ഭക്ഷ്യവിഷബാധ; സഹോദരങ്ങൾ മരിച്ചു
Monday, March 25, 2024 6:02 AM IST
റായ്പുർ: ഛത്തീസ്ഗഡിൽ പ്രായപൂർത്തിയാകാത്ത സഹോദരങ്ങൾ ഭക്ഷ്യവിഷബാധയെ തുടർന്ന് മരിച്ചു. കുടുംബത്തിലെ അഞ്ച് അംഗങ്ങൾ കോർബ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
ഉർഗ പോലീസ് സ്റ്റേഷൻ പരിധിയിലെ ഗിധൗരി ഗ്രാമത്തിലാണ് സംഭവം നടന്നത്. ശ്രാവൺ കുമാർ, ഭാര്യ രാജ്കുമാരി, അവരുടെ മൂന്ന് മക്കളായ ദേവ്രത്, അനന്ത് (ആറ്), അമൃത (മൂന്ന്), കുടുംബത്തിലെ മറ്റ് രണ്ട് കുട്ടികൾ എന്നിവരും ഞായറാഴ്ച രാവിലെ ചായക്കൊപ്പം റൊട്ടി കഴിച്ചിരുന്നു.
ഇതിനു പിന്നാലെ ഇവർ ഛർദ്ദിക്കാൻ തുടങ്ങി. ആരോഗ്യനിലയും വഷളായി. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയ്ക്കിടെ അനന്തും സഹോദരി അമൃതയും മരിച്ചു.
പോലീസ് സംഘം റൊട്ടി, ചായ, മറ്റ് ഭക്ഷണസാധനങ്ങൾ എന്നിവയുടെ സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. ഭക്ഷ്യവിഷബാധയേറ്റാണ് കുടുംബത്തിന് അസുഖം ബാധിച്ചതെന്ന് അവരെ ചികിത്സിച്ച ഡോക്ടർമാർ സംശയിക്കുന്നതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം നടക്കുകയാണ്.