കണക്ടിക്കറ്റ് ഗവർണർ സ്ഥാനാർഥിയായി ഡോ. പ്രസാദ് ശ്രീനിവാസൻ മത്സരിക്കും
Wednesday, March 1, 2017 5:34 AM IST
കണക്ടിക്കട്ട്: കണക്ടിക്കട്ട് സ്റ്റേറ്റ് മുപ്പത്തൊന്നാമത് അസംബ്ലി ഡിസ്ട്രിക്ടിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയും ഇന്ത്യൻ അമേരിക്കൻ വംശജനുമായ ഡോ. പ്രസാദ് ശ്രീനിവാസൻ 2018 ൽ കണക്ടിക്കട്ടിൽ നടക്കുന്ന ഗവർണർ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയാറെടുക്കുന്നു.

സംസ്ഥാനത്തിന്‍റെ ശോഭനമായ ഭാവിയും സുരക്ഷിതത്വവും ഉറപ്പു നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഗവർണർ സ്ഥാനത്തേയ്ക്കു മത്സരിക്കുന്നതെന്ന് ശ്രീനിവാസൻ പറയുന്നു.

2012 മുതൽ സംസ്ഥാന നിയമസഭയിൽ അംഗമായിരുന്ന ശ്രീനിവാസൻ 1980 ലാണ് കണക്ടിക്കട്ടിലേക്ക് താമസം മാറ്റിയത്. കനബിസ് മെഡിക്കൽ ആവശ്യങ്ങൾക്കായി ഉപയോഗിക്കുവാൻ നിയമ നിർമാണം നടത്തുന്നതിനെതിരായും ഡെത്ത് പെനാലിറ്റി റീഅപ്പിൽ ചെയ്യുന്നതിനെതിരായും നിയമസഭയിൽ ശക്തമായ വാദമുഖങ്ങളാണ് ശ്രീനിവാസൻ ഉയർത്തിയത്. ഇന്ത്യയിലെ ബറോഡ മെഡിക്കൽ കോളജിൽ നിന്നും ബിരുദമെടുത്ത ശ്രീനിവാസൻ, ഷിക്കാഗോ മൈക്കിൾ റീസ് ഹോസ്പിറ്റലിൽ ഫെല്ലോഷിപ്പ് പൂർത്തിയാക്കി ന്യുയോർക്ക് ബ്രൂക്കിലൻ ബ്രൂക്ക് ഡെയ്ൽ ഹോസ്പിറ്റൽ ചീഫ് പിഡിയാട്രിക് റസിഡന്‍റായി പ്രവർത്തിച്ചിട്ടുണ്ട്.

റിപ്പോർട്ട്: പി.പി. ചെറിയാൻ