ലക്ഷ്യപ്രാപ്തിക്കായുള്ള ജീവിതം
ഇരുപത്തിനാലുകാരിയായ രജനി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ പ്രവേശനത്തിനുള്ള കോച്ചിംഗിലാണ്. വളരെ ലക്ഷ്യബോധ്യത്തോടെ ചെറുപ്പം മുതല്‍ കാത്തു സൂക്ഷിച്ച സ്വപ്‌നം പ്രാവര്‍ത്തികമാക്കുവാന്‍ പോസ്റ്റ് ഗ്രാജ്വേഷന്‍ കഴിഞ്ഞതോടെ അവള്‍ കഠിനാധ്വാനം തുടങ്ങി. കോച്ചിംഗിനും ചേര്‍ന്നു. ഇതിനിടയില്‍ കോളജില്‍ പഠിച്ചിരുന്ന ഒരു സഹപാഠിയുമായി സുഹൃദ് ബന്ധത്തിനപ്പുറമുള്ള ഒരു അടുപ്പം സൃഷ്ടിക്കപ്പെട്ടു. എങ്കിലും കോളജില്‍ നിന്നു പിരിഞ്ഞുപോയപ്പോള്‍ ആ ബന്ധത്തിന്റെ ശക്തി കുറഞ്ഞു. അമ്മയുമായി തീരെ മോശമായ ഒരു ബന്ധമാണവള്‍ക്ക് ഉണ്ടായിരുന്നത്. തന്മൂലം വിഷമസന്ധികളും പ്രശ്‌നങ്ങളും വരുമ്പോള്‍ ഈ സുഹൃത്തിനെ ഇടയ്ക്കിടെ വിളിക്കുമായിരുന്നു. അപ്പോള്‍ അയാള്‍ സാന്ത്വനവും സ്‌നേഹവും നടിച്ചിരുന്നതിനാല്‍ അവള്‍ക്ക് അയാളെ വിശ്വാസമായിരുന്നു.

തകര്‍ച്ചയിലെത്തിയ വിവാഹം

കോച്ചിംഗ് ക്ലാസില്‍ പങ്കെടുക്കുകയും പൂര്‍ണമായും അതില്‍ ലയിച്ചു ചേരുകയും ചെയ്ത സമയത്ത് ഒരു വിവാഹാലോചന വന്നു. നല്ല സാമ്പത്തികശേഷിയുള്ള ആളായിരുന്നതിനാല്‍ വീട്ടുകാര്‍ അതു നടത്തുവാന്‍ നിര്‍ബന്ധിച്ചു. അവള്‍ക്ക് വലിയ സമ്മതമൊന്നും ഇല്ലായിരുന്നു. എന്നാല്‍ നല്ല ബന്ധം വരുമ്പോള്‍ നടത്തിയില്ലെങ്കില്‍ പിന്നെ വിവാഹം നടക്കാന്‍ ബുദ്ധിമുേണ്ടിവരുമെന്ന് വീട്ടുകാര്‍ പറഞ്ഞപ്പോള്‍ അനുസരിച്ചു. വിവാഹം കഴിഞ്ഞയുടന്‍ തന്നെ ഭര്‍ത്താവും ഭര്‍തൃകുടുംബവുമായും പ്രശ്‌നങ്ങള്‍ ആരംഭിച്ചു. മര്‍ദനത്തിന്റെ ഘട്ടം വരെ എത്തിയപ്പോള്‍ മാതാപിതാക്കളും സഭയും ഇടപെട്ടു വിവാഹമോചനം നേടി. പഠനം മുടങ്ങിയതും വിവാഹ തകര്‍ച്ചയും അവളെ മാനസികമായി തകര്‍ത്തു. പല തവണ അവള്‍ ആഹത്യാശ്രമം നടത്തി. ധാരാളം പ്രാര്‍ഥിക്കുന്ന ആളായിരുന്നിട്ടും ദൈവം തന്നെ കൈവെടിഞ്ഞുവെന്ന ചിന്ത അവളെ അലട്ടി. എല്ലാവരും വഞ്ചകരാണെന്നും ജീവിച്ചിട്ട് കാര്യമില്ലെന്നും അവള്‍ പറഞ്ഞുകൊണ്ടിരുന്നു.

പഴയ സുഹൃത്തിന്റെ ഇടപെടല്‍

ഇതിനിടയില്‍ പഴയ സുഹൃത്ത് വീണ്ടും ഫോണില്‍ വിളിക്കാന്‍ തുടങ്ങി. വിവാഹമോചനം നടന്ന കാര്യം അയാള്‍ അറിഞ്ഞിരുന്നു. വീണ്ടും സാന്ത്വനവുമായി അയാള്‍ രംഗപ്രവേശം ചെയ്തു. നിരന്തരം ഫോണ്‍ വിളി തുടങ്ങി. രാവും പകലും മെസേജുകളും ചാറ്റുകളും തുടര്‍ന്നുകൊണ്ടിരുന്നു.

മനസിന് സ്വസ്ഥത കിട്ടട്ടെയെന്ന് പറഞ്ഞ് അയാള്‍ ജോലി ചെയ്യുന്നതിനടുത്ത് അവള്‍ക്കൊരു ജോലി തരപ്പെടുത്തിക്കൊടുത്തു. അവള്‍ മാതാപിതാക്കളുടെ സമ്മതപ്രകാരം ആ ജോലിയില്‍ പ്രവേശിച്ചു. അവിടെ അവര്‍ വളരെ അടുത്തിടപഴകി. അയാള്‍ അവളെ വിവാഹം കഴിക്കുമെന്നവളാഗ്രഹിച്ചു. അതെപ്പറ്റി സംസാരിച്ചപ്പോള്‍ അയാള്‍ തന്ത്രപൂര്‍ം ഒഴിഞ്ഞുമാറുന്നതായി അവള്‍ക്ക് മനസിലായി. അവള്‍ കടുത്ത നിരാശയില്‍ ജോലിയും ഉപേക്ഷിച്ച് തിരിച്ചു വീട്ടിലെത്തി. ഇനി ഒന്നിനും പോകുന്നില്ലെന്നും മരിക്കുകയാണ് നല്ലതെന്നും പറഞ്ഞ് വീട്ടില്‍ നിന്ന് പുറത്തിറങ്ങാതെ ഇരുപ്പായി. ഇടയ്ക്കിടെ കരയുകയും, തൊടുന്നതിനെല്ലാം ദേഷ്യപ്പെടുകയും ചെയ്തുകൊണ്ടിരുന്നു. ഇതിനിടയിലും അയാള്‍ ഫോണ്‍ ചെയ്യുമായിരുന്നു. അയാളുടെ ഫോണ്‍ വന്നുകഴിയുമ്പോള്‍ രജനിക്ക് വിഷാദം വര്‍ധിക്കും.കൗണ്‍സലിംഗിനായി

ഈ അവസ്ഥയിലാണ് കൗണ്‍സലിംഗിനെത്തിയത്. മാതാപിതാക്കളുടെ നിര്‍ബന്ധം കൊണ്ടുമാത്രമാണവള്‍ വന്നത്. അതുകൊണ്ടുതന്നെ രജനി വളരെ അസ്വസ്ഥയും അല്‍പം പോലും ശ്രദ്ധിക്കാന്‍ താല്പര്യമില്ലാത്ത നിലയിലും ആയിരുന്നു. മൂന്നുപ്രാവശ്യം പിണങ്ങി എഴുന്നേറ്റു പോകാനും ശ്രമിച്ചു. പിന്നീട് ക്രമേണ സഹകരിക്കുവാന്‍ തുടങ്ങി.


കൗണ്‍സലിംഗില്‍ ഫലം കണ്ടുതുടങ്ങി. അവളുടെ ജീവിതലക്ഷ്യമായ മാനേജ്‌മെന്റ് കോഴ്‌സിനുള്ള അഡ്മിഷനായി അവള്‍ കഠിനാധ്വാനം തുടങ്ങി. പിറ്റേവര്‍ഷം പ്രശസ്ത നിലയില്‍ രാജ്യത്തെ ഒന്നാമത്തെ സ്ഥാപനത്തില്‍ തന്നെ അഡ്മിഷന്‍ വാങ്ങുകയും ചെയ്തു.

ആഗ്രഹപൂര്‍ത്തീകരണം

റോബിന്‍സണ്‍എന്ന മാനേജ്‌മെന്റ് വിദഗ്ധന്‍ അദ്ദേഹത്തിന്റെ പുസ്തകത്തില്‍ പറയുന്നത് ജീവിതത്തില്‍ വിജയിക്കുവാന്‍ വ്യക്തമായ ഒരു സ്വപ്‌നം അനിവാര്യമാണെന്നാണ്. നള്‍ നിരന്തരം എന്താഗ്രഹിക്കുന്നുവോ അതു നമുക്ക് ലഭിക്കും. നമ്മുടെ ഉള്ളിലുള്ളതാണ് നമുക്ക് ലഭിക്കുക (Your Outside Reflects Your Inside). മനസിന് പ്രവര്‍ത്തിക്കാന്‍ വ്യക്തമായ ചിത്രങ്ങള്‍ ആവശ്യമാണെന്നും (Mind Works On Pictures)െ മനസിന് ഒരേ സമയത്ത് ഒരു ചിത്രം മാത്രമേ ഉള്‍ക്കൊള്ളാന്‍ കഴിയുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തന്നെ വളരെ വ്യക്തമായ ഒരു ചിത്രം മനസില്‍ കൊടുത്താല്‍ മാത്രമേ മനസിന് നമ്മെ ലക്ഷ്യത്തിലേക്ക് നയിക്കുവാന്‍ കഴിയുകയുള്ളുവെന്നും അദ്ദേഹം സമര്‍ഥിക്കുന്നു.

ഇടയ്ക്ക് മറ്റു ലക്ഷ്യങ്ങള്‍ കടന്നുവരുമ്പോള്‍ ശ്രദ്ധമാറിപ്പോകുകയും ലക്ഷ്യം തകരുകയും ചെയ്യും. രജനി ചെറുപ്പം മുതലേ നല്ല ഒരു സ്വപ്‌നവുമായി വളര്‍ന്നു വന്നവളാണ്. അത് അവളെ പോസ്റ്റ് ഗ്രാജ്വേഷന്‍ വരെയും പിന്നീട് കോച്ചിംഗിലേക്കും നയിച്ചു. എന്നാല്‍ അതിനിടയില്‍ വന്ന പ്രേമവും പിന്നീടുണ്ടായ വിവാഹവും ഒക്കെ മറ്റുവിവിധ ചിന്തകളും ലക്ഷ്യങ്ങളും മനസില്‍ ഉറപ്പിച്ചുവയ്ക്കാന്‍ കാരണമായി. തന്മൂലം പ്രധാനപ്പെട്ട ലക്ഷ്യം അവഗണിക്കപ്പെടുകയും വിസ്മരിക്കപ്പെടുകയും ചെയ്തു. തകര്‍ച്ച വന്ന് ഒന്നുകരകയറിവന്നപ്പോള്‍ വീണ്ടും പഴയ പ്രേമക്കാരന്‍ രംഗപ്രവേശം ചെയ്തതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. വീണ്ടും ബോധപൂര്‍വം പഴയലക്ഷ്യത്തെ ശക്തമായി മനസില്‍ സ്ഥാപിച്ചപ്പോള്‍ മറ്റു ലക്ഷ്യങ്ങള്‍ എല്ലാം പിന്‍വലിഞ്ഞു. ഇപ്പോള്‍ ആ ലക്ഷ്യപ്രാപ്തി മാത്രമാണുള്ളത്. അതുകൊണ്ടു നിരാശയും പരാജയ ഭീതിയും കഴിഞ്ഞകാല വീഴ്ചകളെപ്പറ്റിയുള്ള ഓര്‍മകള്‍ക്കും പ്രേമത്തിനും മനസില്‍ കയറാന്‍ അവസരം ലഭിക്കുന്നില്ല. മുഴുവന്‍ സമയവും പൂര്‍ണമായും ശക്തമായും പഠനചിന്തമാത്രം മനസില്‍ സൂക്ഷിച്ച് വിജയം നേടിയതിനൊപ്പം ആകുലതകള്‍ വികലുകയും ചെയ്തു.

നല്ല ലക്ഷ്യം കൊണ്ടുനടന്നാല്‍ നല്ലഫലം ലഭിക്കുന്നതുപോലെ തന്നെ ചീത്തയും വിനാശകരവുമായ ചിന്തകളും കൊണ്ടുനടന്നാല്‍ അത്തരം അനുഭവങ്ങളായിരിക്കും ജീവിതത്തില്‍ ഉണ്ടാകുക. എനിക്ക് എപ്പോഴും പരാജയമാണെന്ന് ചിന്തിച്ച് നടക്കുന്നയാള്‍ പരാജയത്തിന്റെ ചിത്രം നിരന്തരം സൃഷ്ടിക്കുന്നതുകൊണ്ട് അയാള്‍ക്ക് പരാജയം മാത്രമായിരിക്കും അനുഭവപ്പെടുക. മോഷണവും വ്യഭിചാരവും കലഹവും ദുര്‍വൃത്തിയും അസൂയയും മാത്സര്യവും കോപവും വിദ്വേഷവും നിരന്തരം മനസില്‍ കൊണ്ടുനടന്നാല്‍ അതുതന്നെ ഇടയ്ക്കിടെ സംഭവിച്ചുകൊണ്ടിരിക്കും. അതുകൊണ്ട് എന്തൊക്കെ അനര്‍ത്ഥം സംഭവിച്ചാലും അതിനുകാരണം നമ്മുടെ ചിന്തകളാണെന്ന് തിരിച്ചറിയണം. നല്ല ചിന്തകള്‍ മനസില്‍ സ്ഥാപിച്ചാല്‍ ആര്‍ക്കും നല്ലവരാകാം, നിശ്ചിതലക്ഷ്യത്തിലെത്താം.

ഡോ.പി.എം. ചാക്കോ പാലാക്കുന്നേല്‍
പ്രിന്‍സിപ്പാള്‍, നിര്‍മ്മല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കൗണ്‍സലിംഗ് ആന്‍ഡ് സൈക്കോതെറാപ്പി സെന്റര്‍
കാഞ്ഞിരപ്പള്ളി