ശ്രീലക്ഷ്മിയുടെ ജീവിതം മാറ്റിമറിച്ചത് 4 സോപ്പ്; മുതൽ മുടക്ക് 630 രൂപ
ശ്രീലക്ഷ്മിയുടെ ജീവിതം മാറ്റിമറിച്ചത് 4 സോപ്പ്; മുതൽ മുടക്ക് 630 രൂപ
Friday, November 19, 2021 8:48 AM IST
അ​ധ്യാ​പി​ക​യാ​യി കു​ട്ടി​ക​ൾ​ക്കി​ട​യി​ൽ പാ​റി​ന​ട​ന്നി​രു​ന്ന​പ്പോ​ഴാ​ണ് ശ്രീ​ല​ക്ഷ്മി​യെ കോ​വി​ഡ് സ​മ്മാ​നി​ച്ച ലോ​ക് ഡൗ​ണ്‍ കൂ​ട്ടി​ല​ട​ച്ച​ത്. ജീവിതം വഴിതിരിച്ചുവിട്ട ലോക് ഡൗൺ.

തൃ​പ്ര​യാ​ർ ശ്രീ​വി​ലാ​സ് യു​പി സ്കൂ​ളി​ലെ മ​ല​യാ​ളം അ​ധ്യാപി​ക​യാ​യി​രു​ന്നു ശ്രീ​ല​ക്ഷ്മി. പെ​ട്ടെ​ന്നു സ്കൂ​ളും കു​ട്ടി​ക​ളു​മാ​യു​ള്ള സ​ന്പ​ർ​ക്കം ഇ​ല്ലാ​താ​യ​തോ​ടെ വ​ല്ലാ​ത്ത ഒ​റ്റ​പ്പെ​ട​ൽ അ​നു​ഭ​വ​പ്പെ​ട്ടു. അ​തോ​ടെ, മ​റ്റൊ​രു ജോ​ലിതേ​ടി. കു​റ​ച്ചു​നാ​ൾ ഒ​രു പ്രാദേശിക ചാ​ന​ലി​ൽ വാ​ർ​ത്ത വാ​യി​ച്ചു. തൃ​ശൂ​ർ ബ്രി​ല്യൻ​സ് കോ​ള​ജി​ൽ പി​എ​സ്‌​സി കോ​ച്ചിം​ഗ് ക്ലാ​സി​നു ചേ​ർ​ന്നു. തു​ട​ർ​ന്നു അ​വി​ടെ ജോ​ലി​ചെ​യ്തു. തൃ​ശൂ​രി​ലെ ഫ്ലാ​റ്റി​ൽ മ​ക​ളു​മൊ​ത്തു താ​മ​സി​ക്കു​ന്ന​തി​നി​ടെ​യാ​ണു വ​രു​മാ​ന​ത്തി​നാ​യി എ​ന്തെ​ങ്കി​ലും ചെ​യ്തു തു​ട​ങ്ങി​യാ​ലോ എ​ന്ന ചി​ന്ത തു​ട​ങ്ങി​യ​ത്.

ആ​ദ്യശ്ര​മ​ത്തെ​ക്കു​റി​ച്ച് ശ്രീ​ല​ക്ഷ്മി​ത​ന്നെ പ​റ​യുന്നതിങ്ങനെ: "ഒ​റ്റ​യ്ക്ക് ചെ​യ്യാ​വു​ന്ന എ​ന്തെ​ങ്കി​ലും ജോ​ലി. ചെ​റി​യൊ​രു വ​രു​മാ​നം. ഇ​താ​യി​രു​ന്നു ചി​ന്ത. ഇ​തി​നി​ട​യി​ലാ​ണ് സോ​പ്പ് ഉ​ണ്ടാ​ക്കു​ന്ന ഒ​രു വീ​ഡി​യോ യൂ​ട്യൂ​ബി​ൽ കാ​ണാ​നി​ട​യാ​യ​ത്. പി​റ്റേ​ന്നു​ത​ന്നെ അ​ടു​ത്തു​ള്ള സു​മം​ഗ​ല ആ​ന്‍റി​യു​ടെ വീ​ടി​ന്‍റെ ടെറ​സി​ലു​ള്ള ക​റ്റാ​ർ​വാ​ഴ​യു​ടെ ഒ​രു ത​ണ്ട് മു​റി​ച്ചുകൊ​ണ്ടു​വ​ന്നു. അ​വ​ശ്യസാ​ധ​ന​ങ്ങ​ൾ വാ​ങ്ങി അ​ന്നു​ത​ന്നെ ഞാ​നും മ​ക​ളും​ കൂ​ടി പ​രീ​ക്ഷ​ണം ആ​രം​ഭി​ച്ചു.

പി​റ്റേ​ന്നു സോ​പ്പു​ണ്ടാ​ക്കി സു​മം​ഗ​ല ആ​ന്‍റി​ക്കു​ത​ന്നെ കാ​ണി​ച്ചു​കൊ​ടു​ത്തു. ആ​ന്‍റി​ക്കു വ​ലി​യ അ​ദ്ഭു​തം. വ​ള​രെ ന​ന്നാ​യി​ട്ടു​ണ്ടെ​ന്നു പ​റ​ഞ്ഞു. ആ​ദ്യ​ശ്ര​മം ത​ന്നെ മകൾ അ​ഷ്മി​ത വീ​ഡി​യോ എ​ടു​ത്തു​ അ​ത് ഫേ​സ്ബു​ക്കി​ലൂ​ടെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചു. വ​ള​രെ ന​ല്ല പ്ര​തി​ക​ര​ണം ല​ഭി​ച്ചു. 630 രൂ​പ മു​ത​ൽമു​ട​ക്കി​ൽ ആ​ദ്യ​മു​ണ്ടാ​ക്കി​യ ആ ​നാ​ലു സോ​പ്പു​ക​ളാ​ണ് എ​ന്‍റെ ജീ​വി​ത​ത്തെ​ത്തന്നെ മാ​റ്റി​മ​റി​ച്ച​ത്. അ​ധ്യാ​പി​ക​യി​ൽ​നി​ന്ന് യു​വ​സം​രം​ഭ​ക​യി​ലേ​ക്കു​ള്ള പ​രി​ണാ​മം അ​ങ്ങ​നെ​യാ​യി​രു​ന്നു'.


ആ​ദ്യശ്ര​മം വ​ൻ വി​ജ​യ​മാ​യ​തോ​ടെ പി​ന്നെ റെ​ഡ്‌വൈ​ൻ, പ​പ്പാ​യ, ബീ​റ്റ്റൂ​ട്ട് എ​ന്നി​ങ്ങ​നെ വി​വി​ധ പ​ച്ച​ക്ക​റി​ക​ളും പ​ഴ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച് ഞാ​നും മോ​ളും സോ​പ്പുനി​ർ​മാ​ണം പൊ​ടി​പൊ​ടി​ച്ചു.

ശ്രീ​ല​ക്ഷ്മി​യു​ടെ വാ​ക്കു​ക​ളി​ൽ പ​റ​ഞ്ഞാ​ൽ ഒ​രു സാ​ന്പാ​റു ക​ഷണ​ത്തി​ൽ​നി​ന്നു​വ​രെ അ​വ​ൾ സോ​പ്പു​ണ്ടാ​ക്കു​മെ​ന്നു കൂ​ട്ടു​കാ​രും മ​റ്റും പ​റ​യു​ന്ന അ​വ​സ്ഥ. അ​ങ്ങ​നെ 15 വ്യ​ത്യ​സ്ത ഇ​നം സോ​പ്പു​ക​ൾ.

വി​ല്പ​ന ഫേ​സ്ബു​ക്ക്, ഇ​ൻ​സ്റ്റ​ഗ്രാം, വാ​ട്സാ​പ്പ് എ​ന്നി​വ​യി​ലൂ​ടെ ല​ഭി​ക്കു​ന്ന ഓ​ർ​ഡ​റ​നു​സ​രി​ച്ച്. വ​ളരെ മ​നോ​ഹ​ര​മാ​യി റാ​പ്പു​ചെ​യ്ത് ഗി​ഫ്റ്റ് പാ​യ്ക്കിലാക്കി​യാ​യി​രു​ന്നു വി​ല്പ​ന. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ഡി​മാ​ൻഡ് അനു​സ​രി​ച്ച് പി​ന്നീ​ട് ഷാം​പൂ, ക​ണ്ടീ​ഷ​ണ​ർ, ഹെ​യ​ർ ഓ​യി​ൽ, ഫേ​സ് ക്രീം ​തു​ട​ങ്ങി​യ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ നി​ർ​മാ​ണവും തു​ട​ങ്ങി. എ​ല്ലാം സ്വ​ന്തം ഫ്ലാ​റ്റി​ലാ​യി​രു​ന്നു ആ​ദ്യം.

ഒ​രു വ​ർ​ഷം പി​ന്നി​ട്ട​തോ​ടെ ക​ഴി​ഞ്ഞ​മാ​സം അ​യ്യ​ന്തോ​ളി​ൽ ഒ​രു വീ​ട് വാ​ട​ക​യ്ക്കെ​ടു​ത്തു പ്രൊ​ഡ​ക്ഷ​ൻ യൂ​ണി​റ്റ് അ​വി​ടേ​ക്കു മാ​റ്റി. ഇ​പ്പോ​ൾ 25 ത​രം സൗ​ന്ദ​ര്യ​വ​ർ​ധ​ക ഉ​ത്പ​ന്ന​ങ്ങ​ൾ നി​ർ​മി​ക്കു​ന്നു​ണ്ട് "എ​വ​ർ​ലി ഓർ​ഗാ​നി​ക്സ്' എ​ന്ന പേരിൽ ഒരു ​ക​ന്പ​നിയും രൂപീകരിച്ചു. അ​ഞ്ചു തൊ​ഴി​ലാ​ളി​ക​ൾ, പ്ര​തി​മാ​സം പ​തി​നാ​യി​ര​ങ്ങളു​ടെ വ​രു​മാ​നം.

"അ​ധ്യാ​പ​ന​ത്തി​ൽ​നി​ന്നു സോ​പ്പു നി​ർ​മാ​ണ​ത്തി​ലേ​ക്കു തി​രി​ഞ്ഞ​തി​ൽ മു​ഖം ചു​ളി​ച്ച​വ​രും നി​രു​ത്സാ​ഹ​പ്പെ​ടു​ത്തി​യ​വ​രും ഇ​പ്പോ​ൾ സ​പ്പോ​ർ​ട്ടു​മാ​യി ഒപ്പമുണ്ട്. പ​ക്ഷേ, എ​നി​ക്ക് സ​ജീ​വ പി​ന്തു​ണ ന​ൽ​കു​ന്ന​തും ക​ട്ടസ​പ്പോ​ർ​ട്ടു​മാ​യി കൂ​ടെ​യു​ള്ള​തും ര​ണ്ടാം​ക്ലാ​സു​കാ​രി ഇ​വ​ളു​ത​ന്നെ.'- മോ​ളെ ചേ​ർ​ത്തു​പി​ടി​ച്ച് ശ്രീ​ല​ക്ഷ്മി നി​റ​ചി​രി​യോ​ടെ പ​റ​ഞ്ഞു.

സെബി മാളിയേക്കൽ