അഭയാർഥികൾക്ക് യൂറോപ്യൻ വീസ നൽകാൻ ഇറ്റലി
Monday, July 17, 2017 8:13 AM IST
റോം: അഭയാർഥി പ്രശ്നത്തിൽ മറ്റു യൂറോപ്യൻ രാജ്യങ്ങൾ സഹകരിക്കാത്ത സാഹചര്യത്തിൽ ഇറ്റലി കടുത്ത നടപടിക്കൊരുങ്ങുന്നു. രാജ്യത്തെത്തിയ അഭയാർഥികളിൽ രണ്ടു ലക്ഷം പേർക്ക് താത്കാലിക യൂറോപ്യൻ യൂണിയൻ വീസ അനുവദിക്കുമെന്നാണ് മുന്നറിയിപ്പ്.

വീസ ലഭിക്കുന്നവർക്ക് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ എവിടേക്കു വേണമെങ്കിലും നിർബാധം യാത്ര ചെയ്യാം. അഭയാർഥികളെ സ്വീകരിക്കാനുള്ള ക്വോട്ട പോലും പല രാജ്യങ്ങളും അംഗീകരിക്കാത്ത സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നടപടി ആലോചിക്കുന്നത്.

മറ്റു രാജ്യങ്ങൾ സഹായിക്കുന്നില്ലെങ്കിൽ ഇനി അഭയാർഥികളുമായി വരുന്ന ബോട്ടുകൾ തീരത്ത് അടുക്കാൻ അനുവദിക്കില്ലെന്നു നേരത്തെ മുന്നറിയിപ്പു നൽകിയിരുന്നെങ്കിലും ഫലം കണ്ടില്ല. ഈ വർഷം മാത്രം എണ്‍പതിനായിരത്തോളം അഭയാർഥികളാണ് മെഡിറ്ററേനിയൻ കടൽ കടന്ന് ഇറ്റലിയിലെത്തിയിരിക്കുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ