അധിക്ഷേപ പരാമര്‍ശം; രണ്‍ദീപ് സിംഗ് സുര്‍ജേവാലയ്ക്ക് വിലക്ക്
Tuesday, April 16, 2024 9:24 PM IST
ന്യൂഡല്‍ഹി: ഹേമ മാലിനിക്കെതിരേ അധിക്ഷേപ പരാമര്‍ശം നടത്തിയതിന് കോണ്‍ഗ്രസ് എംപി രണ്‍ദീപ് സിംഗ് സുര്‍ജേവാലയ്ക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി.
പരാതി സംബന്ധിച്ച് സുര്‍ജേവാലയ്ക്കെതിരേ തെരഞ്ഞെടുപ്പ് കമ്മീഷന് നേരത്തെ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. സുര്‍ജേവാലയുടെ പരാമർശം ബിജെപി എംപി ഹേമ മാലിനിയുടെ വ്യക്തിത്വത്തിനും അന്തസിനും കോട്ടം തട്ടുന്നതാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് വിലയിരുത്തി.
ചൊവ്വാഴ്ച വൈകുന്നേരം ആറ് മുതല്‍ 48 മണിക്കൂറാണ് വിലക്ക്. വിലക്ക് നിലവിൽ വന്നതോടെ പൊതുപരിപാടികള്‍, റാലികള്‍, റോഡ് ഷോകള്‍, മാധ്യമ ഇടപെടല്‍ എന്നിവയില്‍ സുര്‍ജേവാലക്ക് പങ്കെടുക്കാനാവില്ല.
ഈ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തെരഞ്ഞെടുപ്പ് കമ്മീഷന് നല്കുന്ന ആദ്യ വിലക്കാണ് സുര്‍ജേ വാലയ്ക്കെതിരേയുള്ളത്.