നിർമാണത്തിലിരുന്ന വീടിന്റെ മേൽക്കൂര തകർന്നു; രണ്ടു തൊഴിലാളികൾക്ക് ദാരുണാന്ത്യം
Tuesday, April 16, 2024 7:07 AM IST
ലക്നോ: ഉത്തർപ്രദേശിൽ നിർമാണത്തിലിരിക്കുന്ന വീടിന്റെ മേൽക്കൂര തകർന്ന് രണ്ട് തൊഴിലാളികൾ മരിക്കുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മുസാഫർനഗറിലെ ടാൽഡ ഗ്രാമത്തിലാണ് സംഭവം.
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ഒരാളുടെ ആരോഗ്യനില ഗുരുതരമാണ്. മോഹിത് (30), പിയൂഷ് (28) എന്നിവരാണ് മരിച്ചതെന്ന് അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് ഡി.കെ. താക്കൂർ മാധ്യമങ്ങളോട് പറഞ്ഞു.
പരിക്കേറ്റവർക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഭരണകൂടത്തിന് നിർദ്ദേശം നൽകി. അതേസമയം, കെട്ടിട ഉടമയെയും കരാറുകാരനെയും പോലീസ് അറസ്റ്റ് ചെയ്തു.
വീട്ടുടമസ്ഥനായ മുർസലിൻ ഖുറേഷിക്കും കരാറുകാരൻ അജബ് സിംഗിനുമെതിരെ സെക്ഷൻ 288 (കെട്ടിടങ്ങൾ പൊളിക്കുന്നതിനോ അറ്റകുറ്റപ്പണി നടത്തുന്നതിനോ ഉള്ള അശ്രദ്ധമായ പെരുമാറ്റം), 304 (മനഃപൂർവമല്ലാത്ത നരഹത്യയ്ക്കുള്ള ശിക്ഷ) എന്നിവ പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ടെന്ന് പോലീസ് സൂപ്രണ്ട് (റൂറൽ) ആദിത്യ ബൻസാൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.