പ്രമേഹരോഗികളുടെ ഭക്ഷണം
പ്രമേഹരോഗികളുടെ ഭക്ഷണം
Thursday, September 6, 2018 3:27 PM IST
പ്രമേഹരോഗികളുടെ ചികിത്സയില്‍ ഭക്ഷണത്തിന് അതിപ്രധാനമായ പങ്കാണുള്ളത്. ഒരാള്‍ക്ക് ആവശ്യമായ മുഴുവന്‍ ഊര്‍ജവും പോഷകങ്ങളും ലഭിക്കുന്ന രീതിയിലാവണം ഭക്ഷണക്രമം. ഒരുനേരം പോലും ഭക്ഷണം ഉപേക്ഷിക്കുന്നത് ഉചിതമല്ല. കൂടാതെ കുറച്ചു ഭക്ഷണം പലപ്രാവശ്യം എന്ന രീതി ശീലമാക്കുക.

പ്രായത്തിനും പൊക്കത്തിനും അനുസൃതമായ ശരീരഭാരം ക്രമീകരിക്കുവാന്‍ രോഗി പ്രത്യേകം ശ്രദ്ധിക്കണം. പൊക്കവും ഭാരവും ശാരീരിക അധ്വാനവും പ്രായവും ആണ്‍ പെണ്‍ ഭേദവും അനുസരിച്ചാണ് ഒരാള്‍ക്ക് ഒരു ദിവസത്തേ ക്കുവേണ്ട ഊര്‍ജം കണക്കാക്കുന്നത്. ആകെ ഊര്‍ജത്തില്‍ 55/ 65 ശതമാനം വരേണ്ടത് അന്നജത്തില്‍ നിന്നും, 15/ 20 ശതമാനം മാംസ്യത്തില്‍ നിന്നും, ബാക്കി (15/20 ശതമാനം) കൊഴുപ്പില്‍ നിന്നും ലഭിച്ചിരിക്കണം. മത്സ്യം, എണ്ണക്കുരുക്കള്‍, ഒലിവ് ഓയില്‍ എന്നിവ ഉപയോഗിക്കുക.

ഇതു ശ്രദ്ധിക്കാം

* പ്രമേഹരോഗികള്‍ പലതവണകളായി ആഹാരം ശീലമാക്കുക. എല്ലാ ദിവസവും പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം ഇതിനിടയില്‍ വറുത്തതും പൊരിച്ചതുമല്ലാത്ത ലഘുഭക്ഷണങ്ങള്‍ ശീലമാക്കണം.
* ആഹാരത്തില്‍ പലതരത്തിലുള്ള മുഴുധാന്യങ്ങള്‍, പക്ഷികളുടെ മാംസം, കൊഴുപ്പുകുറഞ്ഞ പാലുല്‍പന്നങ്ങള്‍ എന്നിവ കഴിക്കുക.
* നാരുകളടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളമായി ഉപയോഗിക്കുക.
* മാംസാഹാരം ഉപയോഗിക്കാത്തവര്‍, പനീര്‍, സോയപനീര്‍, പയറുവര്‍ഗങ്ങള്‍ എന്നിവ ധാരാളമായി ഉപയോഗിക്കുക.

* മധുരമില്ലാത്ത ചായ, ഉപ്പിട്ട നാരങ്ങാവെള്ളം, മോരുവെള്ളം തുടങ്ങിയവ ശീലമാക്കുക.

അന്നജം

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് അന്നജമാണ്. പ്രമേഹരോഗികള്‍ക്ക് കൊടുക്കേണ്ട ഇന്‍സുലിന്റെ അളവ് നിര്‍ണയിക്കുന്നത്, അവര്‍ കഴിക്കുന്ന ആഹാരത്തെ പ്രത്യേകിച്ച് അന്നജത്തിന്റെ അളവിനെ ആശ്രയിച്ചാണ്. അന്നജത്തിന്റെ നല്ല ഉറവിടമായി കണക്കാക്കുന്നത് പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, മുഴുധാന്യങ്ങള്‍ എന്നിവയാണ്.

പ്രോട്ടീന്‍

സമീകൃതാഹാരത്തില്‍ ഒഴിച്ചുകൂാനാവാത്ത ഭാഗമാണ് പ്രോട്ടീന്‍. അതു നമ്മെ വിശക്കാതെ സഹായിക്കുന്നതോടൊപ്പം ഗ്ലൂക്കോസ് നില അമിതമായി ഉയര്‍ത്താതെ കാക്കുന്നു. ശരിയായ ശരീരഭാരം നിലനിര്‍ത്താന്‍ കഴിക്കുന്ന ആഹാരത്തിന്റെ ഒരുഭാഗം പ്രോട്ടീന്‍ ഉപയോഗിക്കുക.

കൊഴുപ്പ്

ആരോഗ്യകരമായ കൊഴുപ്പുകളടങ്ങിയ നെയ്യ്, ഡാല്‍ഡ, ബട്ടര്‍ തുടങ്ങിയവ നിയന്ത്രിക്കുക.
* മധുരപലഹാരങ്ങളും മധുരപാനീയങ്ങളും ഒഴിവാക്കുക.

മത്സ്യത്തിന്റെ ഉപയോഗം

ആരോഗ്യകരമായ ഒരു നല്ല ഭക്ഷണമാണ് മത്സ്യം. മത്തി, അയില, കൊഴുവ എന്നിവയില്‍ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നു. ചിയ സീഡ്‌സ് പ്രമേഹരോഗികള്‍ക്ക് നല്ലൊരു ആഹാരമാണ്.