മാസപ്പടി കേസ്: സിഎംആർഎൽ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യൽ തുടരുന്നു
Tuesday, April 16, 2024 6:30 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ മൂന്ന് സിഎംആർഎൽ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യൽ കൊച്ചിയിലെ ഇഡി ഓഫീസിൽ തുടരുന്നു. കമ്പനി സിഎഫ്ഒ സുരേഷ് കുമാർ, സീനിയർ മാനേജർ ചന്ദ്രശേഖരൻ, സിസ്റ്റംസ് ചുമതലയുള്ള അഞ്ചു എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്.
ഇന്നലെ ഉച്ചയോടെ ആരംഭിച്ച ചോദ്യം ചെയ്യൽ ഇന്നു പുലർച്ചെയും തുടരുകയാണ്. മുഖ്യമന്ത്രിയുടെ മകൾക്ക് ഒരു കോടി 72 ലക്ഷം രൂപ സിഎംആർഎൽ നൽകിയത് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ പരിധിയിൽ വരുമോയെന്നാണ് ഇഡി പരിശോധിക്കുന്നത്.
സിഎംആർഎൽ മാനേജിംഗ് ഡയറക്ടർ ശശിധരൻ കർത്ത ഇന്നലെ ഹാജരായിരുന്നില്ല. ആരോഗ്യ പ്രശ്നങ്ങൾ അറിയിച്ച് മറുപടി നൽകിയെന്നാണ് വിവരം. അതേസമയം മുഖ്യമന്ത്രിയുടെ മകൾ വീണയെ ഇഡി ഉടൻ ചോദ്യം ചെയ്തേക്കുമെന്ന് സൂചനയുണ്ട്.