ഏകദിന പരന്പര: ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനെ തകർത്ത് ഓസ്ട്രേലിയ
Friday, September 20, 2024 5:12 AM IST
ലണ്ടൻ: ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ഏകദിന ക്രിക്കറ്റ് പരന്പരയിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയ്ക്ക് ജയം. ഏഴ് വിക്കറ്റിനാണ് ഓസീസ് വിജയിച്ചത്. സെഞ്ചുറി നേടി ഓസീസിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ച ട്രാവിസ് ഹെഡാണ് മത്സരത്തിലെ താരം.
ട്രെന്റ്ബ്രിഡ്ജ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ടാണ് ആദ്യം ബാറ്റ് ചെയ്തത്. 315 റൺസാണ് ഇംഗ്ലണ്ട് എടുത്തത്. 95 റൺസെടുത്ത ബെൻ ഡക്കറ്റിന്റെയും 62 റൺസെടുത്ത വിൽ ജാക്ക്സിന്റെയും മികവിൽ ഇംഗ്ലണ്ട് മികച്ച സ്കോറിലെത്തിയത്. 39 റൺസെടുത്ത നാസകൻ ഹാരി ബ്രൂക്കും 35 റൺസെടുത്ത ബെതെല്ലും തിളങ്ങി.
ഓസ്ട്രേലിയയ്ക്ക് വേണ്ടി ആദം സാംപയും ലബുഷെയ്നും മൂന്ന് വിക്കറ്റ് വീതം നേടി. ട്രാവിസ് ഹെഡ് രണ്ട് വിക്കറ്റും മാത്യു ഷോർട്ടും ഡ്വാർഷുസും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ ആറോവർ ബാക്കിനിൽക്കെ വിജയലക്ഷ്യം മറികടന്നു. 154 റൺസെടുത്ത് പുറത്താവാതെ നിന്ന ട്രാവിസ് ഹെഡിന്റെയും 77 റൺസെടുത്ത മാർനസ് ലബുഷെയ്ന്റെയും ഗംഭീര പ്രകടനമാണ് ഓസീസിനെ വിജയത്തിലെത്തിച്ചത്. സ്റ്റീവൻ സ്മിത്തും കാമറൂൺ ഗ്രീനും 32 റൺസും നായകൻ മിച്ചൽ മാർഷ് 10 റൺസും എടുത്തു.
വിജയത്തോടെ ഏകദിന പരന്പരയിൽ ഓസ്ട്രേലിയ മുന്നിലെത്തി. ശനിയാഴ്ചയാണ് പരന്പരയിലെ രണ്ടാം മത്സരം.