ബാലപീഡനങ്ങൾക്കിരയായവർക്കു ഐക്യദാർഡ്യം പ്രഖ്യാപിച്ച് സ്റ്റീവനേജ് സീറോ മലബാർ കമ്യുണിറ്റി
Tuesday, April 24, 2018 2:54 AM IST
സ്റ്റീവനേജ്: ലണ്ടൻ റീജണിലെ സ്റ്റീവനേജ് മിഷനിൽ സീറോ മലബാർ കത്തോലിക്കാ സമൂഹം തങ്ങളുടെ മൂന്നാം ശനിയാഴ്ച വിശുദ്ധ കുർബാനയും മതബോധന പരിശീലനവും പ്രത്യേക പ്രാർഥനാ ശുശ്രുഷകളും ഭക്ത്യാദരപൂർവം നടത്തി. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാർ രൂപതയുടെ ലണ്ടൻ റീജണൽ സഹകാരിയും വെസ്റ്റ്മിനിസ്റ്റർ ചാപ്ലയിനുമായ ഫാ. സെബാസ്റ്റ്യൻ ചാമക്കാല തിരുക്കർമങ്ങൾക്ക് നേതൃത്വം നൽകി.

വിശുദ്ധ കുർബാനയ്ക്കുശേഷം ചേർന്ന പാരീഷ് യോഗത്തിൽ ആശിഫ അടക്കം നിരവധി കുഞ്ഞുങ്ങൾ ക്രൂരമായി അക്രമിക്കപ്പെടുന്നതിൽ ഉത്കണ്ഠ രേഖപ്പെടുത്തിയ സമൂഹം അധികാര വർഗത്തിന്‍റെ ശക്തമായ നിലപാടുകൾ ഇക്കാര്യത്തിൽ എടുക്കണമെന്നും ജീവനും വിശ്വാസത്തിനും സ്വത്തിനും സംരക്ഷണം നൽകുവാൻ പ്രതിജ്ഞാബദ്ധരായ സർക്കാർ, ശക്തമായ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നും ചാമക്കാല അച്ചൻ സന്ദേശത്തിൽ ആവശ്യപ്പെട്ടു. പൈശാചികവും, മൃഗീയവുമായ ലൈംഗിക പീഡനങ്ങൾക്കു ഇരയായവർക്കു നീതി ലഭിക്കുവാനും സ്നേഹവും ഐക്യവും മതേതരത്വവും സമാധാനവും വിളയുന്ന ഭാരത സംസ്കാരത്തിലേക്ക് രാജ്യത്തിനു തിരിച്ചെത്തുവാൻ സാധിക്കട്ടെയെന്ന് ആശംശിക്കുകയും പ്രാർഥിക്കുകയും ചെയ്തു.

പാരീഷ് കമ്മിറ്റി അംഗം പ്രിൻസണ്‍ പാലാട്ടി -വിൽത്സി ദന്പതികളുടെ മകൾ പ്രാർഥനാ മരിയാ പ്രിൻസനെ ദേവാലയ പ്രവേശന ശുശ്രുഷകൾ നടത്തി വിശുദ്ധ കുർബാനക്ക് ആമുഖമായി ചാമക്കാല അച്ചൻ പാരീഷ് ഗണത്തിലേക്ക് സ്വാഗതം ചെയ്തു. വിശുദ്ധബലിയുടെ സമാപനത്തിൽ കേക്ക് മുറിച്ചു വിതരണം ചെയ്തു കൊണ്ട് സന്തോഷം പങ്കിടുകയും ചെയ്തു.

റിപ്പോർട്ട്: അപ്പച്ചൻ കണ്ണഞ്ചിറ