സ്ത്രീകള്‍ക്ക് ഓജസ് നല്‍കുന്ന ഭക്ഷണം
നല്ല ആരോഗ്യത്തിന്റെ അടിസ്ഥാനമാണ് സമീകൃതാഹാരം. മുഴുധാന്യങ്ങള്‍, ഫലങ്ങള്‍, പച്ചക്കറികള്‍, കൊഴുപ്പുകുറഞ്ഞ ഭക്ഷണങ്ങള്‍, നല്ല കൊഴുപ്പുകള്‍ തുടങ്ങി വൈവിധ്യമുള്ള ഭക്ഷണങ്ങള്‍ സ്ത്രീകള്‍ കഴിക്കേണ്ടതാണ്. പക്ഷേ സ്ത്രീകളുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളില്‍ ഭക്ഷണരീതികളും മാറുന്നു.

പോഷകാഹാരത്തിന്റെ പ്രസക്തി

പോഷകസമൃദ്ധമായ ആഹാരം സ്ത്രീകള്‍ക്ക് ഊര്‍ജവും രോഗപ്രതിരോധശക്തിയും നല്‍കുന്നു.
* ഒരുദിവസത്തെ ഭക്ഷണത്തില്‍ 150- 200 ഗ്രാം മുഴുധാന്യങ്ങള്‍ ഉള്‍പ്പെടുത്തണം. ഉദാ: ചുവന്ന അരി, ഓട്‌സ്, കോണ്‍ഫ്‌ളക്‌സ് എന്നിവ.
* 300 എംഎല്‍ കൊഴുപ്പു കുറഞ്ഞതോ, കൊഴുപ്പ് നീക്കം ചെയ്തതോ ആയ പാല്‍ ഉത്പന്നങ്ങള്‍ (കൊഴുപ്പില്ലാത്ത പാല്‍, വെണ്ണ, പനീര്‍ തുടങ്ങിയവ ഉപയോഗിക്കാം).
* മാംസം, കോഴി, മീന്‍, മുട്ട, ബീന്‍സ്, പീസ് എന്നിവ ഒരു ദിവസം 100 ഗ്രാം ഉള്‍പ്പെടുത്തണം.
* 200 ഗ്രാം പഴവര്‍ഗങ്ങള്‍ ഉപയോഗിക്കാം.
* രണ്ടരകപ്പ് പച്ചക്കറികള്‍ പ്രത്യേകിച്ച് ഇലക്കറികള്‍, തക്കാളി, കാരറ്റ്, വെള്ളരിക്ക തുടങ്ങിയവ.

ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍

സ്ത്രീകളിലെ നല്ല ആരോഗ്യത്തിനും പ്രസരിപ്പിനും ഇരുമ്പ് വളരെ പ്രധാനമാണ്. ചുവന്ന മാംസം, കോഴി, മീന്‍, ചീര, ബീന്‍സ്, പരിപ്പ്, ഫോര്‍ട്ടിഫൈഡ് ബ്രഡ്, ധാന്യങ്ങള്‍ തുടങ്ങിയവയില്‍ ധാരാളം ഇരുമ്പ് അടങ്ങിയിരിക്കുന്നു.


അമിതഭാരം നിയന്ത്രിക്കാന്‍ പഞ്ചസാര, കൊഴുപ്പ്, മദ്യം തുടങ്ങിയ കലോറി കൂടിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക.

കൊഴുപ്പുള്ള മാംസാഹാരങ്ങള്‍, സോസേജുകള്‍, ചീസ്, കൊഴുപ്പുള്ള പാല്‍ ഉത്പന്നങ്ങള്‍, ബേക്കറി പലഹാരങ്ങള്‍, പീസ മുതലായവ പോലുള്ള പൂരിത കൊഴുപ്പ് കൂടുതലായഭക്ഷണ പദാര്‍ത്ഥങ്ങള്‍ മിതമായി ഉപയോഗിക്കുക.

ലഘുപാനീയങ്ങള്‍, മധുരം കലര്‍ത്തിയ പാനീയങ്ങള്‍, മിഠായികള്‍, ബേക്ക് ചെയ്ത ഭക്ഷണങ്ങള്‍, വറുത്ത പലഹാരങ്ങള്‍ എന്നിവയുടെ ഉപയോഗം നിയന്ത്രിക്കുക.

സ്ത്രീകള്‍ക്ക് പുരുഷന്മാരെ അപേക്ഷിച്ച് പേശികളുടെ കരുത്ത് കുറവാണ്. അതിനാല്‍ ആവശ്യമായ ഊര്‍ജത്തിന്റെ അളവും കുറവാണ്. സ്ത്രീകളിലെ ആരോഗ്യത്തിന് വ്യായാമം അത്യന്താപേക്ഷിതമാണ്. ഇതു ഭാരം നിയന്ത്രിക്കുന്നതിനും സ്‌ട്രെസ് കുറയ്ക്കുന്നതിനും സഹായിക്കുന്നു.

അനിത ജോണ്‍സണ്‍
ചീഫ് ഡയറ്റീഷന്‍, ലിസി ഹോസ്പിറ്റല്‍, എറണാകുളം