ഫിർദൗസ് ഡോർഡിയെ സുപ്പീരിയർ കോടതി ജഡ്ജിയായി നിയമിച്ചു
Wednesday, January 11, 2017 8:36 AM IST
ലോസ്ആഞ്ചലസ്: ഇന്ത്യൻ അമേരിക്കൻ വംശജനും പാർസിയുമായ അറ്റോർണി ഫിർദൗസ് ഡോർഡിയെ (46) ലോസ്ആഞ്ചലസ് സുപ്പീരിയർ കോടതി ജഡ്ജിയായി ഗവർണർ ജെറി ബ്രൗൺ നിയമിച്ചു. രാജ്യത്തെ സുപ്പീരിയർ കോടതിയിൽ നിയമനം ലഭിക്കുന്ന ആദ്യ പാർസിയാണ് അറ്റോർണി ഫിർദൗസ് ഡോർഡി. ലോസ്ആഞ്ചലസിൽ നിയമനം ലഭിക്കുന്ന അഞ്ചാമത്തെ സൗത്ത് ഏഷ്യൻ സ്റ്റേറ്റ് കോർട്ട് ജഡ്ജിയെന്ന പദവിയും ഡോർഡിക്ക് ലഭിച്ചു.

ഇമിഗ്രന്റ് എന്ന നിലയിൽ ഈ രാജ്യം നൽകിയ വലിയ പദവിയും അംഗീകാരവുമാണിതെന്ന് ഡോർഡി പറഞ്ഞു. സൗത്ത് ഏഷ്യൻ സമൂഹവുമായി വളരെയടുത്ത സുഹൃദ്ബന്ധം സ്‌ഥാപിച്ചിട്ടുള്ള ഡോർഡി നിയമം നിഷേധിക്കപ്പെടുന്നവരുടേയും പീഡിതരുടേയും സഹായത്തിന് എന്നും മുൻ പന്തിയാലായിരുന്നു. ഇന്ത്യയിൽ നിന്നും മാതാപിതാക്കളോടൊപ്പം കുടിയേറിയ ഡോർഡി യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയ, ലയോള ലൊ സ്കൂൾ എന്നിവിടങ്ങളിലാണ് നിയമപഠനം പൂർത്തീകരിച്ചത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ