ദൂരങ്ങളെ കീഴടക്കി ജീന
പരമാവധി വേഗത്തില്‍ ചലഞ്ച് പൂര്‍ത്തിയാക്കണം. ബംഗളൂരുവില്‍ നിന്നു ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ ജീനയുടെ മനസില്‍ ഈയൊരു ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളു. ബംഗളൂരുവില്‍ നിന്നു പൂനെവരെയും തിരിച്ചു ബംഗളൂരു വരെയുമുള്ള 1,667 കിലോമീറ്റര്‍ ദൂരം 20 മണിക്കൂറും 20 മിനിറ്റും കൊണ്ട് പൂര്‍ത്തിയാക്കി വണ്ടി ഓഫ് ചെയ്തപ്പോഴാണ് 'ബാപുബാ' ചലഞ്ച് (ബംഗളൂരു - പൂനെ - ബംഗളൂരു) ഏറ്റവും വേഗത്തില്‍ പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ വനിതയെന്ന റിക്കാര്‍ഡ് തന്റെ പേരിലായ കാര്യം തൃശൂര്‍ സ്വദേശി ജീന മേരി തോമസ് അറിയുന്നത്. അമേരിക്കയില്‍ നിന്നുള്ള ലോക പ്രശസ്ത ക്ലബായ ലോംഗ് ഡിസ്റ്റന്‍സ് റൈഡറിന്റെ ചലഞ്ച് ഇന്ത്യയില്‍ ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബൈക്ക് റൈഡര്‍മാരുടെ ക്ലബായ റൈഡ്‌ഹോളിക്‌സ് ആണ് ഏറ്റെടുത്ത് നടത്തുന്നത്. ബംഗളൂരുവില്‍ നിന്നു പൂനെ വരെയും തിരിച്ചു ബംഗളൂരു വരെയുമുള്ള ദൂരം 24 മണിക്കൂര്‍ കൊണ്ട് പൂര്‍ത്തിയാക്കുക എന്നതാണ് ചലഞ്ച്. ഇന്ത്യയില്‍ നടക്കുന്ന അംഗീകൃത ബൈക്ക് ചലഞ്ചാണിത്. ബാപുബാ ചലഞ്ചിന്റെ മൂന്നാം പതിപ്പാണ് ഫെബ്രുവരി 24ന് ഇന്ത്യയില്‍ നടന്നത്.

ബാപുബാ ചലഞ്ച്

ജീന തന്റെ അവഞ്ചര്‍ ക്രൂസ് ബൈക്കിലാണ് ചലഞ്ചില്‍ പങ്കെടുത്തത്. ഫെബ്രുവരി 23നു തന്നെ മത്സരത്തിനായി ബംഗളൂരുവില്‍ എത്തി. അന്നുതന്നെ നടന്ന സ്‌ക്രൂട്ടിനിയില്‍ വിജയിച്ച് ജീന ചലഞ്ചില്‍ പങ്കെടുക്കുന്നതിനുള്ള യോഗ്യത ഉറപ്പിച്ചു. 24ന് രാവിലെ 6.30നാണ് ജീന സ്റ്റാര്‍ട്ടിംഗ് പോയിന്റായ ബംഗളൂരുവിലെ പീനിയ ശ്രീ രാഘവേന്ദ്ര എച്ച്പി പെട്രോള്‍ പമ്പില്‍ നിന്നു യാത്ര തുടങ്ങുന്നത്. 42 പേരാണ് ചലഞ്ചില്‍ പങ്കെടുക്കാന്‍ ഉണ്ടായിരുന്നത്. മൂന്നു പേരടങ്ങുന്ന ബാച്ചായിട്ടായിരുന്നു യാത്ര. പൂനെ വരെയുള്ള യാത്ര വലിയ വിഷമമില്ലായിരുന്നുവെന്നു ജീന പറയുന്നു. ഓരോ 200 കിലോ മീറ്ററും കഴിയുമ്പോള്‍ പെട്രോള്‍ അടിക്കാന്‍ വണ്ടി നിര്‍ത്തി എന്നല്ലാതെ വിശ്രമത്തിനായി അധികം സമയം എടുത്തില്ല. എങ്ങനെയും ചലഞ്ച് പൂര്‍ത്തിയാക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമായിരുന്നു മനസില്‍. ഉച്ചകഴിഞ്ഞ് 3.30 ആയപ്പോള്‍ പൂനെയില്‍ ഫിനീഷ് ചെയ്തു. പിന്നെ 15 മിനിറ്റ് വിശ്രമം. തിരിച്ചു ബംഗളൂരുവിലേക്കുള്ള യാത്ര കുറച്ചു കഠിനമായിരുന്നെന്നു ജീന പറയുന്നു. പകല്‍യാത്രയുടെ സൗന്ദര്യം രാത്രി യാത്രക്ക് ഇല്ലായിരുന്നു. മോശം റോഡും, ഗതാഗത തിരക്കുമെല്ലാം വെല്ലുവിളി ഉയര്‍ത്തി. പലപ്പോഴും ദിശതെറ്റി വന്ന വലിയ വാഹനങ്ങള്‍ ജീനയെ പേടിപ്പിച്ചു. ഇതു നിന്നെക്കൊണ്ട് സാധിക്കുമോ എന്നു ചോദിച്ചവരുടെ മുന്നില്‍ വിജയിച്ചു കാണിക്കണമെന്ന വാശിയോടെ വണ്ടി പറപ്പിച്ചു. അവസാനം 1,667 കിലോ മീറ്റര്‍ 24 മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കുക എന്ന വെല്ലുവിളി നിസാരമായി മറികടന്നു. 25ന് പുലര്‍ച്ചെ മൂന്നിനു ബംഗളൂരുവില്‍ തിരിച്ചെത്തി ജീന വണ്ടി സ്റ്റാന്‍ഡില്‍ വച്ചു. അങ്ങനെയൊരു സാഹസികയാത്രയ്ക്കു ശുഭപര്യവസാനം.

പ്രണയം യാത്രകളോട്

കുട്ടിക്കാലം മുതലേ യാത്രകളോട് ജീനയ്ക്ക് പ്രണയമായിരുന്നു. പക്ഷേ, ബൈക്ക് ഓടിക്കാന്‍ പഠിക്കുന്നത് ഒരു വര്‍ഷം മുമ്പാണ്. ലൈസന്‍സ് എടുത്തിട്ടും അത്രയേ ആയുള്ളു. ഇതിനു മുമ്പു സ്‌കൂട്ടര്‍ ഓടിക്കുമായിരുന്നു. ഒരു വെസ്പയായിരുന്നു സന്തതസഹചാരി. ഒന്നര വര്‍ഷം മുമ്പ് അതില്‍ നിന്ന് ഒന്നു വീണു. കാലിന്റെ അസ്ഥി പൊട്ടി, ലിഗമെന്റും തെറ്റി. നല്ല പണിയാണ് ആ വീഴ്ചയില്‍ കിട്ടിയത്. അന്നാണ് ജീന തീരുമാനിച്ചത് ലൈസന്‍സ് എടുക്കണം. ബൈക്ക് ഓടിക്കാന്‍ പഠിക്കണം. ബൈക്ക് ഓടിക്കാന്‍ പഠിച്ചതിനു ശേഷം ആദ്യം വാങ്ങിയത് ഒരു ബുള്ളറ്റായിരുന്നു. പിന്നീട് ബജാജ് അവഞ്ചര്‍ ക്രൂസിനോടായി കൂട്ട്. അവഞ്ചര്‍ തന്നെ തെരഞ്ഞെടുക്കാനുള്ള കാരണവും ജീന രഹസ്യമായി പറഞ്ഞു തന്നു. 'എനിക്ക് പൊക്കം പൊടിക്ക് കുറവുണ്ട്. അവഞ്ചറിനും ഉയരം കുറവാണല്ലോ. അതുകൊണ്ട് ഞങ്ങളങ്ങോട്ട് കൂട്ടാകാമെന്നു വച്ചു. വണ്ടി കൈയില്‍ നിക്കണമല്ലോ'.
ഒരു വര്‍ഷം മുമ്പാണ് ജീന റൈഡ്‌ഹോളിക്‌സിലും അംഗമാകുന്നത്. അവിടെ നിന്നാണ് ബാപുബാ ചലഞ്ചിനേക്കുറിച്ച് അറിഞ്ഞത്. യാത്രയോടും സാഹസികതയോടുമുള്ള ഇഷ്ടമാണ് ജീനയെ ചലഞ്ചിലേക്ക് എത്തിച്ചത്.

തയാറെടുപ്പുകള്‍

ചലഞ്ചിനു മുമ്പു നല്ല ഒരുക്കം അത്യാവശ്യമാണ്. ഒരാഴ്ച മുമ്പെങ്കിലും മാംസാഹാരങ്ങള്‍ ഒഴിവാക്കണമെന്നാണ് നിര്‍ദേശം. നന്നായി ഉറങ്ങണം. രാത്രി ഉറക്കമിളയ്ക്കരുത്. എന്നാല്‍ ജീന ഇതിലൊന്നു പോലും പാലിച്ചില്ലെന്നതാണ് സത്യം. ഇത്രയും ദൂരം ഒറ്റയ്ക്കു ബൈക്ക് ഓടിക്കണമെന്ന ചിന്തയൊന്നും ജീനയെ അലട്ടിയില്ല. ബംഗളൂരുവിലേക്ക് തിരിക്കുന്നതിനു തലേന്നും നല്ല ചിക്കന്‍ ബിരിയാണിയൊരെണ്ണം അകത്താക്കി. പിന്നെ ഉറക്കം. തന്റെ ജോലിയുടെ സ്വഭാവം വച്ച് ഉറക്കം കൃത്യമായി നടക്കില്ലെന്നു ജീന പറയുന്നു.

ചലഞ്ചിനു മുന്നോടിയായുള്ള പരിശീലന പരിപാടിക്കും ജീന പോയില്ല. ആദ്യമായാണ് ഇത്രയും ദൂരം കുന്നും മലയും താണ്ടി വണ്ടിയോടിക്കുന്നത്. ഇതിനു മുമ്പ് ഗോവ വരെ ബൈക്കില്‍ പോയിരുന്നു. പക്ഷേ നല്ല റോഡിലൂടെയായിരുന്നു യാത്രയെന്നു ജീന പറഞ്ഞു. കൂട്ടിന് സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. പിന്നീടുള്ളതെല്ലാം ചെറിയ യാത്രകളായിരുന്നു. ജീന ആവശ്യത്തിനു വിശ്രമം എടുത്തില്ലെങ്കിലും വണ്ടി സര്‍വീസ് ചെയ്തു കുട്ടപ്പനാക്കിയിരുന്നു. യാത്രയ്ക്കു ഒരാഴ്ച മുമ്പേ വണ്ടി സര്‍വീസ് സെന്ററില്‍ കൊണ്ടുപോയി മുഴുവന്‍ പാര്‍ട്‌സും ചെക്ക് ചെയ്തു. പുതിയ ടയറുകള്‍ വാങ്ങി. ഇത്രയും ദൂരം ഓടാനുള്ളതല്ലായിരുന്നോ. വണ്ടി വഴിയില്‍ കിടക്കരുതല്ലോ. ജീന ചെറു ചിരിയോടെ പറയുന്നു.

പിന്തുണയുമായി കുടുംബം

ചാലക്കുടി അഷ്ടമിച്ചിറ പാലത്തിങ്കല്‍ തോമസ് - ലൂസി ദമ്പതികളുടെ ഇളയ മകളാണ് ജീന മരിയ തോമസ്. അച്ഛനോടും അമ്മയോടും വെറുതെ ബംഗളൂരുവരെയൊന്നു പോയി വരാമെന്നു പറഞ്ഞാണ് ജീന ചലഞ്ചില്‍ പങ്കെടുക്കാന്‍ വണ്ടി കയറിയത്. വളരെ നാളത്തെ സ്വപ്‌നമായിരുന്നു. ഇത്രയും ദൂരം ഒറ്റയ്ക്കു ബൈക്കില്‍ പറക്കാനാണു പോകുന്നതെന്നറിഞ്ഞാല്‍ വീട്ടില്‍ നിന്നു വിട്ടില്ലെങ്കിലോ. അതുകൊണ്ടാണ് പറയാതിരുന്നതെന്നു പറഞ്ഞു ജീന കണ്ണിറുക്കി. പക്ഷേ ജീനയുടെ സഹോദരന്‍ ജിയോയോട് കാര്യം പറഞ്ഞിരുന്നു. ജിയോയാണ് ജീനയുടെ യാത്രകള്‍ക്ക് കട്ട സപ്പോര്‍ട്ടുമായി കൂടെയുള്ളത്.

റേഡിയോ ജോക്കിയായി കൊച്ചിയുടെ വിശേഷങ്ങള്‍ക്കൊപ്പമാണ് ജീനയിപ്പം ഉള്ളത്. ബിരുദ പഠനത്തിനു ശേഷം ആകാശവാണിയില്‍ ആര്‍ ജെ ആയിട്ടാണ് ജീന കൊച്ചിയിലെത്തിയത്. ഇതിനിടയ്ക്ക് കേരള മീഡിയ അക്കാദമിയില്‍ നിന്നു ജേര്‍ണലിസത്തില്‍ പിജി ഡിപ്ലോമ കരസ്ഥമാക്കി. പിന്നീട് തൃശൂരില്‍ ഒരു സ്വകാര്യ എഫ്എില്‍ ആര്‍ജെ ആയി ജോലിയില്‍ പ്രവേശിച്ചു. ഒരു വര്‍ഷം അവിടെ ജോലി ചെയ്തതിനു ശേഷം വീണ്ടും ആകാശവാണി കൊച്ചി എഫ്എില്‍ തിരികെ ആര്‍ ജെ ആയി ജോലിക്കു കയറി. ജീനയുടെ ഇഷ്ടങ്ങളുടെ കൂട്ടത്തില്‍ എഴുത്തുമുണ്ട്. ദൂരങ്ങളെ പ്രണയിക്കുന്നതുകൊണ്ട് യാത്രാ വിവരണങ്ങളോടാണ് കൂടുതല്‍ താത്പര്യം. 36 മണിക്കൂറിനുള്ളില്‍ 2,400 കിലോമീറ്റര്‍ റൈഡ് ചെയ്യാനുള്ള കിംഗ് ഓഫ് റോഡ് ചലഞ്ചില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ജീനയിപ്പോള്‍.

ബിജോ ടോമി