ലോകത്തിന്റെ പാപം വഹിക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്
ലോകത്തിന്റെ പാപം വഹിക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്
ഇതാ ലോകത്തിന്റെ പാപം വഹിക്കുന്ന – നീക്കുന്ന – ദൈവത്തിന്റെ കുഞ്ഞാട്.
യോഹ1:29.

ലോകത്തിന്റെ പാപം ഏറ്റുവാങ്ങി നീക്കംചയ്യുന്ന ദൈവത്തിന്റെ കുഞ്ഞാടാണ് ഈശോ. മനുഷ്യനിൽ ദുർമോഹം ഗർഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു. യാക്കോബ് 1:15

പാപത്തിന്റെ മൂർത്തരൂപമാണു സഹനത്തിന്റെ വിഷയങ്ങൾ. പാപം വഹിക്കുക എന്നുവച്ചാൽ മറ്റൊരാളിൽനിന്ന് എന്റെമേൽ പാപം പതിക്കുമ്പോൾ പരാതിയും പരിഭവവും കൂടാതെ അത് ഏറ്റുവാങ്ങുക എന്നാണ്. ഒരു കരണത്ത് അടി കിട്ടുമ്പോൾ മറ്റേ കരണം കാണിച്ചുകൊടുക്കുമ്പോഴാണ് ഇതു യാഥാർഥ്യമാകുന്നത്.പാപമുള്ള ആർക്കും മറ്റൊരാളുടെ പാപം ഏറ്റുവാങ്ങാനാവില്ല. എല്ലാ മനുഷ്യരും പാപത്തിൽ ജനിച്ചവരായതുകൊണ്ട് ആർക്കും ഇതു സാധ്യമല്ല. അവിടെയാണു പാപമില്ലാത്ത ഒരു മനുഷ്യൻ ലോകത്ത് ഉണ്ടാവേണ്ടത് ആവശ്യമായിരിക്കുന്നത്. പാപമില്ലാത്ത ആ മനുഷ്യനാണ് സ്ത്രീയുടെ സന്തതിയായ യേശുക്രിസ്തു. ദൈവമായ യേശു തന്റെ ശരീരത്തിൽ പാപം ആവാഹിച്ചു. അത് അവനിൽ വിശ്വസിക്കുന്നവർക്കു പാപമോചനമായി. ദൈവനീതിയായി. അവനിൽ നാമെല്ലാവരും ദൈവത്തിന്റെ നീതിയാകേണ്ടതിനു പാപമറിയാത്തവനെ ദൈവം നമുക്കുവേണ്ടി പാപമാക്കി. 2 കൊറി 5:21.


എന്നെ ഒരാൾ അകാരണമായി മർദ്ദിക്കുമ്പോൾ അവന്റെ പാപമാണ് എന്റെമേൽ പതിക്കുന്നത്. പരാതിയില്ലാതെ ഞാൻ ആ മർദ്ദനം സഹിക്കുമ്പോൾ എന്നെ തല്ലിയവന്റെ പാപത്തിനു പരിഹാരമാകും. എന്നെ മർദ്ദിക്കുന്ന ആളെ ഞാൻ കുറ്റക്കാരനായി പരിഗണിക്കാത്തപ്പോൾ അയാൾ പാപം ചെയ്യാത്തവനെപ്പോലെയായി. അതിനാണു നീതികരണം എന്നു പറയുന്നത്. ക്രിസ്തു പീഡാസഹനം വഴി ചെയ്തതു നീതീകരണമാണ്. ദൈവത്തിന്റെ പക്ഷത്തുനിന്നുള്ള നീതീകരണം.

ചുരുക്കത്തിൽ, പാപം ചെയ്യുന്നയാളിനു പാപപരിഹാരമാകാൻ പാപത്തിന്റെ ഫലമനുഭവിക്കുന്ന വ്യക്‌തിക്കാണു കഴിയുക. ആത്യന്തികമായി എല്ലാ പാപവും ദൈവത്തെ ഉപേക്ഷിക്കലും പീഡിപ്പിക്കലുമാണ്. അതുകൊണ്ടു ദൈവം മനുഷ്യനായി വന്നു പീഡയേൽക്കുകയും തങ്ങൾ ചെയ്യുന്നതെന്തെന്ന് ഇവർ അറിയുന്നില്ല എന്ന നീതീകരണ വാക്ക് പറയുകയും ചെയ്യേണ്ടത് മനുഷ്യരക്ഷയ്ക്കു കൂടിയേ തീരൂ എന്നു വരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.