള്ളത് അമ്മയ്ക്കാണ്. ഇത് പൈതൽപ്രായം മുതൽ കഴുകൽ വഴിയായി അവൾ നേടിയെടുക്കുന്ന അധികാരമാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.