തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവം: മുഖ്യമന്ത്രിയുടെ ഉറപ്പ് വെറുംവാക്കായി; അന്വേഷണം നടത്തിയിട്ടില്ലെന്ന് വിവരാവകാശരേഖ
Friday, September 20, 2024 3:05 PM IST
തൃശൂർ: പൂരം അലങ്കോലപ്പെട്ട സംഭവത്തെക്കുറിച്ച് പോലീസ് ഇതുവരെയും അന്വേഷണം നടത്തിയില്ലെന്ന് വിവരാവകാശരേഖ. ഇതോടെ പൂരം അലങ്കോലപ്പെട്ട സംഭവം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ് വെറും വാക്കായി.
പോലീസ് പൂരം കലക്കിയെന്ന സംഭവത്തെക്കുറിച്ചുള്ള അന്വേഷണം എന്തായെന്ന് ഒരു സ്വകാര്യ ചാനൽ നൽകിയ വിവരാവകാശ ചോദ്യത്തിനുള്ള മറുപടിയായാണ് അന്വേഷണം തുടങ്ങിയിട്ടില്ല എന്ന ഉത്തരം രേഖാമൂലം ലഭിച്ചത്. ഇതോടെ പൂരം അട്ടിമറി സംബന്ധിച്ച സംശയങ്ങൾ കൂടുതൽ ബലപ്പെടുകയാണ്. എന്തുകൊണ്ട് പോലീസ് ഇത് അന്വേഷിച്ചില്ല എന്നതിനു വരും ദിവസങ്ങളിൽ സർക്കാർ ഉത്തരം പറയേണ്ടി വരും.
പൂരം തടസപ്പെട്ടതിനെ സംബന്ധിച്ച് അന്വേഷണം നടക്കുന്നതായി അറിവില്ലെന്നാണ് സംസ്ഥാന പോലീസ് മേധാവിയുടെ ഓഫീസിൽ നിന്നുള്ള മറുപടി. പൂരം അലങ്കോലപ്പെട്ടതിനെ സംബന്ധിച്ച് അന്വേഷണം നടക്കുന്നു എന്നാണ് ഇതുവരെയും മുഖ്യമന്ത്രിയും സർക്കാരും സിപിഎമ്മും എല്ലാം പറഞ്ഞിരുന്നത്. ഇപ്പോൾ വിവരാവകാശരേഖ പുറത്തുവന്നതോടെ പാർട്ടിയും സർക്കാരും മുഖ്യമന്ത്രിയും എല്ലാം പറഞ്ഞതു കളവാണെന്നു തെളിഞ്ഞിരിക്കുകയാണ്.
തൃശൂർ ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഐക്കുണ്ടായ കനത്ത തിരിച്ചടിക്കു കാരണം തൃശൂർ പൂരം അലങ്കോലപ്പെട്ടതാണെന്ന് ആരോപണമുയർന്നിരുന്നു. അന്വേഷണം ആവശ്യപ്പെട്ട ഘടകകക്ഷികളോടും മുഖ്യമന്ത്രി അന്വേഷണം നടക്കുന്നു എന്നാണ് വിശ്വസിപ്പിച്ചിരുന്നത്.
സംസ്ഥാന പോലീസും തൃശൂർ സിറ്റി പോലീസും സംഭവത്തെക്കുറിച്ച് അന്വേഷിച്ചിട്ടില്ല എന്നാണ് പുറത്തുവന്ന വിവരാവകാശ രേഖ വ്യക്തമാക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പാണ് തൃശൂർ പൂരം രാത്രി അലങ്കോലപ്പെട്ടതും വെടിക്കെട്ട് അനന്തമായി നീണ്ടതും.
ഏപ്രില്‍ 21ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നിറക്കിയ വാര്‍ത്താക്കുറിപ്പില്‍ തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്നും തൃശൂര്‍ കമ്മീഷണറെ മാറ്റുമെന്നും പോലീസിന്റെ നടപടികള്‍ക്കെതിരായ പരാതികള്‍ സംസ്ഥാന മേധാവി അന്വേഷിക്കുമെന്നും ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കുമെന്നുമാണ് പറഞ്ഞിരുന്നത്.
ഇപ്പോള്‍ ആരോപണ വിധേയനായ എഡിജിപി എം.ആര്. അജിത്കുമാറിനായിരുന്നു അന്വേഷണ ചുമതല. തൃശൂർ പ്രസ് ക്ലബ്ബിന്റെ അന്നത്തെ സെക്രട്ടറി, തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ എന്നിവരിൽനിന്ന് എഡിജിപി മൊഴിയെടുത്തിരുന്നു. എന്നാൽ ഇതിനപ്പുറത്തേക്ക് അന്വേഷണം നീണ്ടില്ല.
ആർഎസ്എസ് മേധാവിയും ഡിജിപിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയതും പൂരം അലങ്കോലപ്പെടുത്തി ഹൈന്ദവ വികാരം ബിജെപിക്ക് അനുകൂലമാക്കാനും ഗൂഢാലോചന നടന്നു തുടങ്ങിയ ആരോപണങ്ങൾ ശക്തമായിരിക്കുന്നതിനിടെയാണ് ഇപ്പോൾ പൂരം അലങ്കോലപ്പെട്ട സംഭവം അന്വേഷിച്ചിട്ടേയില്ല എന്ന പോലീസിന്റെ മറുപടി വരുന്നത്.
പൂരം മുടങ്ങിയതിനേക്കുറിച്ച് അന്വേഷിച്ചിട്ടുണ്ടോ, ഉണ്ടങ്കില്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ. ഈ കാര്യങ്ങളാണ് സ്വകാര്യ ചാനൽ പോലീസ് ആസ്ഥാനത്ത് നല്കിയ വിവരാവകാശ ചോദ്യത്തില്‍ ഉന്നയിച്ചത്. അതിനു ലഭിച്ച മറുപടി ഇപ്രകാരമാണ് - അങ്ങിനെയൊരു അന്വേഷണത്തേക്കുറിച്ചുള്ള വിവരങ്ങള്‍ ഇവിടത്തെ ഓഫീസിലില്ല. കൃത്യമായ മറുപടിക്കായി തൃശൂര്‍ സിറ്റി പോലീസിന് അയച്ചു നല്കുന്നു.
മുഖ്യമന്ത്രി ഡിജിപി അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ച സംഭവത്തെക്കുറിച്ച് ഡിജിപിയുടെ ഓഫീസും പോലീസ് ആസ്ഥാനവും അറിഞ്ഞിട്ടില്ല എന്നാണ് മറുപടി വ്യക്തമാക്കുന്നത്. പൂരം മുടങ്ങിയ സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയോ അത് സംബന്ധിച്ച് റിപ്പോർട്ട് നൽകിയ ചെയ്തിട്ടില്ല എന്നാണ് തൃശൂർ സിറ്റി പോലീസും മറുപടി നൽകിയത്. അപ്പോൾ മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണം എന്തായി എന്ന് ചോദ്യമാണ് ബാക്കിയാവുന്നത്.
പൂരം കലക്കിയതാര് എന്ന അന്വേഷണ റിപ്പോർട്ട് കാത്തിരിക്കുകയാണ് സിപിഐ. തൃശൂർ ലോക്സഭാ മണ്ഡലത്തിൽ ബിജെപിക്ക് മികച്ച വിജയം നേടിക്കൊടുത്തത് മുന്നിൽ അട്ടിമറികൾ നടന്നിട്ടുണ്ട് എന്ന് സിപിഐ കരുതുന്നതിനിടയാണ് അന്വേഷണം പ്രഖ്യാപനത്തിൽ മാത്രം സർക്കാർ ഉരുണ്ടു കളിക്കുന്നത്.