കീവീസിന് ലീഡ്; ലങ്ക പൊരുതുന്നു
Friday, September 20, 2024 8:19 PM IST
ഗാലെ: ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ ന്യൂസിലൻഡിന് ലീഡ്. സ്കോർ: ശ്രീലങ്ക 305, 274/4 ന്യൂസിലൻഡ് 340. ഒന്നാം ഇന്നിംഗ്സിൽ ലങ്ക ഉയർത്തിയ 305 റൺസിന് മറുപടി ബാറ്റിംഗ് ആരംഭിച്ച കീവീസ് 340 റൺസിന് എല്ലാവരും പുറത്തായി.
35 റൺസ് ലീഡു വഴങ്ങി രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗ് ആരംഭിച്ച ലങ്ക നാലു വിക്കറ്റ് നഷ്ടത്തിൽ 274 റൺസ് എന്ന നിലയിലാണ്. ആറു വിക്കറ്റ് കൈയിലിരിക്കെ ശ്രീലങ്കയ്ക്ക് 202 റൺസിന്റെ ലീഡുണ്ട്. ദിമുത് കരുണരത്നെ (83), ദിനേശ് ചണ്ഡിമൽ(61) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു.
34 റൺസുമായി ആഞ്ചലോ മാത്യൂസും ക്യാപ്റ്റൻ ധനഞ്ജയ ഡി സിൽവയുമാണ് ക്രീസിൽ. ഒന്നാം ഇന്നിംഗ്സിൽ കീവീസിനായി ടോം ലാതം(70), വില്യംസൺ (55),ഡാരിൽ മിച്ചൽ(57) എന്നിവർ അർധസെഞ്ചുറി നേടി. ലങ്കയ്ക്കായി പ്രഭാത് ജയസൂര്യ നാലും രമേഷ് മെൻഡിസ് മൂന്നും വിക്കറ്റ് നേടി.
ശ്രീലങ്കയ്ക്കായി ഒന്നാം ഇന്നിംഗ്സിൽ കമിന്ദു മെൻഡിസ്(114) റൺസും വിക്കറ്റ് കീപ്പർ കുശാൽ മെൻഡിസ് (50) റൺസും നേടി. ന്യൂസിലൻഡിനായി വിൽ ഒറൂർക്ക് അഞ്ചു വിക്കറ്റ് നേടിയിരുന്നു.