മലയാളത്തിന്‍റെ പ്രിയതാരങ്ങൾക്ക് കാൻജിന്‍റെ ആദരവ്
Wednesday, July 18, 2018 5:43 PM IST
ന്യൂജേഴ്ണ്സി : കേരള അസോസിയേഷൻ ഓഫ് ന്യൂജേഴ്സി (കാൻജ്) പ്രമുഖ മലയാളി താരങ്ങളെ ആദരിച്ചു. മലയാളത്തിന്‍റെ നിത്യഹരിത നായിക ഷീല, പ്രമുഖ ഗസൽ ഗായകൻ രമേശ് നാരായണൻ, നടൻ ജഗദീഷ്, ദേശീയ അവാർഡ് ജേതാവ് സുരഭി ലക്ഷ്മി, പ്രമുഖ ഗായിക രഞ്ജിനി ജോസ്, പ്രമുഖ ഗായിക മധുശ്രീ, വിനോദ് കോവൂർ, അനീഷ് രവി,അനു ജോസഫ്, ഗായകൻ സുനിൽ കുമാർ തുടങ്ങിയവർ അടങ്ങുന്ന മലയാള സിനിമാ സീരിയൽ പ്രവർത്തകരെയാണ് ഹോട്ടൽ എഡിസണിൽ നടന്ന ചടങ്ങിൽ ആദരിച്ചത്.

ന്യൂ ജേഴ്സിയിലെ ഒരു കൂട്ടം സിനിമാ പ്രേമികൾ പങ്കെടുത്ത ചടങ്ങിലേക്ക് പ്രസിഡന്‍റ് ജയിംസ് ജോർജ് ഏവരേയും സ്വാഗതം ആശംസിച്ചു. പഴയ കാലത്തെയും പുതിയ കാലത്തെയും സിനിമാ വിശേഷങ്ങൾ പങ്കു വച്ച വേദിയിൽ സദസിൽ നിന്നുള്ള ചോദ്യങ്ങൾക്ക് ഷീലയും ജഗദീഷും സുരഭിയും അടക്കമുള്ള താരങ്ങൾ മറുപടി പറഞ്ഞു. കാൻജിന്‍റെ പ്രമുഖ നേതാവ് അനിയൻ ജോർജ് നയിച്ച ചോദ്യോത്തരവേള സിനിമാ പ്രവർത്തകരുടെയും സദസ്യരുടെയും പങ്കാളിത്തം കൊണ്ട് ശബ്ദമുഖരിതമായി. ചെമ്മീൻ മുതലിങ്ങോട്ടുള്ള പഴയകാല സിനിമകളും പുതു തലമുറയിലെ സിനിമകളും മനസിൽ സൂക്ഷിക്കുന്ന മലയാളിക്ക് ചടങ്ങ് മറക്കാൻ സാധിക്കാത്ത ഒരു സായാഹ്നമായി മാറി. കാൻജിന്‍റെ വകയായുള്ള സ്നേഹസമ്മാനങ്ങളും താരങ്ങൾ ഏറ്റു വാങ്ങി.

പ്രസിഡന്‍റ് ജയിംസ് ജോർജ്, ജനറൽ സെക്രട്ടറി ദീപ്തി നായർ, ട്രഷറർ ജോസഫ് ഇടിക്കുള, ജോയിന്‍റ് ട്രഷറർ ബൈജു വർഗീസ്, വൈസ് പ്രസിഡന്‍റ് ജയൻ എം ജോസഫ്, ജോയിന്‍റ് സെക്രട്ടറി ജിനേഷ് തന്പി, സഞ്ജീവ്കുമാർ കൃഷ്ണൻ (പബ്ലിക് ആൻഡ് സോഷ്യൽ അഫയേഴ്സ്), ജൂഡി പോൾ (യൂത്ത് അഫയേഴ്സ്), സ്വപ്ന രാജേഷ് എന്നിവരെ കൂടാതെ ഫോമാ ട്രഷറർ ഷിനു ജോസഫ്, ട്രസ്റ്റി ബോർഡ് ചെയർ പേഴ്സണ്‍ ആനി ജോർജ്, ട്രസ്റ്റി ബോർഡ് മെംബറും ഫോമാ മുൻ ജനറൽ സെക്രട്ടറിയുമായ ജിബി തോമസ് മോളോപറന്പിൽ, മാലിനി നായർ, റോയ് മാത്യു കൂടാതെ ദിലീപ് വർഗീസ്, അനിയൻ ജോർജ്, അലക്സ് കോശി വിളനിലം, സജി പോൾ,പിന്േ‍റാ കണ്ണന്പള്ളിൽ, മലയാളി അസോസിയേഷൻ ഓഫ് സ്റ്റാറ്റൻ ഐലൻഡ് പ്രസിഡന്‍റ് റോഷൻ മാമ്മൻ, ജയ്സണ്‍ അലക്സ്, അലക്സ് ജോണ്‍, ജോണ്‍ തോമസ്, രാജൻ ചീരൻ,സജി എബ്രഹാം, ജോണ്‍ ജോർജ്,ഷോണ്‍ ഡേവിസ്, സണ്ണി വാളിപ്ലാക്കൽ, സുനിത അനീഷ്, ശർമിള ജോർജ്, ഷീബ ജെയിംസ്, മഹേഷ് കുമാർ,ജിനു അലക്സ്,ബാബു ജോസ് തുടങ്ങിയ പ്രമുഖരും പങ്കെടുത്തു.

റിപ്പോർട്ട് : ഇടിക്കുള ജോസഫ്