ഉപവാസവും നോമ്പും പ്രായശ്ചിത്തവും
ഉപവാസവും നോമ്പും പ്രായശ്ചിത്തവും
‘അനന്തരം പിശാചിനാൽ പരീക്ഷിക്കപ്പെടുന്നതിനു യേശുവിനെ ആത്മാവ് മരുഭൂമിയിലേക്കു നയിച്ചു. യേശു നാൽപതു ദിനരാത്രങ്ങൾ ഉപവസിച്ചു.’ (മത്തായി 4:1–2). പൗലോസ് ശ്ലീഹാ പറയുന്നു, ‘ഞങ്ങളിലെ ബാഹ്യമനുഷ്യൻ ക്ഷയിച്ചുകൊണ്ടിരിക്കുകയാണെങ്കിലും ആന്തരിക മനുഷ്യൻ അനുദിനം നവീകരിക്കപ്പെടുന്നു.’ (2 കൊറിന്തോസ് 4:16).

ബാഹ്യമനുഷ്യനെ ഉപവാസംകൊണ്ടും പ്രായശ്ചിത്തംകൊണ്ടും തപചര്യകൊണ്ടും ദൈവത്തെപ്രതിയുള്ള കഠിനാധ്വാനംകൊണ്ടും അഴിയാൻ അനുവദിക്കുമ്പോൾ ആന്തരികമനുഷ്യൻ ശക്‌തിപ്പെടും. യേശുവിന്റെ ഐഹികജീവിതം മനുഷ്യാവസ്‌ഥയുടെ നേർക്കാഴ്ചകളിലേക്കു നമ്മെ നയിക്കുന്നു. അവിടുത്തേക്ക് ഉള്ളതുപോലത്തെ മനുഷ്യപ്രകൃതിയാണ് നമുക്കും നൽകപ്പെട്ടിരിക്കുന്നത്. അഥവാ നമ്മുടെ അതേ മനുഷ്യാവസ്‌ഥയാണു യേശു സ്വീകരിച്ചത്. യേശുവിലുള്ളതുപോലെ ഒരു ആന്തരികമനുഷ്യൻ നമ്മിലുമുണ്ട്. യേശുവിലെ ആന്തരികമനുഷ്യനെ താബോർമലയിൽവച്ച് അവിടുന്ന് ഒരുവേള വെളിപ്പെടുത്തി. കൂടെയുണ്ടായിരുന്ന ശിഷ്യന്മാർ ആ കാഴ്ച കണ്ട് അദ്ഭുതപര തന്ത്രരായിപ്പോയി!


ഭൗതികമായ നേട്ടങ്ങൾക്കുവേണ്ടി മാത്രം ജീവിക്കുകയും അതിന്റെ പേരിൽ വഴക്കടിക്കുകയും ചെയ്യുന്നവർ വഞ്ചിക്കപ്പെട്ടവരാണ്, സത്യം അറിയാത്തവരാണ്.

ഈ പഴം നിന്നെ ദൈവത്തെപ്പോലെയാക്കും എന്നു പറഞ്ഞ് ആദിസർപ്പത്തിന്റെ നാവിലൊളിപ്പിച്ചു ഘാതകനായ പിശാച് നൽകിയ അസത്യം എല്ലാവരെയുംതന്നെ ബാധിച്ചുപോയി. പഴം എന്നതിനെ വ്യാഖ്യാനിക്കുമ്പോൾ ക്ഷണികമായതെന്നോ പെട്ടെന്ന് അഴുകിപ്പോകുന്നവയെന്നോ അർഥം കിട്ടും. പഴത്തിനുവേണ്ടിയുള്ള ജീവിതവും ഈ പഴത്തിനുവേണ്ടിയുള്ള കലഹങ്ങളുമാണ് എവിടെയും കാണുന്നത്.

യേശുവിനോടു താദാത്മ്യപ്പെട്ട് അവിടുത്തേക്കുവേണ്ടി ജീവിക്കുമ്പോഴാണു നാം ദൈവത്തെപ്പോലെയാകുന്നത്. അതായതു യേശുവിനുവേണ്ടി നമ്മിലെ പഴത്തെ അഴിയാൻ അനുവദിക്കുമ്പോഴാണു നമ്മിൽ ആധ്യാത്മികസുഖം ഉണ്ടാകുന്നത്. പഴത്തിലൂടെ ലഭിക്കുന്നതെല്ലാം ഉപരിപ്ലവമായ രസം അഥവാ പ്ലഷർ മാത്രമാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.