പെസഹാ തിരുനാളും ശുശ്രൂഷാ പൌരോഹിത്യദിനാചരണവും സോമര്‍സെറ്റ് ദേവാലയത്തില്‍
Saturday, April 4, 2015 8:36 AM IST
ന്യൂജേഴ്സി: രണ്ടായിരാമാണ്ടുകള്‍ക്കപ്പുറം യേശുക്രിസ്തു അപ്പോസ്തലന്മാര്‍ക്കൊപ്പം നടത്തിയ തിരുവത്താഴത്തിന്റെ പവിത്രസ്മരണ പുതുക്കിക്കൊണ്ട് സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോന ദേവാലയത്തില്‍ ഈവര്‍ഷത്തെ പെസഹാ തിരുനാള്‍ ആഘോഷിച്ചു. ശുശ്രൂഷാ പൌരോഹിത്യദിനവും ഇതോടൊപ്പം ആചരിച്ചു.

ഏപ്രില്‍ രണ്ടിന് വൈകിട്ട് 7.30-ന് പെസഹാ തിരുനാളിന്റെ വിശുദ്ധ കര്‍മാദികള്‍ ആരംഭിച്ചു. ആഘോഷമായ ദിവ്യബലിയില്‍ ഷിക്കാഗോ രൂപതയുടെ സഹായ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് മുഖ്യകാര്‍മികത്വം വഹിച്ചു. ഇടവക വികാരി ഫാ. തോമസ് കടുകപ്പിള്ളി, പ്രശസ്ത വചനപ്രഘോഷകനും കപ്പൂച്ചന്‍ സഭാംഗവുമായ ഫാ. അലക്സ് വാചാപറമ്പില്‍, ഫാ. ഫിലിപ്പ് വടക്കേക്കര, ഫാ. പീറ്റര്‍ അക്കനത്ത് എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു.

'താലത്തില്‍ വെള്ളമെടുത്തു...വെണ്‍കച്ചയുമരയില്‍ ചുറ്റി...' എന്ന ഗാനം ദേവാലയത്തിലെ ഗായകസംഘം ആലപിച്ചപ്പോള്‍ തെരഞ്ഞെടുക്കപ്പെട്ട 12 കുട്ടികളുടെ പാദങ്ങള്‍ കഴുകി രൂപത സഹായ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് ഈശോ തന്റെ ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി ലോകത്തിനു മാതൃക നല്‍കിയതിന്റെ ഓര്‍മയാചരണം നടത്തി. തുടര്‍ന്നു വിശുദ്ധ കുര്‍ബാനയുടെ ആഘോഷമായ പ്രദക്ഷിണം ദേവാലയത്തില്‍ നടന്നു.

മാര്‍ ജോയ് ആലപ്പാട്ട് പെസഹാ തിരുനാളിന്റേയും ശുശ്രൂഷാ പൌരോഹിത്യദിനത്തിന്റേയും പരിശുദ്ധ കുര്‍ബാനസ്ഥാപനത്തിന്റേയും സന്ദേശം കുട്ടികളുമായി ആശയവിനിമയത്തിലൂടെ പങ്കുവച്ചു. പെസഹാ തിരുനാള്‍ പരിശുദ്ധ കുര്‍ബാനയുടേയും ശുശ്രൂഷാ പൌരോഹിത്യത്തിന്റേയും സ്ഥാപന ദിനമാണെന്നും അതുകൊണ്ടുതന്നെ ഈ പുണ്യദിനം പരസ്പര സ്നേഹത്തിന്റേയും സ്വയം ശൂന്യവത്കരണത്തിന്റേയും തിരുനാള്‍ എന്നു വിളിക്കാമെന്ന് മാര്‍ ആലപ്പാട്ട് സന്ദേശത്തില്‍ പറഞ്ഞു.

ദൈവത്തോടുള്ള സമാനത നിലനിര്‍ത്താതെതന്നെ ശൂന്യനാക്കി മനുഷ്യനായി അവതരിച്ച ദൈവം (ഫിലി 2, 6-8) ഈ ലോകം വിട്ടുപോകാന്‍ സമയമായപ്പോള്‍ എന്നും നിലനില്‍ക്കുന്ന തന്റെ സ്നേഹത്തിന്റെ അടയാളമായ ഒരു ഓര്‍മ നല്‍കി കടന്നുപോകുന്നുണ്ട് അതാണ് പരിശുദ്ധ കുര്‍ബാനയും ശുശ്രൂഷാ പൌരോഹിത്യദിനവുമെന്ന് ഉദ്ബോധിപ്പിച്ചു.

വിശുദ്ധ കുര്‍ബാനയ്ക്കും കാല്‍കഴുകല്‍ ശുശ്രൂഷയ്ക്കും ശേഷം ഫാ. അലക്സ് വാചാപറമ്പില്‍ നയിച്ച ആരാധന, ഗായകസംഘത്തിന്റെ നേതൃത്വത്തിലുള്ള പാനവായന എന്നിവ നടന്നു. പരമ്പരാഗത രീതിയിലുള്ള അപ്പുംമുറിക്കല്‍ ശുശ്രൂഷയും പാല്‍കുടിക്കല്‍ ശുശ്രൂഷയും കുട്ടികള്‍ക്കായി പ്രത്യേകം നടത്തി.

പെസഹാ തിരുനാള്‍ ചടങ്ങുകള്‍ക്ക് ട്രസ്റിമാരായ തോമസ് ചെറിയാന്‍ പടവില്‍, ടോം പെരുമ്പായില്‍, മേരിദാസന്‍ തോമസ്, മിനേഷ് ജോസഫ് എന്നിവരും ഇടവകയിലെ ഭക്തസംഘടനാ ഭാരവാഹികളും നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം