കണക്ടിക്കട്ടിൽ വൻ മയക്കുമരുന്നുവേട്ട: രണ്ടു ദിവസംകൊണ്ട് പിടിയിലായത് 90 പേർ
Saturday, August 18, 2018 5:54 PM IST
കണക്റ്റിക്കട്ട് : ന്യുഹെവൻ പാർക്കിൽ നിന്നും ഓഗസ്റ്റ് 15, 16 തീയതികളിലായി സിന്തറ്റിക്ക് കഞ്ചാവ് ഉപയോഗിച്ചു (Synthetic Marijuna) അബോധവസ്ഥയിൽ കഴിഞ്ഞിരുന്ന 90 പേരെ പിടികൂടിയതായി ന്യുഹെവൻ ഫയർ ചീഫ് ജോൺ ആൾസ്റ്റൺ പത്രസമ്മേളനത്തിൽ വെളിപ്പെടുത്തി.

ബുധനാഴ്ച മാത്രം 72 പേരെയാണ് ഇവിടെ നിന്നും ആശുപത്രിയിലേക്ക് മാറ്റിയത്. നാലു പേർ ചികിത്സ നിഷേധിച്ചു. വ്യാഴാഴ്ച 19 പേരേയും പിടികൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ന്യുഹെവൻ എമർജൻസി ഓപ്പറേഷൻ ഡയറക്ടർ അറിയിച്ചു.

സിറ്റിയിലെ ഡൗൺ ടൗണിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയതാണ് ന്യു ഹെവൻ ഗ്രീൻ പാർക്ക്. K2 പോലുള്ള മനുഷ്യ നിർമിത രാസപദാർഥങ്ങൾ കഞ്ചാവ് ഇലകളിൽ തളിച്ചു. ഇ– സിഗററ്റിലോ, സാധാരണ സിഗററ്റിലോ ഉപയോഗിച്ചാണ് അബോധാവസ്ഥയിലാകുന്നതെന്ന് പോലീസ് പറഞ്ഞു. ഇവരിൽ നിന്നും പിടികൂടിയ മയക്കു മരുന്ന് രാസപരിശോധനയ്ക്കായി അയച്ചു.

മയക്കു മരുന്നിന്‍റെ ഉപയോഗം വർധിച്ചു വരുന്നതിൽ ആശങ്കയുണ്ടെന്ന് ന്യുഹെവൻ മേയർ ടോണി ഹാർവ് പറഞ്ഞു. വ്യത്യസ്ത പ്രായത്തിലുള്ളവരും വിവാദത്തിൽ പെട്ടവരുമാണ് പാർക്കിൽ നിന്നും രണ്ടു ദിവസത്തിനുള്ളിൽ പിടികൂടിയത്. മരണം സംഭവിച്ചിട്ടില്ലെങ്കിലും രണ്ടു പേരുടെ നില ഗുരുതരമാണ്. വ്യത്യസ്ത കാരണങ്ങളാൽ മയക്കു മരുന്നിനടിമകളാകുന്നത് രാജ്യം നേരിടുന്ന വലിയ വിപത്താണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

റിപ്പോർട്ട്: പി.പി. ചെറിയാൻ