ജർമനിയിൽ അഭയാർഥികളുടെ സെൽ ഫോണ്‍ ഡേറ്റ നിരീക്ഷിക്കാൻ നിയമം
Tuesday, February 21, 2017 10:23 AM IST
ബെർലിൻ: മതിയായ തിരിച്ചറിയൽ രേഖകളില്ലാതെ രാജ്യത്തെത്തുന്ന അഭയാർഥികളുടെ സെൽ ഫോണ്‍ വിവരങ്ങൾ നിരീക്ഷിക്കാൻ ജർമനി നിയമം പാസാക്കുന്നു. സെൽ ഫോണ്‍ വിവരങ്ങൾ നിരീക്ഷിക്കുന്നതിനുള്ള നിയമത്തിൽ ഭേദഗതികൾ വരുത്തിയാണ് ഇത്തരത്തിലുള്ള നിരീക്ഷണം എളുപ്പത്തിലാക്കാൻ പോകുന്നത്.

ആഭ്യന്തര മന്ത്രാലയത്തിൽ ഇതിനുള്ള കരട് ബിൽ തയാറായി വരുന്നു. അഭയാർഥികളെ നാടുകടത്തുന്ന പ്രക്രിയ കൂടുതൽ ഫലപ്രദമാക്കാനും ഇതാവശ്യമാണെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ അവകാശപ്പെടുന്നു.

നിർദിഷ്ട അഭയാർഥിയുടെ അനുമതിയോടെ മാത്രമേ ഇപ്പോൾ ഫെഡറൽ ഓഫീസ് ഫോർ മൈഗ്രേഷൻ ആൻഡ് റെഫ്യൂജീസിന് (ബിഎഎംഎഫ്) അവരുടെ സെൽ ഫോണ്‍ വിവരങ്ങൾ ശേഖരിക്കാൻ സാധിക്കൂ. നിയമ ഭേദഗതി വരുന്നതോടെ അനുമതിയില്ലാതെ തന്നെ ഇതു സാധ്യമാകും.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ