ഇന്തോനേഷ്യൻ പോലീസ് ആസ്ഥാനത്തു തോക്കുചൂണ്ടിയ വനിതയെ വെടിവച്ചുകൊന്നു
Wednesday, March 31, 2021 11:43 PM IST
ജക്കാർത്ത: ഇന്തോനേഷ്യയിലെ ദേശീയ പോലീസ് ആസ്ഥാനത്തു വെടിവയ്പിനു ശ്രമിച്ച വനിതയെ വധിച്ചു. സംഭവത്തിനു ഭീകരബന്ധമുണ്ടെന്നു സംശയിക്കുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഓശാനഞായർ തിരുക്കർമങ്ങൾക്കിടെ കത്തോലിക്ക കത്തീഡ്രലിനെ ലക്ഷ്യംവച്ച സ്ഫോടനത്തിനു പിന്നാലെ രാജ്യം കനത്ത ജാഗ്രതയിലായിരുന്നു.
നീളൻ കുപ്പായവും മുഖാവരണവും ധരിച്ചു ജക്കാർത്തയിലെ പോലീസ് ഹെഡ്ക്വാർട്ടേഴ്സിൽ പ്രവേശിച്ച വനിതയാണ് ആക്രമണത്തിനു ശ്രമിച്ചത്. പോലീസ് മേധാവിയുടെ ഓഫീസ് കെട്ടിടത്തിനു സമീപമുള്ള പാർക്കിംഗ് മേഖലയിലൂടെ നടന്ന യുവതി തോക്കെടുത്തു പോലീസുകാർക്കു നേർക്കു ചൂണ്ടുകയായിരുന്നു. ഉടൻതന്നെ പോലീസുകാർ വെടിവച്ചുകൊന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇന്തോനേഷ്യൻ ചാനലുകൾ സംപ്രേഷണം ചെയ്തു.
സുലവേസി ദ്വീപിലെ മകാസാറിലുള്ള യേശുവിന്റെ തിരുഹൃദയ കത്തീഡ്രലിനു മുന്നിൽ ദന്പതികൾ നടത്തിയ ചാവേർ ബോംബ് ആക്രമണത്തിൽ 20 പേർക്കു പരിക്കേറ്റിരുന്നു. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ജമാ അൻഷാറുത് ദൗള എന്ന സംഘടനയായിരുന്നു ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചത്.
തുടർ ആക്രമണങ്ങൾക്കു സാധ്യതയുണ്ടെന്നും പോലീസ് ആസ്ഥാനങ്ങളും ആരാധനാലയങ്ങളും ലക്ഷ്യകേന്ദ്രങ്ങളാകാമെന്നും പോലീസ് മുന്നറിയിപ്പു പുറപ്പെടുവിച്ചിരുന്നു.