ഫൈൻ ആർട്സിനു പുതിയ ഭരണസമിതി
Sunday, January 21, 2018 3:16 PM IST
ന്യൂജഴ്സി: അമേരിക്കയിലെ കലാരംഗത്തു ശക്തമായ സാന്നിധ്യമായി മലയാളി മനസുകൾ കീഴടക്കിയ ഫൈൻ ആർട്സ് മലയാളം പതിനേഴാം വയസിലേക്ക്. പതിനേഴിന്‍റെ ചുറുചുറുക്കോടെ മുന്നേറുന്ന ഫൈൻ ആർട്സിനെ നയിക്കാൻ പുതിയ ഭരണസമിതിയെ വാർഷിക പൊതുയോഗത്തിൽ വച്ചു തെരഞ്ഞെടുത്തു. എഡിസണ്‍ ഏബ്രഹാം ആണു പ്രസിഡന്‍റ്. റോയി മാത്യു (സെക്രട്ടറി), ടീനോ തോമസ് (ട്രഷറർ). കമ്മിറ്റി അംഗങ്ങൾ: സജിനി സഖറിയ, റെഞ്ചി കൊച്ചുമ്മൻ, ജോർജ് തുന്പയിൽ. ഓഡിറ്റർ സിബി ഡേവിഡ്. ഫൈൻ ആർട്സിന്‍റെ ഉപജ്ഞാതാവും മാർദർശിയുമായ പി.ടി. ചാക്കോ (മലേഷ്യ) സ്ഥിരം രക്ഷാധികാരിയാണ്.

സ്തുത്യർഹമായി രണ്ടുവർഷം സേവനം അനുഷ്ഠിച്ച ഭരണസമിതി അംഗങ്ങളെ പൊതുയോഗം അനുമോദിച്ചു. അമേരിക്കയിലെ കലാരംഗത്ത് സ്വന്തമായി കൈയ്യൊപ്പുള്ള ഫൈൻ ആർട്സ് ഇപ്പോൾ തുടർന്നുവരുന്ന മാനദണ്ഡങ്ങളും കീഴ്വഴക്കങ്ങളുമായി തന്നെ മുന്പോട്ടുപോയാൽ മതിയെന്നും തീരുമാനിച്ചു. കൂടുതൽ പ്രോഗ്രാമുകളുടെ പിറകെ പോകുന്നതിനു പകരം ചെയ്യുന്നവ സമയക്ലിപ്തതയോടെ എല്ലാവർക്കും പങ്കെടുത്തു പോകാൻ പറ്റുന്ന രീതിയിൽ പിന്തുടരുന്നതാണു നല്ലതെന്ന് യംഗം അഭിപ്രായപ്പെട്ടു.

പദ്മഭൂഷണ്‍ ഡോ. കെ.ജെ. യേശുദാസ് 2001-ൽ ഭദ്രദീപം തെളിയിച്ച് ഉദ്ഘ്ടാനം ചെയ്ത ഫൈൻ ആർട്സ് മലയാളം ഇതിനോടകം നാടകം, നൃത്തം, ചരിത്രാവിഷ്കാരം തുടങ്ങി വിവിധ കലാരൂപങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

റിപ്പോർട്ട്: ജോർജ് തുന്പയിൽ