സൗത്ത് കരോളൈന ജയിലിൽ കലാപത്തിൽ 7 പേർ കൊല്ലപ്പെട്ടു; 17 പേർക്കു പരുക്ക്
Tuesday, April 17, 2018 4:36 PM IST
സൗത്ത് കരോളൈന: സൗത്ത് കരോളൈനയിലെ കൊടുംക്രിമിനലുകളെ പാർപ്പിച്ചിരിക്കുന്ന ഏറ്റവും സുരക്ഷിതത്വമുള്ള ജയിൽ ഞായറാഴ്ച വൈകിട്ട് 7.30 നുശേഷം നടന്ന കലാപത്തിൽ ഏഴു ജയിൽ പുള്ളികൾ കൊല്ലപ്പെടുകയും 17 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ഏപ്രിൽ 16 തിങ്കളാഴ്ച ലി കൗണ്ടി കൊറോണർ ലാറി ലോഗൻ പറഞ്ഞു. ജയിലധികൃതരിൽ ആർക്കും പരുക്കില്ല.

കൈയിൽ കിട്ടിയ കത്തികളുമായാണ് പ്രതികൾ പരസ്പരം ഏറ്റുമുട്ടിയത്. 1993 മുതൽ തുറന്ന ഈ ജയിലിൽ 1,500 പ്രതികളെയാണ് പാർപ്പിച്ചിരിക്കുന്നത്. 25 വർഷത്തിനുള്ളിൽ അമേരിക്കയിൽ നടക്കുന്ന ഏറ്റവും വലിയ കലാപമാണിത്.

ഗുണ്ടാ സംഘാംഗങ്ങൾ തമ്മിലുള്ള പകയാണ് കലാപത്തിലേക്ക് നയിച്ചതെന്ന് പറയപ്പെടുന്നു.കലാപത്തിൽ കൊല്ലപ്പെട്ടവരുടെ വിശദവിവരങ്ങൾ പൊലീസ് വെളിപ്പെടുത്തി.കലാപം അമർച്ച ചെയ്യുന്നതിൽ പങ്കെടുത്ത എല്ലാവരും സുരക്ഷിതരാണെന്നും പൊലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ചു ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

റിപ്പോർട്ട്: പി.പി.ചെറിയാൻ