പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: അയ്യപ്പഭക്തരോട് മോശമായി പെരുമാറിയെന്ന പരാതിയിൽ കെഎസ്ആർടിസി കണ്ടക്ടർക്ക് സസ്പെൻഷൻ. പമ്പയിൽനിന്ന് കരിമടത്തേക്ക് സർവീസ് നടത്തിയ ആർപിസി 694 ബസിലെ കണ്ടക്ടർ എം.ആർ. രാജേഷിനെതിരെയാണ് നടപടി. അയ്യപ്പഭക്തരുമായി വാക്കുതർക്കത്തിലേർപ്പെട്ടതിനെ തുടർന്ന് ബസ് ഏറെ നേരം വഴിയിൽ പിടിച്ചിട്ടിരുന്നു.
തുടർന്ന് പൊലിസ് സ്ഥലത്തെത്തിയാണ് പ്രശ്നം പരിഹരിച്ചത്. സംഭവത്തിൽ കെഎസ്ആർടിസി വിജിലൻസ് വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടക്ടറുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായി കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് സസ്പെൻഷൻ ഉത്തരവിറക്കിയത്. അയ്യപ്പഭക്തർക്ക് സുരക്ഷിതവും മാന്യവും സൗഹാർദ്ദപരവുമായ യാത്രാസൗകര്യം ഉറപ്പാക്കാൻ കെഎസ്ആർടിസി പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതർ അറിയിച്ചു.
തീർഥാടകരോടുള്ള ജീവനക്കാരുടെ പെരുമാറ്റത്തിലും സേവനത്തിലും യാതൊരു വിട്ടുവീഴ്ചയും അനുവദിക്കില്ല. ഇത്തരം സംഭവങ്ങളിൽ കർശന നടപടി സ്വീകരിക്കുമെന്നും കെഎസ്ആർടിസി വ്യക്തമാക്കി. അയ്യപ്പഭക്തരോട് കണ്ടക്ടർ മോശമായി പെരുമാറിയ സംഭവത്തിൽ വ്യാപക വിമർശനം ഉയർന്നിരുന്നു.
Tags : Sabarimala Ksrtc AyyappaDevotees Suspension SabarimalaPilgrimage KeralaTransport