ഡബ്ല്യുഎംസി ഗ്ലോബൽ ചെയർമാൻ യുകെ പ്രൊവിൻസ് നേതാക്കളുമായി ചർച്ച നടത്തി
Monday, September 24, 2018 8:47 PM IST
ലണ്ടൻ: വേൾഡ് മലയാളി കൗണ്‍സിൽ(ഡബ്ല്യുഎംസി) ഗ്ലോബൽ ചെയർമാൻ ഡോ.ഇബ്രാഹിം ഹാജി യുകെ പ്രൊവിൻസ് നേതാക്കളുമായി കൂടിക്കണ്ടു.ഞായറാഴ്ച ലണ്ടനിൽ നടന്ന പ്രൊവിൻസ് എക്സിക്യൂട്ടീവ് യോഗത്തിൽ പ്രൊവിൻസ് ചെയർമാനും ഗ്ളോബൽ ഗുഡ് വിൽ അംബാസഡറുമായ ഡോ. അജികുമാർ കവിദാസൻ അധ്യക്ഷത വഹിച്ചു. പ്രൊവിൻസ് പ്രസിഡന്‍റ് നജീബ് അബ്ദുൾ സ്വാഗതം ആശംസിച്ചു.

ഗ്ളോബൽ തലത്തിലുള്ള ഡബ്ല്യുഎംസിയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ച ചെയർമാൻ ഡോ.ഇബ്രാഹിം ഹാജി, അടുത്തിടെ കേരളത്തിലുണ്ടായ മഹാപ്രളയത്തിന്‍റെ കാഠിന്യവും അവതരിപ്പിച്ചു. കേരളത്തിന്‍റെ പുതുനിർമാണത്തിനായി ഡബ്ല്യുഎംസി വാഗ്ദാനം ചെയ്ത തുകയായ ഒരു കോടി രൂപയുടെ ഫണ്ടുശേഖരണം ഉൗർജിതമായി നടക്കുന്നുവെന്നും അതിൽ പ്രൊവിൻസിന്‍റെ പങ്കാളിത്തം എത്രയും വേഗം സ്വരൂപിക്കണമെന്നും ഡോ.ഹാജി അഭ്യർഥിച്ചു. യുകെ പ്രൊവിൻസിന്‍റെ പ്രവർത്തനങ്ങളെ ശ്ളാഘിച്ച ഡോ.ഹാജി പ്രൊവിൻസ് ശക്തിപ്പെടുത്തേണ്ടതിന്‍റെ ആവശ്യകതയും ചൂണ്ടിക്കാട്ടി. മറ്റു പ്രൊവിൻസുകളിലെ ഭാരവാഹികളും അഭ്യുദയകാംക്ഷികളുമായി നിരന്തര സന്പർക്കത്തിലാണ് ഗ്ലോബൽ കമ്മിറ്റിയെന്നും ഡോ.ഹാജി പറഞ്ഞു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ