നാടിനെ ഊട്ടുന്ന അമ്മ
നാടിനെ ഊട്ടുന്ന അമ്മ
Monday, October 15, 2018 3:23 PM IST
ഓരോ മണി അരിയിലും ഓരോ ഉരുള ചോറിലും കടപ്പാടുണ്ട് ഡോ.എസ് ലീനാകുമാരിയോട്. വിഖ്യാതമായ ഉമ നെല്ലിനം വികസിച്ചു നമ്മുടെ പാടങ്ങളില്‍ ഹരിതവിപ്ലവം സമ്മാനിച്ച ശാസ്ത്രപ്രതിഭയാണ് ലീനാകുമാരി. കേരളത്തിലെ 60 ശതമാനം പാടങ്ങളിലും വിതയ്ക്കുന്നതും വിളയുന്നതും ഉമ നെല്ലാണ്. മങ്കൊമ്പ് നെല്ല് ഗവേഷണകേന്ദ്രത്തില്‍ വര്‍ഷങ്ങളോളം രാപകല്‍ നീണ്ട ഗവേഷണത്തിലൂടെ ലീനാകുമാരി വികസിപ്പിച്ചെടുത്തതാണ് ഉമ. കുട്ടനാട്ടിലും കോള്‍പാടങ്ങളിലും പാലക്കാട്ടും ഉമയെത്തിയിട്ട് മൂന്നു പതിറ്റാണ്ടു തികഞ്ഞു. നാടിന് ഇങ്ങനെയൊരു അന്നം നല്‍കാനായതില്‍ ലീനാകുമാരി സന്തുഷ്ടയാണ്. ഹെക്ടറിന് ഏഴു ടണ്‍ വരെയാണ് വിളവ്. ചുവന്ന അരി. കേരളത്തിലെ വിവിധ നെല്ല് ഗവേഷണ കേന്ദ്രങ്ങള്‍ ഇതോടകം വികസിപ്പിച്ച 124 ഇനങ്ങളില്‍ ഏറ്റവും പെരുമ നേടിയത് ഉമതന്നെ. കേരള കാര്‍ഷിക സര്‍വകലാശാല രജിസ്ട്രാറും മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിന്റെ മുന്‍ മേധാവിയുമായ ലീനാകുമാരിക്ക് 36 വര്‍ഷത്തെ ഗവേഷണ അനുഭവങ്ങള്‍ സ്വന്തം.

ഉമയുടെ പിറവി

പൊക്കാളി 372, പവിഴം എന്നീ നെല്ലിനങ്ങളുടെ വര്‍ഗസങ്കരണത്തിലാണ് എം.ഒ.16 എന്ന ലേബലുള്ള ഉമയുടെ പിറവി. പൊക്കാളി പിതൃ ഇനം. പവിഴം മാതൃഇനം. വിവിധ ജില്ലകളിലും വിവിധ കാലാവസ്ഥയിലും നടത്തിയ പരീക്ഷണകൃഷികള്‍ക്കും വിളവെടുപ്പിനുംശേഷം അനുയോജ്യമെന്നുകണ്ട് 1998ലാണ് ഉമയെ കര്‍ഷകരിലെത്തിച്ചത്. ശരാശരി ഹെക്ടറിന് നാലോ അഞ്ചോ ടണ്‍ വിളവു കിട്ടിയിരുന്ന കേരളത്തില്‍ രണ്ടര ടണ്ണിലേക്ക് വിളവു വര്‍ധിച്ചത് കര്‍ഷകര്‍ക്ക് ബംബര്‍ സാനമായിരുന്നു.

ഇപ്പോള്‍ കേരളത്തിനു പുറത്തെ പാടങ്ങളിലേക്കും ഉമ പടര്‍ന്നു വളര്‍ന്നുകൊണ്ടിരിക്കുന്നു. 120 മുതല്‍ 125 ദിവസം വരെയാണു വിളവ്. പുഞ്ചയ്ക്കും രണ്ടാം കൃഷിക്കും മെച്ചം. കര്‍ഷകരുടെ തലവേദനയായ മൂഞ്ഞ, ഗാളീച്ച എന്നിവയ്‌ക്കെതിരെ മികച്ച പ്രതിരോധശേഷി ഉമയ്ക്കുണ്ട്.

മറ്റ് നെല്ലിനങ്ങളെക്കാള്‍ തൂക്കവുമുണ്ട്. മഴയില്‍ നെല്ലില്‍നിന്നു കിളിര്‍ക്കുന്നതും നെന്‍മണികള്‍ കൊഴിയുന്നതും ചുവടോടെ മറിയുന്നതുമൊക്കെയായിരുന്നു പഴയ പല ഇനങ്ങളുടെയും പരിമിതിയെങ്കില്‍ ഉമയ്ക്ക് ഈ ന്യൂനതകളില്ലെന്നതും നേട്ടമായി. മഴയും മഞ്ഞും വെയിലുംകൊണ്ട് പാടത്തും പരീക്ഷണശാലകളിലും നടത്തിയ ഗവേഷണങ്ങളുടെ ഫലമാണിത്. മുളയ്ക്കുമ്പോള്‍ മുതല്‍ അരിയായി മാറുന്നതുവരെയുള്ള ഘട്ടങ്ങളെ ഓരോ ദിവസവും മണിക്കൂറും നിരീക്ഷിച്ചും പരീക്ഷിച്ചുമുള്ള അധ്വാനം.

വിശ്രമമില്ലാതെ

ഉമയെ കര്‍ഷകരില്‍ എത്തിച്ചശേഷവും ലീനാ കുമാരി വിശ്രമിച്ചില്ല. ഉമയുടെ തനിമ നഷ്ടപ്പെടാതെ കൂടുതല്‍ മെച്ചപ്പെടുത്താനും തനതുഗുണം നഷ്ടപ്പെടാതിരിക്കാനും ഈ ഗവേഷക ശ്രമം തുടര്‍ന്നുപോന്നു. ഇതിനിടെ പുതിയ വിത്തിനങ്ങള്‍ വികസിപ്പിക്കുന്നതിലും ഇവര്‍ ശ്രദ്ധവച്ചു.


കേരള കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നു കൃഷി ശാസ്ത്രത്തില്‍ ബിരുദവും തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാലയില്‍ നിന്ന് സ്വര്‍ണ്ണതിളക്കത്തില്‍ സസ്യ പ്രജനന വിഭാഗത്തില്‍ ബിരുദാനന്തര ബിരുദവും നേടിയ ലീനാകുമാരി 1981 ലാണ് കൃഷി ഓഫീസറായി പ്രവര്‍ത്തനം തുടങ്ങിയത്. 1982 ല്‍ മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിലെ സസ്യ പ്രജനന വിഭാഗത്തില്‍ ആരംഭിച്ച ഗവേഷണത്തിലും തിരുവല്ല ഗവേഷണ കേന്ദ്രം, പട്ടാമ്പി പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം എന്നിവിടങ്ങളിലെ വിവിധ ഗവേഷണ പദ്ധതികളിലും പങ്കാളിയായി. കര്‍ണാടക കാര്‍ഷിക ശാസ്ത്ര യൂണിവേഴ്‌സിറ്റിയില്‍നിന്നു ഡോക്ടറേറ്റ്‌നേടി. ഉമയ്ക്കു പുറമെ അത്യുല്‍പ്പാദന ശേഷിയും രോഗപ്രതിരോധശേഷിയുമുള്ള 24 നെല്ലിനങ്ങളും മൂന്ന് കരിമ്പിനങ്ങളും വികസിപ്പിച്ചെടുക്കുന്നതില്‍ നേതൃത്വപരമായ പങ്ക് ലീനാകുമാരി വഹിച്ചിട്ടുണ്ട്.

കേരളത്തിനു മുതല്‍കൂട്ടായ ഉമയ്ക്കു പുറമെ പ്രത്യാശ, ഹര്‍ഷ, വര്‍ഷ, ശ്വേത, ശ്രേയസ്, പൗര്‍ണമി എന്നീ നെല്ലിനങ്ങള്‍ ഉരുത്തിരിച്ചെടുക്കുന്നതിലെ പ്രധാന പങ്കാളിയും ഈ ഗവേഷകയാണ്.

'ഉമയില്‍ ഗവേഷണം തുടരുകയും മെച്ചപ്പെട്ട സാഹചര്യം ഒരുക്കുകയും ചെയ്താല്‍ ഹെക്ടറില്‍ എട്ടു പത്തു ലക്ഷം ടണ്‍ വരെ ഉത്പാദനം നേടാനാകും. അതായത് ഹെക്ടറിന് ആറു ടണ്ണോളം അരി.

ഹെക്ടറില്‍ 25 ടണ്ണായി ഉത്പാദനം കൂട്ടിയാല്‍ അരിയില്‍ കേരളം ഏറെക്കുറെ സ്വയംപര്യാപ്തമാകും. ഓരോ നെല്‍ചെടിയിലും നിന്ന് 100 ഗ്രാം വീതം നെല്ലു കിട്ടിയാല്‍ ഈ ലക്ഷ്യം സാധ്യമാക്കാം. പരീക്ഷണഘത്തില്‍ ഉമ ചെടിയില്‍നിന്ന് 100 ഗ്രാം അരി കിട്ടിയിട്ടുണ്ട്. അതിനാല്‍ ഹെക്ടറിന് 25 ടണ്‍ ഉത്പാദനക്ഷമത സാധ്യമാണ്' ലീനാകുമാരി പറയുന്നു.

കുടുംബം

സിപിഐ നേതാവായിരുന്ന ജോര്‍ജ് ചടയംമുറിയുടെയും സ്വാതന്ത്ര്യ സമരസേനാനിയും ആദ്യകാല കമ്യൂണിസ്റ്റ് നേതാവുമായ സുഭദ്രാ തങ്കച്ചിയുടെയും മകളും കേരളത്തിലെ ആദ്യ നിയമസഭാ സ്പീക്കര്‍ ശങ്കരനാരായണന്‍ തമ്പിയുടെ അനന്തരവളുമാണ് ഈ കാര്‍ഷികശാസ്ത്ര പ്രതിഭ. രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളില്‍ സജീവമായിരുന്ന പരേതനായ പി.ആര്‍. വിജയരാഘവനാണ് ഭര്‍ത്താവ്. ചിന്തു കൃഷ്ണന്‍, പാര്‍വതി എന്നിവര്‍ മക്കള്‍.

റെജി ജോസഫ്