രോഹിത്തിന്റെ സെഞ്ചുറിക്ക് മുംബൈയെ രക്ഷിക്കാനായില്ല; ചെന്നൈയ്ക്ക് ജയം
Sunday, April 14, 2024 11:32 PM IST
മുംബൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് തോറ്റു. 20 റണ്‍സിനായിരുന്നു ചെന്നൈയുടെ ജയം. ഇതോടെ രോഹിത് ശർമയുടെ സെഞ്ചുറി പാഴായി. സ്കോർ:- ചെന്നൈ 206-4 (20), മുംബൈ 186-6 (20)
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈയെ നായകൻ ഋതുരാജ് ഗെയ്ക്വാദും ശിവം ദുംബെയുമാണ് മികച്ച സ്കോറിലെത്തിച്ചത്. ഗെയ്ക്വാദ് 40 പന്തിൽ 69 റണ്‍സെടുത്തപ്പോൾ ദുംബെ പുറത്താകാതെ 38 പന്തിൽ 66 റണ്‍സെടുത്തു.
ഒരിക്കൽ കൂടി മഹേന്ദ്ര സിംഗ് ധോണി ഫിനിഷറുടെ റോളിൽ തിളങ്ങി. അവസാന നാല് പന്തിൽ പുറത്താകാതെ ധോണി 20 റണ്‍സെടുത്തു. മുംബൈയ്ക്കായി നായകൻ ഹാർദിക് പാണ്ഡ്യ രണ്ട് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈയ്ക്കായി രോഹിത് ശർമ തകർപ്പൻ പ്രകടനമാണ് കാഴ്ചവച്ചത്. 63 പന്തിൽ പുറത്താകാതെ രോഹിത്ത് 11 ഫോറും അഞ്ച് സിക്സും ഉൾപ്പെടെ 105 റണ്‍സെടുത്തു. ഒറ്റയാനെ പോലെ രോഹിത് കളം നിറയുന്ന കാഴ്ചയാണ് മുംബൈയിൽ കാണാനായത്.
രോഹിത്തിനെ കൂടാതെ ഇഷാൻ കിഷൻ (23), തിലക് വർമ (31), ടിം ഡേവിഡ് (13) എന്നിവർക്ക് മാത്രമാണ് മുംബൈ നിരയിൽ രണ്ടക്കം കാണാൻ സാധിച്ചത്. ചെന്നൈയ്ക്കായി മതീഷ പതിരണ നാല് വിക്കറ്റ് വീഴ്ത്തി.
ജയത്തോടെ ചെന്നൈ എട്ട് പോയിന്റുമായി പട്ടികയിൽ മൂന്നാം സ്ഥാനാത്താണ്. നാല് പോയിന്റുള്ള മുംബൈ എട്ടാം സ്ഥാനാത്താണ്.