കല്യാണ്‍ കൃഷ്ണമൂർത്തി
മുംബൈ: വാൾമാർട്ടിന്റെ ഉടമസ്ഥയിലുള്ള ഫ്ളിപ്കാർട്ട് ഗ്രൂപ്പ് ചീഫ് എക്സിക്യുട്ടീവ് ഓഫിസർ (സിഇഒ) കല്യാണ്‍ കൃഷ്ണമൂർത്തി 11 വർഷത്തിലധികം നീണ്ട സേവനത്തിന് ശേഷം സ്ഥാനമൊഴിയുന്നു.
പുതിയ സിഇഒയെ പ്രഖ്യാപിക്കുന്നത് വരെ, നിലവിലെ ചീഫ് പ്രൊഡക്റ്റ് ആൻഡ് ടെക്നോളജി ഓഫിസറായ (സിപിടിഒ) ബാലാജി ത്യാഗരാജനാകും താത്കാലിക ചുമതല.
2013ലാണ് കല്യാണ്‍ കൃഷ്ണമൂർത്തി ഫ്ളിപ്കാർട്ടിൽ ചേരുന്നത്. തുടർന്ന് 2017 ജനുവരിയിൽ സിഇഒ ആയും 2018ൽ ഗ്രൂപ്പ് സിഇഒ ആയും അദ്ദേഹം ചുമതലയേറ്റു.
വാൾമാർട്ട് 16 ബില്യണ്‍ ഡോളറിന് ഫ്ളിപ്കാർട്ടിന്റെ ഭൂരിപക്ഷ ഓഹരികൾ ഏറ്റെടുത്ത നിർണായക ഘട്ടത്തിൽ കന്പനിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് അദ്ദേഹമായിരുന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രാരംഭ ഓഹരി വിൽപനയ്ക്കുള്ള വർഷങ്ങൾ നീണ്ട തയാറെടുപ്പുകളിലും ഇ- കൊമേഴ്സ് സ്ഥാപനത്തെ നയിച്ചത് കൃഷ്ണമൂർത്തിയാണ്.
ഈ കാലയളവിൽ കന്പനിയുടെ ബിസിനസ് അഞ്ചിരട്ടിയിലധികം വളർച്ച കൈവരിച്ചു. ഇ-കൊമേഴ്സ് വിപണിയിൽ സ്ഥാനം ഉറപ്പിക്കുന്നതോടൊപ്പം ഫാഷൻ, ട്രാവൽ, ഫിൻടെക് തുടങ്ങിയ പുതിയ മേഖലകളിലേക്കും ബിസിനസ് വിപുലീകരിച്ചു. കന്പനിയുടെ വാർഷിക വിപണന മേളയായ ’ബിഗ് ബില്യണ്‍ ഡെയ്സ്’ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഓണ്‍ലൈൻ ഷോപ്പിങ് ആഘോഷങ്ങളിൽ ഒന്നായി മാറി.