ഫാമിലി കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ജൂലൈ എട്ടിനു ഘോഷയാത്ര
Monday, July 6, 2015 5:13 AM IST
ഡാളസ്: സൌത്ത് വെസ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിനു ഡാളസ് ഇന്റര്‍ കോണ്ടിനെന്റല്‍ ഹോട്ടലില്‍ ജൂലൈ എട്ടിനു തിരശീല ഉയരും.

കോണ്‍ഫറന്‍സിനു തുടക്കംകുറിച്ചുള്ള ഘോഷയാത്ര ജൂലൈ എട്ടിനു (ബുധനാഴ്ച) വൈകുന്നേരം 5.30നു ഹോട്ടല്‍ അങ്കണത്തില്‍ ആരംഭിക്കും. ഫാമിലി കോണ്‍ഫറന്‍സിന്റെ ബാനറിനു പിന്നില്‍ കോണ്‍ഫറന്‍സ് ഡയറക്ടര്‍ ഫാ. മാത്യു അലക്സാണ്ടര്‍ ബൈബിളും, ട്രഷറര്‍ ലജീത് മാത്യു കുരിശും, സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളും, ഭദ്രാസന കൌണ്‍സില്‍ അംഗങ്ങളും കാതോലിക്കേറ്റ് പതാകയും, വിവിധ ആധ്യാത്മിക നേതാക്കള്‍ അമേരിക്കന്‍ പതാകയും ടെക്സസ് പതാകയും ഇന്ത്യന്‍ പതാകയും കനേഡിയന്‍ പതാകയും കൈയിലേന്തുന്നതാണ്.

അതിനുശേഷം എംജിഒസിഎസ്എം അംഗങ്ങള്‍ മുന്‍ കാതോലിക്കാ ബാവാമാരുടെ ചിത്രം വഹിക്കുന്നതാണ്. സണ്‍ഡേ സ്കൂള്‍ കുട്ടികള്‍ ചെറിയ കാതോലിക്കേറ്റ് പതാകയും പടിക്കും. അതിനു പിന്നിലായി പരമ്പരാഗത ഇന്ത്യന്‍ നിര്‍മ്മിത ഒരേ നിറത്തിലുള്ള സാരി ധരിച്ച സ്ത്രീകള്‍ അണിനിരക്കും. അവര്‍ക്ക് പുറകിലായി പുരുഷന്മാര്‍, പിന്നാലെ വൈദിക വിദ്യാര്‍ഥികള്‍, ശെമ്മാശന്മാര്‍, വൈദികര്‍ എന്നീ ക്രമത്തില്‍ നീങ്ങും.

ഭദ്രാസന സെക്രട്ടറി ഫാ. ജോയി പൈങ്ങോലില്‍ പരിശുദ്ധ ബാവായുടെ അംശവടി വഹിക്കുന്നതാണ്. ഏറ്റവും പിറകിലായി വിശിഷ്ടാതിഥികളോടൊപ്പം പരിശുദ്ധ ബാവാ തിരുമേനിയും, ഭദ്രാസനാധ്യക്ഷന്‍ അലക്സിയോസ് മാര്‍ യൌസേബിയോസ് മെത്രാപ്പോലീത്തയും എഴുന്നള്ളുന്നതാണ്.

ഘോഷയാത്ര സമ്മേളന വേദിയില്‍ എത്തിയതിനുശേഷം സന്ധ്യാ നമസ്കാരവും, ഉദ്ഘാടന സമ്മേളനവും, ഡയറക്ടറി പ്രകാശനവും നടക്കും. വൈകിട്ട് ഡിന്നറിനുശേഷം മാജിക് ഷോ ഉണ്ടായിരിക്കുന്നതാണ്.

രജിസ്ട്രേഷന്‍ കൌണ്ടര്‍ ജൂലൈ എട്ടാം തീയതി ഉച്ചയ്ക്ക് രണ്ടു മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. നാലു കൌണ്ടര്‍ ഉണ്ടായിരിക്കുന്നതാണ്. ട്രാന്‍സ്പോര്‍ട്ടേഷനും പ്രത്യേക സൌകര്യം ഉണ്ടായിരിക്കുന്നതാണ്.

കോണ്‍ഫറന്‍സിനോടനുബന്ധിച്ച് ജീസസ് ക്രൈസ്റ്, പരിശുദ്ധ മാതാവ്, പരുമല തിരുമേനി എന്നിവരുടെ ഐകോണ്‍ വില്‍പ്പന കൌണ്ടറില്‍ ഉണ്ടായിരിക്കുന്നതാണ്. മൂന്നിനുംകൂടി 250 ഡോളറാണ്. ഭദ്രാസന കൌണ്‍സില്‍ മെമ്പറും, കോണ്‍ഫറന്‍സ് സെക്രട്ടറിയുമായ എല്‍സണ്‍ സാമുവേല്‍ അറിയിച്ചതാണ് ഈ ക്രമീകരണങ്ങള്‍.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം