വാടക കെട്ടിടത്തിലെ പുൽപ്പള്ളി സബ് രജിസ്ട്രാർ ഓഫീസ്.
പുൽപ്പള്ളി: നാലര പതിറ്റാണ്ട് പിന്നിട്ടിട്ടും ഉന്നതാധികാരികളുടെ അനാസ്ഥമൂലം സ്വന്തമായി കെട്ടിടമില്ലാതെ അസൗകര്യങ്ങളിൽ വീർപ്പ് മുട്ടുകയാണ് പുൽപ്പള്ളി സബ് രജിസ്ട്രാർ ഓഫീസ്.
സബ് രജിസ്ട്രാർ ഓഫീസിന് സ്വന്തമായി ഒരു കെട്ടിടം എന്ന ആവശ്യം ഇപ്പോഴും ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുകയാണ്. ബത്തേരി താലൂക്കിലെ ആറ് വില്ലേജുകളിലെ ആയിരക്കണക്കിന് രജിസ്ട്രേഷൻ നടപടികൾ നിർവഹിക്കുന്ന ഓഫീസാണിത്. ടൗണിലെ വാടക കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്.
രജിസ്റ്റർ ചെയ്ത ആധാരങ്ങളും രേഖകളും കാരണം ഓഫീസിലെത്തുന്നവർക്കും ജീവനക്കാർക്കും നിൽക്കാനും ഇരിക്കാനും സ്ഥലമില്ലാത്ത അവസ്ഥയാണ്.
അഡീഷണൽ ചീഫ് സെക്രട്ടറിക്ക് പുൽപ്പള്ളി പഞ്ചായത്ത് സെക്രട്ടറി ഏഴ് വർഷം മുൻപ് നൽകിയ അപേക്ഷയിൽ നാളിതുവരെ നടപടി എടുക്കാത്തതാണ് സബ് രജിസ്ട്രാർ ഓഫീസിന്റെ സ്വന്തം കെട്ടിടം എന്ന സ്വപ്നം അനന്തമായി നീളാൻ കാരണം. സബ് രജിസ്ട്രാർ ഓഫീസിന് സ്വന്തമായി കെട്ടിടം നിർമിക്കുന്നതിന് സ്ഥലം അനുവദിക്കണമെന്നാവശ്യപ്പെട്ട് 2004 ലാണ് രജിസ്ട്രേഷൻ വകുപ്പ് പഞ്ചായത്ത് അധികൃതർക്ക് ആദ്യമായി അപേക്ഷ സമർപ്പിച്ചത്.
എന്നാൽ 2010ൽ സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടത്തിന് ഭൂമി നൽകാൻ തീരുമാനിച്ചു. പിന്നീട് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സൗകര്യപ്രഥമായ ഏത് സ്ഥലം നൽകുമെന്നതായി പ്രശ്നം. തുടർന്ന് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ടെലിഫോണ് എക്സ്ചേഞ്ചിന് മുന്പിലുള്ള സ്ഥലം കൊടുക്കാൻ 2016ൽ തീരുമാനമായി. പക്ഷേ ആ ഭൂമി അനധികൃതമായി പലരും കൈവശം വച്ചിരിക്കയാൽ ഭൂമി അളന്ന് തിട്ടപ്പെടുത്താൻ പോലുമായില്ല.
തുടർന്ന് പഞ്ചായത്ത് ഭരണ സമിതി 2021 ജൂലൈ 19ന് ചേർന്ന അടിയന്തര യോഗത്തിലെ തീരുമാന പ്രകാരം പുൽപ്പള്ളി വില്ലേജ് ഓഫീസിന് പിൻഭാഗത്തുള്ള റീസർവേ നന്പർ 571/23 ൽ ഉൾപ്പെട്ട 10 സെന്റ് സ്ഥലം സബ് രജിസ്ട്രാർ ഓഫീസിന് നൽകാൻ തീരുമാനിച്ചു.
ഭരണാനുമതി ലഭിക്കുന്നതിനായി അഡീഷണൽ ചീഫ് സെക്രട്ടറി മുന്പാകെ പഞ്ചായത്ത് നൽകിയ ഫയൽ ചുവപ്പ് നാടയിൽ കുടുങ്ങിയതോടെ നടപടികൾ അന്തമായി നീളുകയാണ്. കെട്ടിടാവശ്യത്തിന് പാസായി കിടക്കുന്ന ഫണ്ട് പാഴാകാതിരിക്കാൻ സബ് രജിസ്ട്രാറും പഞ്ചായത്ത് നൽകിയ അപേക്ഷയുടെ അന്തിമ നടപടികൾക്കായി പഞ്ചായത്ത് സെക്രട്ടറിയും മുറയ്ക്ക് കത്തുകൾ എഴുതുന്നുണ്ട് എന്നത് മാത്രമാണ് ഏക പ്രതീക്ഷ.
1982 ലാണ് പുൽപ്പള്ളിയിൽ സബ് രജിസ്ട്രാർ ഓഫീസ് പ്രവർത്തനമാരംഭിച്ചത്. പാടിച്ചിറ, പുൽപ്പള്ളി, ഇരുളം, പുറക്കാടി,കൃഷ്ണഗിരി, നടവയൽ വില്ലേജുകളുടെ പരിധിയിൽപ്പെടുന്ന സ്ഥലങ്ങളുടെ രജിസ്ട്രേഷൻ പുൽപ്പള്ളിയിലാണ് നടക്കുന്നത്. അടിയന്തരമായി സബ് രജിസ്ട്രാർ ഓഫീസിന് സ്വന്തമായി കെട്ടിടം നിർമിക്കുന്നതിനാവശ്യമായ നടപടി വേണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Tags : Nattuvishesham Districtnews Pulpally