എന്‍.കെ. ലൂക്കോസ് വോളിബോള്‍: പീറ്റര്‍ കുളങ്ങര ചെയര്‍മാന്‍, സിറിയക് കൂവക്കാട്ടില്‍ ജനറല്‍ കണ്‍വീനര്‍
Tuesday, July 14, 2015 5:22 AM IST
ഷിക്കാഗോ: എന്‍.കെ. ലൂക്കോസ് നടുപ്പറമ്പില്‍ സ്പോര്‍ട്സ് ഫൌണ്േടഷന്റെ ആഭിമുഖ്യത്തില്‍ 2015 സെപ്റ്റംബര്‍ ആറിനു ഷിക്കാഗോയില്‍ നടക്കുന്ന പത്താമത് എന്‍.കെ ലൂക്കോസ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ് ചെയര്‍മാനായി പീറ്റര്‍ കുളങ്ങരയെയയും ജനറല്‍ കണ്‍വീനറായി സിറിയക് കൂവക്കാട്ടിലിനെയും തെരഞ്ഞെടുത്തു.

കലാലയ ജീവിതത്തില്‍ തന്നെ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കംകുറിച്ച പീറ്റര്‍ അമേരിക്കന്‍ സാമൂഹ്യ-സാംസ്കാരിക രംഗങ്ങളില്‍ നിറസാന്നിധ്യമാണ്. മിഡ്വെസ്റ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ്. ഫോമ ആര്‍വിപി, പത്തുവര്‍ഷങ്ങള്‍ക്കു മുമ്പ് എന്‍.കെ. ലൂക്കോസ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ് ഷിക്കാഗോയില്‍ അരങ്ങേറിയപ്പോള്‍ അതിനു നേതൃത്വം കൊടുത്ത മിഡ്വെസ്റ് മലയാളി അസോസിയേഷന്റെ പ്രസിഡന്റായിരുന്നു പീറ്റര്‍ കുളങ്ങര.

അമേരിക്കന്‍ മലയാളി നേതൃനിരയിലേക്കു പടിപടിയായി ഉയരുന്ന സിറിയക് കൂവക്കാട്ടില്‍, നല്ലൊരു കായികതാരവും ഐഎംഎയുടെ നേതാവും, ഫൊക്കാനാ ആര്‍വിപി, ഷിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റി മുന്‍ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

എന്‍.കെ. ലൂക്കോസ് നടുപ്പറമ്പില്‍ സ്പോര്‍ട്സ് ഫൌണ്േടഷന്‍ വൈസ് പ്രസിഡന്റ് പയസ് ആലപ്പാട്ടിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഭാരവാഹികളായ സിബി കദളിമറ്റം, ബിജോയ് മാണി, ജോസ് മണക്കാട്ട്, മാത്യു തട്ടാമറ്റം എന്നിവര്‍ യോഗത്തിനു നേതൃത്വം നല്‍കി. മാത്യു തട്ടാമറ്റം അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം