പണമിടപാട് സംബന്ധിച്ച തർക്കം; ലംബോർഗിനി കത്തിച്ച് ഒരുസംഘമാളുകൾ
Tuesday, April 16, 2024 12:30 AM IST
ഹൈദരാബാദ്: ഹൈദരാബാദിൽ വാക്കുതർക്കത്തിനൊടുവിൽ ഒരു സംഘമാളുകൾ ആഡംബര വാഹനമായ ലംബോർഗിനി കത്തിച്ചു. പഴയ കാറുകൾ വാങ്ങുകയും വിൽപ്പന നടത്തുകയും ചെയ്യുന്ന ഒരാളും മറ്റു ചിലരും ചേർന്നാണ് വാഹനം കത്തിച്ചത്.
2009 മോഡൽ ലംബോർഗിനി ഉടമ ഒരു കോടി രൂപയ്ക്ക് വിൽക്കാൻ തീരുമാനിച്ചിരുന്നു. ഇക്കാര്യം തന്റെ കുറച്ച് സുഹൃത്തുക്കളെയും അറിയിച്ചു. സംഭവത്തിലെ മുഖ്യപ്രതി ഉടമയുടെ സുഹൃത്തിനെ വിളിച്ച് കാർ കൊണ്ടുവരാൻ ആവശ്യപ്പെട്ടു.
ഏപ്രിൽ 13 ന് വൈകുന്നേരം നഗരപ്രാന്തത്തിലെ മാമിഡിപ്പള്ളി റോഡിലേക്ക് കാർ കൊണ്ടുവന്നപ്പോൾ, കാറുടമ തനിക്ക് പണം നൽകാനുണ്ടെന്ന് പറഞ്ഞ് ഇയാളും മറ്റ് ചിലരും ചേർന്ന് പെട്രോൾ ഉപയോഗിച്ച് കാർ കത്തിക്കുകയായിരുന്നു.
ഉടമയുടെ സുഹൃത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ, സെക്ഷൻ 435 ഐപിസി (തീയിട്ടോ സ്ഫോടക വസ്തുക്കളോ ഉപയോഗിച്ച് കേടുപാടുകൾ വരുത്താനുള്ള ഉദ്ദേശ്യത്തോടെയുള്ള അതിക്രമം) പ്രകാരം പോലീസ് കേസെടുത്തു.