പ്രതീകാത്മക ചിത്രം
മണ്ണുത്തി: കൃഷിക്കും മനുഷ്യാരോഗ്യത്തിനും ഭീഷണിയാകുന്ന ആഫ്രിക്കൻ ഒച്ചുകളുടെ വ്യാപനത്തിനെതിരേ കൂട്ടായ പ്രതിരോധം അനിവാര്യമാണെന്ന മുന്നറിയിപ്പുമായി കേരള കാർഷിക സർവകലാശാല. മഴ ശക്തമായതോടെ ഭീമൻ ആഫ്രിക്കൻ ഒച്ചിന്റെ ശല്യം സംസ്ഥാനത്താകെ രൂക്ഷമാണ്. ഇവയുടെ വ്യാപനം ഫലപ്രദമായി നിയന്ത്രിക്കാൻ പഞ്ചായത്തുതലത്തിൽ പെസ്റ്റ് സ്കൗട്ട് സംഘങ്ങൾ, കൃഷിവകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, പ്രാദേശിക സന്നദ്ധപ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെ സ്ഥിരമായ നിരീക്ഷണം നടത്തണം. വാഴ, പപ്പായ, പ്ലാവ്, വെണ്ട, വഴുതന, കാബേജ്, കമുക്, റബർ, കാപ്പി തുടങ്ങി നൂറിലധികം സസ്യവിളകളെയാണു ഭീമൻഒച്ചുകൾ ആക്രമിക്കുന്നത്.
വീട്ടുവളപ്പുകൾ, കൃഷിയിടങ്ങൾ, കോഴിഫാമുകൾ, ടിംബർ ഡിപ്പോകൾ, ജൈവമാലിന്യങ്ങളും ചവറുകളും നിക്ഷേപിക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് ഇവയെ കൂടുതലായി കണ്ടുവരുന്നത്. മഴക്കാലത്ത് ഈ സ്ഥലങ്ങൾ ഒച്ചുകളുടെ പ്രജനനത്തിന് അനുകൂല സാഹചര്യമായി മാറുന്നതിനാൽ നിയന്ത്രണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്നു കേരള കാർഷിക സർവകലാശാല വൈസ് ചാൻസലർ പ്രഫ. ഡോ. ടി. സജിതാറാണി പറഞ്ഞു.
നിയന്ത്രണത്തിനു ശുചിത്വം പ്രധാന്യം
ഒച്ചുകളുടെ നിയന്ത്രണത്തിൽ ശുചിത്വത്തിനാണ് ഏറ്റവും പ്രധാന്യം. കളകൾ, വിള അവശിഷ്ടങ്ങൾ, ജൈവമാലിന്യങ്ങൾ, ചവറുകൾ, പഴയ ചാക്കുകൾ എന്നിവ യഥാസമയം നീക്കംചെയ്ത് പരിസരം വൃത്തിയായി സൂക്ഷിക്കണം. മഴയ്ക്കുശേഷം വൈകീട്ടും പുലർച്ചെയുമാണ് ഒച്ചുകൾ കൂടുതൽ സജീവമാകുന്നത്. ഈ സമയത്ത് കൈയുറ ധരിച്ച് ഒച്ചുകളെയും മുട്ടക്കൂട്ടങ്ങളെയും ശേഖരിച്ച് ഒരു ലിറ്റർ വെള്ളത്തിൽ 250 ഗ്രാം ഉപ്പ് എന്ന തോതിൽ കലർത്തിയ ലായനിയിൽ ഇട്ടുനശിപ്പിക്കണം. ശേഖരിച്ച ഒച്ചുകളെ ജലാശയങ്ങളിൽനിന്ന് അകലെ രണ്ടുമീറ്റർ ആഴമുള്ള കുഴികളിൽ നിക്ഷേപിച്ച് ഉപ്പോ തുരിശോ വിതറിയശേഷം മണ്ണിട്ടുമൂടുന്നതും ഫലപ്രദമാണ്.
ഒച്ചുകളെ ആകർഷിക്കാൻ 500 ഗ്രാം ഗോതന്പുപൊടി, 200 ഗ്രാം ശർക്കര, 20 ഗ്രാം യീസ്റ്റ് എന്നിവ ആവശ്യത്തിനു വെള്ളംചേർത്തു തയാറാക്കുന്ന മിശ്രിതം വൈകീട്ട് ചെറിയ പാത്രങ്ങളിലോ നനഞ്ഞ ചണച്ചാക്കുകളിലോ വയ്ക്കാം. പുളിപ്പിച്ച പഴങ്ങൾ, പപ്പായ ഇല, വാഴയില, കാബേജ് ഇല എന്നിവയും കെണികളായി ഉപയോഗിക്കാം. രാത്രിയിൽ ആകർഷിക്കപ്പെടുന്ന ഒച്ചുകളെ പിറ്റേന്നു രാവിലെ ശേഖരിച്ചു നശിപ്പിക്കുന്നതു പ്രജനനം കുറയ്ക്കാൻ സഹായിക്കും.
തുരിശുലായനി ആയുധമാക്കാം
ഒച്ചുകളുടെ വ്യാപനം തടയാൻ കൃഷിയിടങ്ങളുടെ അതിർത്തിയിൽ ഒരു ശതമാനം തുരിശുലായനി (പത്തുഗ്രാം ഒരു ലിറ്ററിൽ) തളിക്കാം. പുകയിലപ്പൊടിയോ ബോറാക്സ് പൊടിയോ അതിർത്തികളിൽ വിതറുന്നതും ഫലപ്രദമാണ്.
മതിലുകളിലും മരത്തടികളിലും കയറുന്ന ഒച്ചുകളെ നിയന്ത്രിക്കാൻ ആറു ശതമാനം തുരിശുലായനി (60 ഗ്രാം ഒരു ലിറ്ററിൽ) ഉപയോഗിക്കാം. വിളകളിൽ ഒച്ചിനെ നിയന്ത്രിക്കാൻ ഒരു ലിറ്റർ വെള്ളത്തിൽ മൂന്നുഗ്രാം തുരിശ് മാത്രമേ ഉപയോഗിക്കാവൂ.
വെള്ളരി, പാവൽ, പടവലം, മത്തൻ, കുന്പളം തുടങ്ങിയ വെള്ളരിവർഗ വിളകളിലും നെല്ലിലും തുരിശുപ്രയോഗം ഒഴിവാക്കണം. കീടബാധിത പ്രദേശങ്ങളിൽനിന്നുള്ള കാർഷിക ഉപകരണങ്ങൾ, നടീൽവസ്തുക്കൾ, വാഹനങ്ങൾ എന്നിവ മറ്റിടങ്ങളിലേക്കു കൊണ്ടുപോകുന്നതിനുമുന്പു പരിശോധിച്ചു വൃത്തിയാക്കണം.
ബോധവത്കരണ, നിയന്ത്രണ പരിപാടി 11ന്
മണ്ണുത്തി: ഭീമൻ ആഫ്രിക്കൻ ഒച്ചിന്റെ നിയന്ത്രണം ശക്തിപ്പെടുത്താൻ കേരള കാർഷിക സർവകലാശാല ജില്ലാതലത്തിൽ ബോധവത്കരണവും നിയന്ത്രണപ്രവർത്തനങ്ങളും സംഘടിപ്പിക്കുന്നതായി വിജ്ഞാനവ്യാപനവിഭാഗം ഡയറക്ടർ ഡോ. ബിനു പി. ബോണി അറിയിച്ചു. മധ്യമേഖലാ ജില്ലകൾക്കായുള്ള പരിപാടി 11നു സംഘടിപ്പിക്കുമെന്നും അറിയിച്ചു.
സീതാറാം മിൽ ലെയിനിൽ ആഫ്രിക്കൻ ഒച്ചുശല്യം
പൂങ്കുന്നം: സീതാറാം മിൽ ലെയിൻ പ്രദേശത്ത് ആഫ്രിക്കൻ ഒച്ചുകൾ വ്യാപകം. മില്ലിന്റെ മതിൽകെട്ടിനകത്തു കാടുപിടിച്ചുകിടക്കുന്ന ഭാഗങ്ങളിലാണു ഇവ കൂടുതലായുള്ളത്. പരിസരത്തെ വീടുകൾ, പറന്പുകൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിലും ഒച്ചുശല്യം രൂക്ഷമാണ്.
സംഭവത്തിൽ ഡിവൈഎഫ്ഐ ഒപ്പുശേഖരണം നടത്തി ജില്ലാ കളക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ എന്നിവർക്കു പരാതി നൽകിയതിനെത്തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.
Tags : Nattuvishesham DistrictNews DeepikaNews African snails