റിഷാദ്
കൊണ്ടോട്ടി: അന്താരാഷ്ട്ര ലഹരികടത്ത് കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കൊണ്ടോട്ടി പുളിക്കല്‍ അന്തിയൂര്‍ക്കുന്ന് സ്വദേശി റിഷ്ന മന്‍സിലില്‍ റിഷാദ് (റാവുത്തര്‍ - 29) ആണ് പിടിയിലായത്.
കഴിഞ്ഞ ദിവസം ഈ കേസുമായി ബന്ധപ്പെട്ട് നൈജീരിയന്‍ സ്വദേശിയടക്കം രണ്ടുപേരെ മുംബൈയില്‍നിന്ന് പിടികൂടിയിരുന്നു. കൊണ്ടോട്ടി അരൂരില്‍ കഴിഞ്ഞ ജൂണ്‍ 26-ന് തട്ടാരംചോല വീട്ടില്‍ രതീഷില്‍ നിന്ന് എംഡിഎംഎ പിടികൂടിയ കേസില്‍ തുടങ്ങിയ അന്വേഷണമാണ് നൈജീരിയന്‍ പൗരനടക്കം 11 പ്രതികളിലേക്ക് എത്തിയത്. ഇന്നലെ രാവിലെ കുന്നമംഗലത്ത് നിന്നാണ് കൊണ്ടോട്ടി ഇന്‍സ്പെക്ടര്‍ സംഗീത് പുന്നത്തിലിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘം ഇയാളെ പിടികൂടിയത്. പിടിയിലായ റിഷാദിന് കൊണ്ടോട്ടി, കരിപ്പൂര്‍, ഫറോക്ക്, കുന്നമംഗലം സ്റ്റേഷനുകളിലായി കൊലപാതകശ്രമം, ലഹരികടത്ത് ഉള്‍പ്പെടെയുള്ള കേസുകള്‍ നിലവിലുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൊണ്ടോട്ടി ഡിവൈഎസ്പി എ.ജെ. ജോണ്സണ്, നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി സുനില്‍ കുമാര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ കൊണ്ടോട്ടി ഇന്‍സ്പെക്ടര്‍ സംഗീത് പുന്നത്തില്‍, എഎസ്ഐ തുളസി, ഡാന്‍സാഫ് സംഘം എന്നിവരാണ് അന്വേഷണം നടത്തുന്നത്.
Tags : MDMA case involving a Nigerian national MDMA NattuVishesham DistrictNews