വി.ഡി. സതീശന് 150 കോടി കോഴ വാങ്ങിയെന്ന ആരോപണം; ഹര്‍ജിയില്‍ കോടതി വിധി ഇന്ന്
Thursday, April 18, 2024 9:48 AM IST
തിരുവനന്തപുരം: കെ-റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി അട്ടിമറിക്കാന്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് 150 കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഇന്ന് വിധി പറയും.
കേസെടുക്കുന്നതില്‍ സര്‍ക്കാര്‍ മറുപടി ലഭിക്കാത്തതിനെ തുടര്‍ന്നാണ് വിധി പറയാന്‍ ഹര്‍ജി ഇന്നത്തേക്ക് മാറ്റിവെച്ചത്. വ്യാഴാഴ്ച മറുപടി നല്‍കണമെന്നാണ് കോടതിയുടെ നിര്‍ദേശം.
കെ-റെയില്‍ പദ്ധതി അട്ടിമറിക്കാന്‍ സതീശന് ഇതര സംസ്ഥാന ലോബികളില്‍ നിന്നും കൈക്കൂലി വാങ്ങിയെന്ന് നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വര്‍ നിയമസഭയില്‍ ആരോപിച്ചിരുന്നു. കെ റെയില്‍ വന്നിരുന്നെങ്കില്‍ കേരളത്തിലെ ഐടി രംഗം കുതിച്ചുയരുകയും ഹൈദരാബാദിലെയും ബംഗളുരുവിലെയും ഐടി തകര്‍ന്നു പോകുമായിരുന്നു. 2050 ആകുമ്പോള്‍ കമ്പനികള്‍ പൂട്ടിപ്പോകുമെന്ന് മനസിലാക്കിയ ഐടി കമ്പനിക്കാര് സതീശന് 150 കോടി രൂപ നല്‍കിയെന്നാണ് അന്‍വര്‍ ഉന്നയിച്ചത്.
അന്‍വറിന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ കേരളാ കോണ്‍ഗ്രസ് -എം നേതാവ് എ.എച്ച്. ഹഫീസ് വിജിലന്‍സ് ഡയറകര്‍ക്ക് പരാതി നല്‍കിയിരുന്നു. വിജിലന്‍സ് അന്വേഷണം നടത്താതെ വന്നതോടെ പരാതിക്കാരന് കോടതിയെ സമീപിക്കുകയായിരുന്നു.
നിയമസഭാ പ്രസംഗത്തിന് സഭയുടെ പ്രിവിലേജ് ഉള്ളതിനാല്‍ കേസെടുക്കാന്‍ ബുദ്ധിമുട്ടാണെന്ന് നിയമോപദേശം ലഭിച്ചതായി വിജിലന്‍സ് കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ കേസെടുക്കുന്നതില്‍ അനുമതി ആവശ്യമില്ലെന്ന് വ്യക്തമാക്കുന്ന നിയമസഭാ സെക്രട്ടറിയേറ്റിന്റെ കത്ത് ഹര്ജിക്കാരന് കോടതിക്ക് കൈമാറി.
എന്ത് തെളിവാണ് കൈവശമുളളതെന്നും തെളിവില്ലാതെ ആരോപണമുന്നയിക്കുന്നത് ശരിയല്ലെന്നും കഴിഞ്ഞതവണ കേസ് പരിഗണിച്ചോള്‍ കോടതി ഹര്‍ജിക്കാരനോട് പറഞ്ഞിരുന്നു.
ആരോപണം കേട്ട് ഞാന്‍ ചിരിക്കണോ അതോ മുഖ്യമന്ത്രിയുടെ ഗതികേട് ഓര്‍ത്ത് കരയണോ എന്നായിരുന്നു വിഷയത്തില്‍ സതീശന്റെ പ്രതികരണം. ആരോപണം ഉന്നയിച്ച ആളെ കുറിച്ച് ഞാന്‍ ഒന്നും പറയുന്നില്ല. ഇതില്‍ കൂടുതലൊന്നും അയാളില്‍ നിന്നും പ്രതീക്ഷിക്കുന്നില്ല. ഇത്തരം ഒരു ആരോപണം നിയമസഭയില്‍ അവതരിപ്പിക്കാന്‍ അനുവാദം കൊടുത്തവരോട് തനിക്ക് സഹതാപം തോന്നുന്നുവെന്നും സതീശന് പറഞ്ഞിരുന്നു.