കപ്പലിലെ 16 ഇന്ത്യക്കാർക്കും മടങ്ങാൻ അനുമതി നൽകിയതായി ഇറാൻ സ്ഥാനപതി
Friday, April 19, 2024 2:02 AM IST
ന്യൂഡൽഹി: ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ബന്ധമുള്ള ചരക്കുകപ്പലിലെ എല്ലാ ഇന്ത്യക്കാർക്കും മടങ്ങാൻ അനുമതി നൽകിയതായി ഇറാൻ സ്ഥാനപതി അറിയിച്ചു. 16 ഇന്ത്യാക്കാർക്കും അനുമതി നൽകിയിട്ടുണ്ട്.
അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേതെന്നും ഇന്ത്യയിലെ ഇറാൻ സ്ഥാനപതി വ്യക്തമാക്കി. 17 ഇന്ത്യക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇതില്‍ നാല് പേര് മലയാളികളാണ്. തൃശൂർ സ്വദേശിനിയായ മലയാളി യുവതി ആൻ ടെസയെ വിട്ടയച്ചിരുന്നു. ആൻ ടെസ വീട്ടിലെത്തി.
വയനാട് സ്വദേശി പി.വി. ധനേഷ്, തൃശൂര്‍ സ്വദേശിനി ആന്‍ ടെസ ജോസഫ്, കോഴിക്കോട് സ്വദേശി ശ്യാം നാഥ്, പാലക്കാട് സ്വദേശി എസ്. സുമേഷ് എന്നിവരാണ് കപ്പലിലെ മലയാളികള്‍. ഇതിലൊരാളായ ആൻ ടെസയാണ് തിരികെ നാട്ടിലെത്തിയത്.
കപ്പലില്‍ 25 ജീവനക്കാരാണുള്ളത്. ഇന്ത്യക്കാർക്കു പുറമേ ഫിലിപ്പൈൻസ്, പാക്കിസ്ഥാൻ, റഷ്യ, എസ്തോണിയ എന്നീ രാജ്യങ്ങളിൽനിന്നുള്ളവരാണ് കപ്പലിലെ മറ്റ് ക്രൂ അംഗങ്ങൾ.