പ്രതീകാത്മക ചിത്രം
മുംബൈ: ബാങ്കിംഗ്, എഫ്എംസിജി, ഐടി ഓഹരികളിലെ ശക്തമായ വാങ്ങലിന്റെ കരുത്തിൽ മുഖ്യ സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഇന്നലെ ശക്തമായ തിരിച്ചുവരവ് നടത്തി.
തിങ്കളാഴ്ച ഇരു സൂചികകളും രണ്ടു ശതമാനം ഇടിഞ്ഞ് കനത്ത വിൽപന സമ്മർദം നേരിട്ടതിനു ശേഷമാണ് തിരിച്ചുവരവ് നടത്തിയത്. ഈ കുതിപ്പോടെ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കന്പനികളുടെ ആകെ വിപണിമൂല്യത്തിൽ 3.5 ലക്ഷം കോടി രൂപയുടെ വർധനയുണ്ടായി 512 ലക്ഷം കോടി രൂപയിലെത്തിക്കുകയും ചെയ്തു.
സെൻസെക്സ് 1502 പോയിന്റ് (1.82%) ഉയർന്ന് 83,938ലും നിഫ്റ്റി 470 പോയിന്റ് (1.85%) കുതിച്ചുയർന്ന് 25,819ലും വ്യാപാരം പൂർത്തിയാക്കി.
മേഖലാ സൂചികകളിൽ മൂന്നു ശതമാനത്തിനു മുകളിലുയർന്ന നിഫ്റ്റി എഫ്എംസിജി മുന്നേറ്റത്തിനു നേതൃത്വം നല്കി. നിഫ്റ്റി ഫിനാൻഷ്യൽ സർവീസസ്, ഫാർമ, പ്രൈവറ്റ് ബാങ്ക്, ഹെൽത്ത്കെയർ ഓഹരികൾ രണ്ടു ശതമാനത്തിനു മുകളിൽ ഉയർന്നു. നിഫ്റ്റി ഐടി സൂചിക 1.12 ശതമാനത്തിലാണ് വ്യാപാരം പൂർത്തിയാക്കിയത്. നിഫ്റ്റി മീഡിയ (4.44%), നിഫ്റ്റി മെറ്റൽ (2.04%) സൂചികകൾ വലിയ നഷ്ടം നേരിട്ടു.
വിപണിയുടെ തിരിച്ചുവരവിന് കാരണങ്ങൾ
1. വൻകിട ഓഹരികളുടെ കുതിപ്പ്: എച്ച്യുഎൽ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവയുൾപ്പടെ വൻകിട ഓഹരികൾ ശക്തമായ തിരിച്ചുവരവ് നടത്തി. പല ഓഹരികളും ആറു ശതമാനം വരെ മുന്നേറുകയും ചെയ്തു.
നിഫ്റ്റി സൂചികയിൽ ആകെ 9.9 ശതമാനം വിഹിതമുള്ള സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക് കഴിഞ്ഞ ദിനത്തിലെ നഷ്ടങ്ങളെല്ലാം നികത്തി മൂന്നു ശതമാനത്തിലധികം മുന്നേറി.
2. തുടരുന്ന വിദേശ നിക്ഷേപം: ഇന്ത്യൻ വിപണിയിൽ വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ സമീപനത്തിലുണ്ടായ മാറ്റമാണ് ഈ മാസം ഇതുവരെയുള്ള കണക്കുകൾ വ്യക്തമാക്കുന്നത്. എൻഎസ്ഡിഎൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇതുവരെ 13.2 ബില്യണ് ഡോളറിന്റെ നിക്ഷേപം നടത്തി.

ആഭ്യന്തര ഓഹരിവിപണിയിലെ ശക്തമായ വാങ്ങലുകളുടെയും വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ തുടർച്ചയ നിക്ഷേപത്തിന്റെ പശ്ചാത്തലത്തിൽ ഡോളറിനെതിരേ രൂപ ഇന്നലെ 69 പൈസ ഉയർന്ന് 92.16ൽ വ്യാപാരം അവസാനിപ്പിച്ചു. ഈ വർഷം ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ക്രൂഡ് ഓയിൽ വില താഴ്ന്നതും രൂപയുടെ നില മെച്ചപ്പെട്ടതും നടപ്പ് സാന്പത്തികവർഷത്തെ രൂപയുടെ നഷ്ടങ്ങളെല്ലാം നികത്താൻ സഹായിച്ചതായി ഫോറെക്സ് വ്യാപാരികൾ പറഞ്ഞു.
ഈ വർഷം മാർച്ച് 16ന് ഡോളറിനെതിരേ രേഖപ്പെടുത്തിയ 92.28 എന്ന ക്ലോസിംഗ് നിരക്കിനുശേഷമുണ്ടായ ഉയർന്ന നിലവാരമാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഏഴു മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ നിന്ന് താഴന്ന രൂപ തിങ്കളാഴ്ച ഡോളറിനെതിരേ 23 പൈസയുടെ നഷ്ടത്തിൽ 92.85 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
നവംബർ 13ന് ഡോളറിനെതിരേ രേഖപ്പെടുത്തിയ 94.19 എന്ന നിലവാരത്തിൽനിന്ന് തുടർച്ചയായ അഞ്ച് വ്യാപാര സെഷനുകളിലായി 1.6 ശതമാനത്തിലധികം നേട്ടമാണ് രൂപ കൈവരിച്ചത്. ഒക്ടോബർ എട്ടിന് ഡോളറിനെതിരേ രേഖപ്പെടുത്തിയ എക്കാലത്തെയും താഴ്ന്ന ക്ലോസിംഗ് നിരക്കായ 96.88നെ അപേക്ഷിച്ച് കഴിഞ്ഞ ഏഴ് ആഴ്ചയ്ക്കിടെ രൂപ അഞ്ചു ശതമാനത്തോളം തിരിച്ചുവരവ് നടത്തി.