പാറമടയിൽ സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കി; നിരവധി വീടുകൾക്ക് കേടുപാട്
Saturday, May 4, 2024 4:37 AM IST
നിർവീര്യമാക്കിയത് വിഷുവിന് പിടികൂടിയ പടക്കങ്ങൾ

അ​ങ്ക​മാ​ലി: മൂ​ക്ക​ന്നൂ​ര്‍ ദേ​വ​ഗി​രി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കാ​ത്ത പാ​റ​മ​ട​യി​ലെ സ്‌​ഫോ​ട​ന​ത്തി​ല്‍ നി​ര​വ​ധി വീ​ടു​ക​ള്‍​ക്ക് കേ​ടു​പാ​ടു​ക​ള്‍. അ​ടു​ത്ത കാ​ല​ത്തൊ​ന്നും പ്ര​വ​ര്‍​ത്ത​ന​മി​ല്ലാ​ത്ത പാ​റ​മ​ട​യി​ല്‍ എ​ങ്ങ​നെ സ്‌ഫോ​ട​ന​മു​ണ്ടാ​യി എ​ന്ന​റി​യാ​തെ പ​രി​ഭ്രാന്ത​രാ​യി നാ​ട്ടു​കാ​ര്‍ പാ​റ​മ​ട​യി​ലേ​ക്ക് ചെ​ല്ലു​മ്പോ​ഴാണ് പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ്‌​ഫോ​ട​ക വ​സ്തു​ക്ക​ള്‍ നി​ര്‍​വീ​ര്യ​മാ​ക്കി​യ​താ​ണ് ഉ​ഗ്രസ്‌​ഫോ​ട​ന​ത്തി​ന് കാ​ര​ണ​മെ​ന്ന് മനസിലായത്.

വി​ഷു​വി​ന് പി​ടി​ച്ചെ​ടു​ത്ത സ്‌​ഫോ​ട​ക വ​സ്തു​ക്ക​ളാ​ണ് ഇ​ത്ത​ര​ത്തി​ല്‍ നി​ര്‍​വീ​ര്യ​മാ​ക്കി​യ​തെ​ന്ന് പ​റ​യു​ന്നു. ഇതോടെ നാ​ട്ടു​കാ​രും പോ​ലീ​സു​കാ​രു​മാ​യി വാദപ്രതിവാദമായി. ജ​ന​പ്ര​തി​നി​ധി​ക​ള്‍ സം​ഭ​വ സ്ഥ​ല​ത്തെ​ത്തി പ്ര​ശ്‌​ന പ​രി​ഹാ​ര​ത്തി​ന് ശ്ര​മി​ച്ചെ​ങ്കി​ലും ക​ള​ക്ട​ര്‍ വ​രാതെ പ്ര​ശ്‌​ന​ത്തി​ന് പ​രി​ഹാ​ര​മു​ണ്ടാ​കി​ല്ലെ​ന്ന നിലപാടിലായിരുന്നു നാ​ട്ടു​കാ​ര്‍.

ഒടുവിൽ ആ​ലു​വ ഡി​വൈ​എ​സ്പി, ത​ഹ​സി​ല്‍​ദാ​ര്‍, എ​ഡി​എം എന്നിവരടങ്ങിയ ഉ​ദ്യോ​ഗ​സ്ഥ സം​ഘം സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി ഉ​റ​പ്പു​ക​ള്‍ നല്കിയതി​ന് ശേ​ഷ​മാ​ണ് പ്ര​ശ്‌​നം അ​വ​സാ​നി​ച്ച​ത്.
വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ച വീ​ടു​ക​ളു​ടെ ക​ണ​ക്കെ​ടു​ക്കും.

ഡി​സാ​സ്റ്റ​ര്‍ മാ​നേ​ജ്‌​മെ​ന്‍റ് ഫ​ണ്ടി​ല്‍ നി​ന്ന് ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കാ​ന്‍ സാ​ധ്യ​ത ആ​രാ​യും എ​ന്ന ഉ​റ​പ്പി​ല്‍ ജ​നം പി​രി​ഞ്ഞു. മ​ഞ്ഞി​ക്കാ​ട് പൂ​ണൂ​ളി വ​ര്‍​ഗീ​സ്, ദേ​വ​ഗി​രി വ​ര​യ​ക്കു​ളം കു​ര്യ​ച്ച​ന്‍ തു​ട​ങ്ങി​യ​വ​രു​ടെ വീ​ടു​ക​ള്‍​ക്കാണ് സാ​ര​മാ​യ കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചത്.

മ​തി​യാ​യ മു​ന്ന​റി​യി​പ്പി​ല്ലാ​ത്ത ന​ട​പ​ടി ആ​യി​രു​ന്ന​തി​നാ​ല്‍, ഭൂ​മി കു​ലു​ക്ക​മാ​ണെ​ന്നാ​ണ് പ​ല​രും ആ​ദ്യം ക​രു​തി​യ​ത്. ശാ​സ്ത്രീ​യ​മാ​യി എ​ങ്ങ​നെ സ്‌​ഫോ​ട​ക വ​സ്തു​ക്ക​ള്‍ നി​ര്‍​വീ​ര്യ​മാ​ക്കാം എ​ന്ന് അ​ധി​കാ​രി​ക​ളെ പ​ഠി​പ്പി​ക്കേ​ണ്ട സ​മ​യം അ​തി​ക്ര​മി​ച്ചി​രി​ക്കു​ന്നുവെന്നായിരുന്നു പൊതുസംസാരം.