ഈശോ സഹിച്ചതു ദൈവനീതിയെപ്രതി
ഈശോ സഹിച്ചതു ദൈവനീതിയെപ്രതി
ദൈവം സൃഷ്ടിച്ച മനുഷ്യൻ ദൈവത്തോടുള്ള ഗാഢബന്ധത്തിൽ ഏദൻതോട്ടത്തിൽ കഴിയണം എന്നതാണ് ആദ്യനീതി.

സാത്താൻ വഞ്ചിച്ച് മനുഷ്യനെ ദൈവത്തിൽനിന്ന് അകറ്റിയത് ഏറ്റവും വലിയ അനീതി! ഈ അനീതി അവസാനിപ്പിച്ച് ദൈവനീതി പുനഃസ്‌ഥാപിക്കപ്പെടണം. എന്നുവച്ചാൽ, മനുഷ്യൻ ദൈവത്തോട് അനുരഞ്ജനപ്പെട്ടു സ്നേഹത്തിലും അനുസരണത്തിലും കഴിയണം. അതു ദൈവരാജ്യം! ദൈവനീതി നടപ്പായാലേ ദൈവരാജ്യം സംജാതമാകൂ!

ദൈവത്തെ തെറ്റിദ്ധരിച്ച് ഭയന്ന് ദൈവത്തിന്റെ കീഴിൽനിന്നു സാത്താന്റെ നിയന്ത്രണത്തിലേക്കു പോയ മനുഷ്യനെ ദൈവത്തിന്റെ നന്മയിൽ ആകർഷിച്ച് സത്യത്താൽ വിശുദ്ധീകരിച്ച് വിശ്വാസം നൽകി തിരികെ കൊണ്ടുവരുന്ന പ്രവൃത്തി നീതിയുടെ പ്രവൃത്തി. ആ പ്രവൃത്തിയുടെ ക്ലൈമാക്സ് ആണു കുരിശാരോഹണം. നാമെല്ലാവരും ദൈവത്തിന്റെ നീതിയാകേണ്ടതിനു പാപം അറിയാത്തവനെ ദൈവം നമുക്കുവേണ്ടി പാപമാക്കി എന്നു പൗലോസ് ശ്ലീഹ.

കർത്താവായ ദൈവമേ ഞങ്ങളെ അങ്ങയുമായി അനുരഞ്ജിപ്പിക്കുന്ന നീതിയുടെ പ്രവൃത്തിയാൽ യഥോചിതം അങ്ങയെ പ്രീതിപ്പെടുത്താൻ ഞങ്ങൾക്കിടയാകണം എന്നു സീറോമലബാർ കുർബാനക്രമത്തിലെ പ്രാർഥന.


ദൈവം പ്രീതിപ്പെടുന്ന പ്രവൃത്തിയാണു കുരിശിലെ സഹനം. കാരണം അതു ദൈവത്തിൽനിന്ന് അകന്നുപോയവരെ ദൈവത്തിങ്കലേക്കു തിരികെ കൊണ്ടുവരുന്ന നീതിയുടെ പ്രവൃത്തിയാണ്. യേശു ചെയ്ത ഈ രക്ഷാകരപ്രവൃത്തി യേശുവിനോട് ഐക്യപ്പെട്ടവരെല്ലാം സ്വജീവിതത്തിൽ സഭയോടു ചേർന്നു ചെയ്യുമ്പോൾ രക്ഷാകരപ്രവൃത്തി തുടരും. യേശുവിന്റെ പീഡാസഹനത്തിൽ കുറവു വന്നത് എന്റെ ശരീരത്തിൽ ഞാൻ നികത്തുന്നു എന്നു പൗലോസ് പറഞ്ഞത് ഈ അർഥത്തിലാണ് (കൊളോസോസ് 1:24).തെറ്റുചെയ്തവർ ശിക്ഷിക്കപ്പെട്ടേ തീരൂ എന്നതോ കുറ്റവാളി ശിക്ഷിക്കപ്പെടാതെ പോകാൻവേണ്ടി പകരം മറ്റൊരാൾ ശിക്ഷ ഏൽക്കണം എന്നതോ അല്ല ദൈവനീതി. പിതാവിനും പുത്ര നും പരിശുദ്ധാത്മാവിനും വ്യത്യസ്തമായ താത്പര്യങ്ങൾ സാധ്യമല്ലല്ലോ. ത്രിത്വൈക ദൈവം സത്തയിൽ ഒന്നാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.