തൃശൂര്‍പൂരം കലക്കിയതിലെ അന്വേഷണം: തെറ്റായ മറുപടി നൽകിയ ഡിവൈഎസ്പിക്ക് സസ്പെൻഷൻ
Friday, September 20, 2024 10:16 PM IST
തിരുവനന്തപുരം: തൃശൂര്‍പൂരം കലക്കൽ വിവാദവുമായി ബന്ധപ്പെട്ട് വിവരാവകാശ അപേക്ഷയ്ക്ക് തെറ്റായ വിവരങ്ങൾ നൽകിയ ഡിവൈഎസ്പിയെ സസ്പെൻഡു ചെയ്തു. പോലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറും എൻആർഐ സെൽ ഡിവൈഎസ്പിയുമായ എം.എസ്.സന്തോഷിനെയാണ് സസ്പെന്‍ഡ് ചെയ്തത്.
തൃശൂർപൂരം സംബന്ധിച്ച അന്വേഷണവുമായി ബന്ധപ്പെട്ട വിവരാവകാശ അപേക്ഷയ്ക്ക് തെറ്റായ മറുപടി നൽകി സർക്കാരിനും പോലീസ് സേനയ്ക്കും കളങ്കമുണ്ടാക്കിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പൂരം അലങ്കോലപ്പെടുത്തിയതില്‍ ഏതെങ്കിലും തരത്തിലുള്ള അന്വേഷണം നടക്കുന്നുണ്ടോ എന്നുള്ളതായിരുന്നു വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യം.
അന്വേഷണം നടക്കുന്നില്ലെന്നായിരുന്നു ലഭിച്ച മറുപടി. എന്നാല്‍ ഈ അവസരത്തില്‍ എഡിജിപി തലത്തില്‍ അന്വേഷണം പുരോഗമിക്കുന്നുണ്ടായിരുന്നു. ഈ വിവരം മറച്ചുവെച്ചതിനാലാണ് നടപടി. തെറ്റായ മറുപടി സര്‍ക്കാരിനും സേനയ്ക്കും കളങ്കം വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.