വായ്പുണ്ണ്: കാരണങ്ങളും പരിഹാരങ്ങളും
വായ്പുണ്ണ്: കാരണങ്ങളും  പരിഹാരങ്ങളും
Thursday, January 25, 2018 3:50 PM IST
ജീവിതത്തിൽ എപ്പോഴെങ്കിലും വായിൽ പുണ്ണ് വരാത്തവരായി ആരുമുണ്ടാകില്ല. ആ സമയത്ത് ഭക്ഷണം കഴിക്കുന്പോഴുണ്ടാകുന്ന വേദനയും ബുദ്ധിമുട്ടും പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. എന്തിന്, സംസാരിക്കാൻപോലും ബുദ്ധിമുട്ടുന്ന ദിവസങ്ങളാണത്. ഇത് വീട്ടിൽ ഏതെങ്കിലും ആഘോഷവേളയിലാണെങ്കിൽ എല്ലാവരും പറയും അത്തിപ്പഴം പഴുത്തപ്പോൾ കാക്കയ്ക്കു വായ്പുണ്ണ് എന്ന്.

കാരണങ്ങൾ പലതാണ്

വായ്പുണ്ണ് സർവസാധാരണമാണെങ്കിലും എപ്പോഴും നിസ്സാരമായി കരുതാവുന്നൊരു രോഗാവസ്ഥയല്ല ഇത്. ഇതിെൻറ കാരണങ്ങൾ പലതാണ്. സാധാരണ വരുന്ന വായ്പുണ്ണ് കാൻസർ രോഗത്തിെൻറ വരെ രോഗലക്ഷണമായും അവതരിക്കാം. കൂടാതെ മറ്റ് ഉദരസംബന്ധമായതും വാതസംബന്ധമായതുമായ അനവധി രോഗങ്ങളുടെയും ഭാഗമായും വായ്പുണ്ണ് പ്രത്യക്ഷപ്പെടാറുണ്ട്.

രോഗ കാരണങ്ങൾ

1. സാധാരണ പല്ല് തേയ്ക്കുന്ന സമയത്ത് ബ്രഷിെൻറ കൂർത്ത മുനകൾ കൊള്ളുന്നതും കൃത്രിമ പല്ലുകളും കൂർത്ത പല്ലുകളും കൂർത്ത അരികുള്ള ചിപ്സ്, സമോസ മുതലായവ കഴിക്കുന്പോൾ ഉണ്ടാകുന്ന ചെറിയ മുറിവുകളും വായ്പുണ്ണിന് കാരണമാകാറുണ്ട്. സാധാരണഗതിയിൽ ഇത് ഏതാനും ദിവസങ്ങൾക്കുള്ളിൽ ഉണങ്ങാറുമുണ്ട്. ഉണങ്ങുവാൻ താമസമുണ്ടെങ്കിൽ കൃത്രിമ പല്ലുകളും കൂർത്ത പല്ലുകളുംമൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു ദന്തഡോക്ടറുടെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

ആഫ്തസ് അൾസർ (Aphthous Ulcer)

സർവസാധാരണയായി കാണുന്നതരം വായ്പുണ്ണുകളെയാണ് ഈ പേരിൽ വിളിക്കുന്നത്. കുട്ടികളിൽ സാധാരണ പരീക്ഷാസമയത്തും യുവാക്കളിൽ മാനസിക പിരിമുറുക്കമുണ്ടാകുന്ന ഘട്ടങ്ങളിലും പോഷകാഹാരക്കുറവുണ്ടാകുന്ന സമയത്തുമാണ് ഈ രോഗാവസ്ഥയുണ്ടാകുന്നത്. ചുണ്ടിലും നാക്കിലും വായ്ക്കുള്ളിൽ ഇരുവശങ്ങളിലും കുറുനാക്കിനു ഭാഗത്തുമാണ് സാധാരണയായി ഇത് കാണുന്നത്. വട്ടത്തിൽ ചുവന്ന അരികുകളുള്ള മഞ്ഞനിറത്തിൽ ഒന്നുമുതൽ അഞ്ചെണ്ണംവരെ ഒരേസമയത്ത് പ്രത്യക്ഷപ്പെടാറുണ്ട്. ഒരു സെൻറീമീറ്ററിനുതാഴെ വലിപ്പമുള്ളവ മൈനർ ആഫ്തസ് എന്നും. അതിലും വലിപ്പമുള്ളവയും കൂടുതൽ ആഴത്തിലുള്ളവയുമായ വ്രണങ്ങൾ മേജർ ആഫ്തസ് എന്ന പേരിലും അറിയപ്പെടുന്നു.

സാധാരണയായി മൈനർ ആഫ്തസ് 10 മുതൽ 14 ദിവസംവരെ നീളാറുണ്ട്. മേജർ ആഫ്തസ് മാസങ്ങളോളം നിലനിൽക്കാറുണ്ട്. ചിലപ്പോൾ ചെറുകുമിളകളായി തുടങ്ങി അടുപ്പിച്ചടുപ്പിച്ചുള്ള നിരവധി പുണ്ണുകളായും ഇത് പ്രത്യക്ഷപ്പെടാറുണ്ട്. ഇതിനെ ഹെർപെറ്റിഫോം ആഫ്തസ് സ്റ്റൊമറ്റൈറ്റിസ് എന്ന് വിളിക്കുന്നു.
ആഫ്തസ് അൾസർ ഉണ്ടാകുന്ന വ്യക്തികൾക്ക് പലപ്പോഴും 34 മാസത്തിെൻറ ഇടവേളകളിൽ ഈ പ്രശ്നം നിരന്തരമായി ഉണ്ടാകാറുണ്ട്. ചില ബാക്ടീരിയയുടേയും വൈറസുകളുടേയും പ്രോട്ടീനുകൾക്ക് വായിലെ കോശങ്ങളിലുണ്ടാകുന്ന പ്രോട്ടീനുമായുള്ള രൂപസാദൃശ്യമുള്ളതിനാൽ ശരീരത്തിെൻറ രോഗപ്രതിരോധ പ്രവർത്തനത്തിെൻറ പാർശ്വഫലമായി ഇത്തരം പ്രോട്ടീനുകൾക്കെതിരെ പ്രവർത്തിക്കുന്ന ആൻറിബോഡികൾമൂലവും ഇത്തരം വ്രണങ്ങളുണ്ടാകാമെന്ന് ശാസ്ത്രീയമായ പഠനങ്ങൾ സൂചിപ്പിക്കുന്നു.

ഉദരസംബന്ധമായ രോഗങ്ങൾ

അൾസറേറ്റീവ് കോളൈറ്റിസ്, ക്രോണ്‍സ് ഡിസീസ് എന്നീ ഉദരസംബന്ധമായ രോഗങ്ങളുമായി ബന്ധപ്പെട്ടും വായ്പുണ്ണ് പ്രത്യക്ഷപ്പെടാം. ഇത് വയറുവേദന, വയറിളക്കം, ദഹനക്കേട് എന്നീ രോഗലക്ഷണങ്ങളോടൊപ്പമോ അതിനു മുന്നോടിയായോ വരാവുന്നതാണ്. സീലിയാക് ഡിസീസ് അഥവാ ഗ്ലൂൻ സെൻസിറ്റീവ് എൻററോപ്പതി എന്നൊരു രോഗാവസ്ഥയും വായ്പുണ്ണുമായി ബന്ധപ്പെട്ട് വരാറുണ്ട്. ഗോതന്പ്, റാഗി എന്നിവയിൽ കാണുന്ന ഗ്ലൂൻ എന്നൊരു പ്രോീനോടുള്ള അലർജിയാണ് ഈ രോഗാവസ്ഥയ്ക്കു കാരണം. ഗ്ലൂൻ ഉൾപ്പെടുന്ന ഭക്ഷ്യവസ്തുക്കൾ ഒഴിവാക്കുന്നതാണ് ഇതിനുള്ള ചികിത്സ.

ബെഹ്സെറ്റ്സ് ഡിസീസ്

വായ്പുണ്ണായും രഹസ്യ ഭാഗങ്ങളിൽ പ്രത്യേകിച്ച് പുരുഷ·ാരുടെ ജനനേന്ദ്രിയത്തിലും വട്ടത്തിൽ ഒരുമിച്ചുണ്ടാകുന്ന മറ്റുചില പുണ്ണുകളും തൊലിപ്പുറത്തും കണ്ണിലുമുണ്ടാകുന്ന മറ്റുചില രോഗലക്ഷണങ്ങളും ഇതോടൊപ്പമുണ്ടാകുന്നു. ഈ രോഗാവസ്ഥ പിടിപെടുന്ന 25 ശതമാനം രോഗികൾക്ക് കാലക്രമേണ കാഴ്ച നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ആയതിനാൽ വായ്പുണ്ണിനോടൊപ്പം രഹസ്യ ഭാഗങ്ങളിലും തൊലിപ്പുറത്തും കണ്ണുകളിലും ഒരുമിച്ചുണ്ടാകുന്ന ഇത്തരം പ്രശ്നങ്ങളെ അർഹിക്കുന്ന ഗൗരവത്തോടെതന്നെ കാണേണ്ടതാണ്.

ത്വക്ക് രോഗങ്ങൾ

ത്വക്ക് രോഗങ്ങളുമായി ബന്ധപ്പെട്ടും വായ്പുണ്ണ് കണ്ടുവരാറുണ്ട്. ലൈക്കൻ പ്ലാനസ്, പെംഫിഗസ് തുടങ്ങിയ രോഗാവസ്ഥകൾ യഥാസമയം രോഗനിർണയം നടത്തി തക്കതായ ചികിത്സ നടത്തേണ്ടതാണ്. തൊലിപ്പുറത്തുണ്ടാകുന്ന രോഗലക്ഷണങ്ങൾക്് മാസങ്ങൾക്കുമുന്പുതന്നെ ഇത്തരം അസുഖവുമായി ബന്ധപ്പെട്ട് വരുന്ന വായ്പുണ്ണ് പ്രത്യക്ഷപ്പെടാം.


കാൻസർ

തുടർച്ചയായി ഒരേസ്ഥലത്തുണ്ടാകുന്ന വായ്പുണ്ണ് മാസങ്ങളോളം ഉണങ്ങാതെ നിൽക്കുകയും നിരന്തരം വലുതാകുകയും രക്തസ്രാവമുണ്ടാകുകയും ചെയ്യുന്നുണ്ടെങ്കിൽ അവയെ നിസാരമായി കാണരുത്. ഇത് കാൻസർരോഗത്തിെൻറ പ്രാരംഭ ലക്ഷണമാകാം. ഒരു ബയോപ്സിയിലൂടെ രോഗം തിരിച്ചറിയുകയും യഥാസമയം ചികിത്സ തേടുകയും ചെയ്യാം. അപൂർവമായി രക്താർബുദത്തിെൻറ രോഗലക്ഷണമായും ഇത് കണ്ടുവരുന്നു. രക്തപരിശോധനയിലൂടെ മാത്രമേ ഇത് തിരിച്ചറിയാൻ സാധിക്കൂ.

മരുന്നുകളുടെ ഉപയോഗം

ചില ആൻറിബയോട്ടിക്കുകളും വേദനാസംഹാരികളും കാൻസർ ചികിത്സയിലും ഹൃദ്രോഗത്തിെൻറ ചികിത്സയിലും ഉപയോഗിക്കുന്ന ചില മരുന്നുകളും ചിലരിൽ വായ്പുണ്ണ് ഉണ്ടാക്കാറുണ്ട്. പലപ്പോഴും ഈ മരുന്നുകൾ നിർത്തുന്ന മുറയ്ക്ക് ഇവ മാഞ്ഞുപോകാറുമുണ്ട്. അല്ലാത്തപക്ഷം രോഗകാരണമായ മരുന്നുകൾ മാറ്റി പകരം മരുന്നുകൾ നൽകാവുന്നതാണ്.

പരിശോധനകൾ

(1) വായ്പുണ്ണിെൻറ കാരണങ്ങൾ തിരിച്ചറിയാൻ ചിലപ്പോൾ രക്തപരിശോധന അനിവാര്യമായി വന്നേക്കാം. രക്തക്കുറവ്, ശ്വേതരക്താണുക്കളുടെ കുറവ്, ടിബി, സിഫിലിസ്പോലുള്ള അണുബാധ, ശരീരത്തിലെ ഇരുന്പിെൻറ അളവിലുള്ള കുറവ് മുതൽ രക്താർബുദംവരെ രക്തപരിശോധനയിലൂടെ കണ്ടുപിടിക്കാവുന്നതാണ്.

(2) തുടർച്ചയായി ഒരേസ്ഥലത്ത് വായ്പുണ്ണ് വരികയും അത് ഉണങ്ങാൻ താമസിക്കുകയും രക്തസ്രാവമുണ്ടാകുകയും ചെയ്യുന്പോൾ ചർമരോഗങ്ങളോടൊപ്പം വായ്പുണ്ണ് വരുന്പോഴും വ്രണമുള്ള ഭാഗത്തുനിന്നും ബയോപ്സിയെടുത്ത് പരിശോധിക്കേണ്ടതുമാണ്.

(3) വാതസംബന്ധമായ രോഗങ്ങളോടനുബന്ധിച്ചു വരുന്ന വായ്പുണ്ണ് ഉണ്ടാകുന്പോൾ പ്രത്യേക രക്തപരിശോധനകളും ആവശ്യമെങ്കിൽ ജനറ്റിക് ടെസ്റ്റുകളും വേണ്ടിവന്നേക്കാം.

ചികിത്സാരീതികൾ

സാധാരണ കാണുന്ന ആഫ്തസ് അൾസറും മറ്റ് അസുഖങ്ങളും വേർതിരിച്ചറിയുക എന്നതാണ് ചികിത്സയുടെ ആദ്യപടി. ആഫ്തസ് അൾസറിെൻറ ചികിത്സയ്ക്കായി വായ്ക്കകത്തു പുരട്ടുന്ന ആൻറിസെപ്റ്റിക് ജെല്ല്, മൗത്ത് വാഷ് (ക്ലോർഹെക്സിഡിൻ) ഉപയോഗിക്കാവുന്നതാണ്. കൂടാതെ വേദനയ്ക്ക് ആശ്വാസമേകാൻ ലിഗ്നോകെയ്ൻ, ബെൻഡൈഡാമിൻ എന്നീ മരുന്നുകളടങ്ങിയ ജെല്ല് ഉപയോഗിക്കാറുണ്ട്. പെട്ടെന്നുള്ള രോഗശാന്തിക്കായി സ്റ്റിറോയ്ഡ് അടങ്ങിയ മരുന്നുകൾ മൂന്നു മുതൽ അഞ്ചു ദിവസംവരെ ഉപയോഗിക്കാവുന്നതാണ്. ഇത് ദീർഘകാലം ഉപയോഗിക്കുന്നത് നല്ലതല്ല.

പോഷകാഹാരക്കുറവുണ്ടെങ്കിൽ വൈറ്റമിൻ ഗുളികകളും കൊടുക്കാറുണ്ട്. അൾസറേറ്റീവ് കോളൈറ്റിസ്, സിലിഷാക് ഡിസീസ് എന്നിവയ്ക്ക് ഗ്യാസ്ട്രോ മെഡിസിൻ ഡോക്ടറെ കണ്ട് എൻഡോസ്കോപ്പിയുൾപ്പെടെയുള്ള ശരിയായ ചികിത്സയെടുക്കേണ്ടതാണ്.

ബെഹ്സെറ്റ്സ് ഡിസീസുള്ളവർക്ക് നേത്രരോഗവിദഗ്ധെൻറ ചികിത്സ കാഴ്ചക്കുറവിനു പരിഹാരമേകും.
ചില അവസരങ്ങളിൽ ആൻറിബയോട്ടിക്കുകളും ചില പ്രത്യേകസാഹചര്യങ്ങളിൽ വളരെ അപൂർവമായി താലിഡോമൈസ്, കോൾചിസിൻ എന്നീ മരുന്നുകളും ഉപയോഗിക്കാറുണ്ട്.

മുൻകരുതൽ

വായ്ക്കകം വൃത്തിയായി സൂക്ഷിക്കുക, ഭക്ഷണാവശിഷ്ടങ്ങൾ പല്ലുകൾക്കിടയിലും വായ്ക്കകത്തും തങ്ങിനിന്ന് അണുബാധയുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക. ശരിയായ രീതിയിൽ പല്ലുതേയ്ക്കാനും ഭക്ഷണം കഴിച്ചശേഷം (പ്രത്യേകിച്ച് മധുപലഹാരങ്ങൾ) കഴിച്ചശേഷം നല്ലപോലെ വായ് കഴുകാൻ ശ്രദ്ധിക്കുക.

പുകവലി, മദ്യപാനം, പാൻമസാലപോലുള്ളവയുടെ ഉപയോഗം ഒഴിവാക്കുക. ഭക്ഷണത്തിൽ പഴങ്ങളും പച്ചക്കറികളും പച്ചിലക്കറികളും സലാഡും ഉൾപ്പെടുത്തി സമീകൃതാഹാരം കഴിക്കുന്നതു വഴി ഒരു പരിധിവരെ വായ്പുണ്ണ് ഉണ്ടാകുന്നതിനെ തടയാനാകും. പോഷകാഹാരക്കുറവ് യഥാസമയം കണ്ടുപിടിച്ച് പരിഹരിക്കണം. മറ്റേതു രോഗവുംപോലെ വായ്പുണ്ണിെൻറ യഥാർഥ കാരണം കണ്ടുപിടിച്ച് ശരിയായ ചികിത്സയെടുക്കേണ്ടതിെൻറ ആവശ്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. തക്കസമയത്തുള്ള ചികിത്സയിലൂടെ കാൻസർപോലുള്ള രോഗാവസ്ഥകൾപോലും പൂർണമായി ചികിത്സിച്ചു മാറ്റാവുന്നതാണെന്ന കാര്യം എപ്പോഴും ഓർക്കുക.

ഡോ. പ്രവീണ്‍ ഗോപിനാഥ്
ഇഎൻടി കണ്‍സൾട്ടന്‍റ് ആസ്റ്റർ മെഡിസിറ്റി, കൊച്ചി