വായു മലിനീകരണം തടയാൻ ജർമനി അര ബില്യൺ നീക്കിവയ്ക്കും
Thursday, December 6, 2018 10:51 PM IST
ബർലിൻ: വായു മലിനീകരണം തടയുന്നതിനുള്ള വിവിധ പദ്ധതികൾക്കായി ജർമൻ സർക്കാർ അര ബില്യൺ യൂറോ നീക്കിവയ്ക്കുന്നു.

അടിയന്തരമായി നടപ്പാക്കാനുള്ള പദ്ധതികൾക്കായി ഒരു ബില്യൺ നേരത്തെ തന്നെ നീക്കി വച്ചിരുന്നതാണ്. ഇതു കൂടാതെയാണ് അര ബില്യൻ കൂടി നൽകുന്നതെന്ന് ചാൻസലർ ആംഗല മെർക്കൽ അറിയിച്ചു.

ഏറ്റവും കൂടുതൽ വായു മലിനീകരണം നേരിടുന്ന ജർമൻ നഗരങ്ങളുടെ പ്രതിനിധകളുമായുള്ള യോഗത്തിൽ സംസാരിക്കുകയായിരുന്നു ചാൻസലർ. നഗരങ്ങളിലെ ചെറിയ ട്രക്കുകളുടെ ഹാർഡ് വെയർ റിട്രോഫിറ്റിംഗ് പ്രോത്സാഹിപ്പിക്കാൻ മറ്റൊരു 432 മില്യൺ യൂറോ കൂടി സർക്കാർ ചെലവാക്കും.

2017 മുതൽ 2020 വരെ നടപ്പാക്കാനുള്ള വിവിധ പദ്ധതികളുടെ നടത്തിപ്പ് സംബന്ധിച്ചാണ് യോഗം ചർച്ച ചെയ്തത്. കൂടുതൽ പണവും കൃത്യമായ ലഭ്യതയുമാണ് യോഗത്തിൽ പങ്കെടുത്ത നഗര പ്രതിനിധികൾ ആവശ്യപ്പെട്ടത്. രാജ്യത്തെ കാർ നിർമാതാക്കളും പദ്ധതിക്ക് സാന്പത്തിക സഹായം നൽകുന്നുണ്ട്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ