ജർമനി പ്രതീക്ഷിക്കുന്നതു മൂന്നു ലക്ഷം അഭയാർഥികളെ
Monday, August 29, 2016 7:00 AM IST
ബർലിൻ: ഈ വർഷം ജർമനിയിൽ മൂന്നു ലക്ഷം അഭയാർഥികൾ കൂടി എത്തിച്ചേരുമെന്ന് ഫെഡറൽ ഓഫീസ് ഫോർ മൈഗ്രേഷൻ ആൻഡ് റെഫ്യൂജീസ്.

കൂടുതൽ പേർ വരുന്നതോടെ ഓഫീസിന്റെ പ്രവർത്തനം ബുദ്ധിമുട്ടിലാകുമെന്നും മേധാവി ഫ്രാങ്ക് യുർഗൻ വീസ് പറഞ്ഞു. എന്നാൽ, പ്രതീക്ഷിക്കുന്ന അഭയാർഥികളുടെ എണ്ണം ഇതിൽ കൂടാനിടയില്ലെന്നാണ് ഉറച്ച വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വർഷം മധ്യപൂർവേഷ്യ, അഫ്ഗാനിസ്‌ഥാൻ, ആഫ്രിക്ക എന്നിവിടങ്ങളിൽനിന്നായി പത്തു ലക്ഷം അഭയാർഥികളാണ് ജർമനിയിലെത്തിയത്. ഈ വർഷം ആദ്യത്തെ ആറു മാസത്തിനിടെ 390,000 പേർ അഭയാർഥിത്വത്തിന് അപേക്ഷിച്ചു കഴിഞ്ഞു. ഇതിൽ എത്ര പേരാണ് കഴിഞ്ഞ വർഷം വന്നതെന്നു വ്യക്‌തമല്ല.

ഇവരിൽ പരമാവധി ആളുകളെ തൊഴിൽ വിപണിയിൽ ഉൾക്കൊള്ളിക്കാനാണ് ശ്രമിക്കുന്നതെന്ന് വീസ് പറഞ്ഞു. അഭയാർഥി വിരുദ്ധ മനോഭാവം ജർമനിക്കാർക്കിടയിൽ ശക്‌തി പ്രാപിച്ചു വരുന്നതിനിടെയാണ് കണക്കുകൾ പുറത്തുവന്നിരിക്കുന്നത്.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ