ഡാളസ്: മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക, യൂറോപ്പ് ഭദ്രാസനത്തിന്റെ സൗത്ത് വെസ്റ്റ് റീജണിൽപ്പെട്ട ഇടവക മിഷൻ, സേവികാസംഘം, യുവജനസഖ്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മാർച്ച് 16, 17 (വെള്ളി, ശനി) തീയതികളിൽ ഡാളസിലുള്ള പ്ലേനോ സെഹിയോൻ മാർത്തോമ്മ ഇടവകയിൽ നടന്ന റീജണൽ കോണ്‍ഫറൻസ് വേറിട്ട അനുഭവമായി.
ഹൂസ്റ്റണ്‍, ഡാളസ്, ഒക്ലഹോമ, ഓസ്റ്റിൻ, കൊളറാഡോ, ലബക്ക് എന്നിവിടങ്ങളിൽ നിന്നായി ഏകദേശം അഞ്ഞൂറിൽപ്പരം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. സമൃദ്ധിയായ ജീവൻ എന്നതായിരുന്നു മുഖ്യ ചിന്താവിഷയം. മാർത്തോമ്മ സഭയുടെ മുൻ സഭാ സെക്രട്ടറിയും സീനിയർ വികാരി ജനറാളും ആയ വെരി. റവ. ഡോ. ചെറിയാൻ തോമസ് മുഖ്യാതിഥി ആയിരുന്നു. റവ. പി. സി. സജി, റവ. മാത്യൂസ് ഫിലിപ്പ്, റവ. വിജു വർഗീസ്, റവ. ഷാജു പി. ജോണ്‍, റവ. ജോണ്സണ് ടി. ഉണ്ണിത്താൻ, റവ. അലക്സ് കെ. ചാക്കോ, റവ. എബ്രഹാം വർഗീസ്, റവ. സോനു എസ്. വർഗീസ്, റവ. തോമസ് കുര്യൻ എന്നീ വൈദികരുടെ സാന്നിധ്യവും സമ്മേളനത്തിനു നിറപ്പകിട്ടേകി.
റവ. അലക്സ് കെ. ചാക്കോയുടെ അധ്യക്ഷതയിൽ ആരംഭിച്ച യോഗം ഭദ്രാസന ട്രഷറാർ പ്രഫ. ഫിലിപ്പ് തോമസ് സിപിഎ, ഇടവക മിഷൻ ഭദ്രാസന സെക്രട്ടറി റെജി വർഗീസ്, സേവികാസംഘം ഭദ്രാസന സെക്രട്ടറി ജോളി ബാബു, യുവജനസഖ്യം ഭദ്രാസന സെക്രട്ടറി അജു മാത്യു, ഇടവക മിഷൻ, യുവജനസഖ്യം എന്നിവയുടെ റീജിയണൽ സെക്രട്ടറിമ്മാരായ സാം അലക്സ്, ബിജി ജോബി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
ഒടിയാത്ത കന്പിലെ പൊട്ടാത്ത വള്ളിപോലുള്ള ബന്ധം ആയിരിക്കണം മനുഷ്യനും ദൈവവും ആയിട്ട് ഉണ്ടാകേണ്ടത്. എങ്കിലേ നിത്യജീവന്റെ അവകാശം ലഭിക്കുവാൻ സാധിക്കൂ എന്ന് ഉദ്ഘാടന ദിവസം റവ. ഡോ. ചെറിയാൻ തോമസ് ഉദ്ബോധിപ്പിച്ചു. രണ്ടാം ദിവസം ആശാ മേരി മാത്യു തന്റെ പ്രസംഗത്തിൽ ലോകചിന്തയിൽ മനുഷ്യൻ ആയിരിക്കുന്പോൾ അവൻ ആകുലതകളിൽ അകപ്പെട്ടുപ്പോകാൻ ഏറെ സാധ്യത ഉണ്ട് ആയതിനാൽ അതിൽ നിന്ന് മോചനം നേടുവാൻ ദൈവിക ചിന്ത ഏറെ അനിവാര്യം ആണെന്ന് ഓർമ്മപ്പെടുത്തി. ഡോ. വി. ടി. സാമുവലിന്റെ നേതൃത്വത്തിൽ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞുള്ള ചർച്ചകളും കോണ്‍ഫറൻസിന്റെ മറ്റൊരു പ്രത്യേകത ആയിരുന്നു.
സമ്മേളനത്തോടനുബന്ധിച്ച് സൗത്ത് വെസ്റ്റ് റീജണിൽ നിന്നും ഇന്ത്യയിലെ വിവിധ ഇടവകകളിലേക്ക് മടങ്ങിപ്പോകുന്ന വൈദീകരായ റവ. പി. സി. സജി, റവ. ജോണ്സണ് ടി. ഉണ്ണിത്താൻ, റവ. മാത്യൂസ് ഫിലിപ്പ്, റവ. ഷൈജു പി. ജോണ്‍, റവ. തോമസ് കുര്യൻ, റവ. മാത്യു സാമുവേൽ, റവ. അലക്സ് കെ. ചാക്കോ എന്നിവർക്ക് യാത്രയയപ്പു നൽകി.
കോണ്‍ഫറൻസ് ജനറൽ കണ്‍വീനർ മാത്യു പി. എബ്രഹാം സ്വാഗതവും സാക് സുനിൽ സഖറിയാ കൃതജ്ഞതയും രേഖപ്പെടുത്തി. സെഹിയോൻ ഇടവകയുടെ ഗായകസംഘം ഗാനങ്ങൾ ആലപിച്ചു. ഫിലിപ്പ് മാത്യു പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി.
റിപ്പോർട്ട്: ഷാജി രാമപുരം