രചനയുടെ മഴവില്ലഴകു തീര്‍ത്ത്
രചനയുടെ മഴവില്ലഴകു തീര്‍ത്ത്
Thursday, September 27, 2018 3:04 PM IST
മലയാളത്തിലെന്നപോലെ ഇംഗ്ലീഷിലും ഹിന്ദിയിലും സാഹിത്യരചന. കവിതയും ചെറുകഥയും നോവലുമെല്ലാം നിറയുന്ന സര്‍ഗശേഷി. പതിമ്മൂന്നു ഗ്രന്ഥങ്ങളില്‍നിന്ന് 33 പുരസ്‌കാരങ്ങള്‍. വിവിധയിനം പഴച്ചെടികളും പൂച്ചെടികളും പച്ചക്കറികളുമെല്ലാം വിളയിച്ചെടുക്കുന്ന കര്‍ഷക സ്ത്രീയുടെ കൈപ്പുണ്യം. ഗാനാലാപനങ്ങളും പ്രഭാഷണങ്ങളുമെല്ലാമായി സാംസ്‌കാരിക വേദികളിലെ സാന്നിധ്യം. അഭിനേത്രി. ഒപ്പം നിരാലംബര്‍ക്കു ജീവകാരുണ്യത്തിന്റെ തണല്‍. ഇത്രയും സവിശേഷതകളുള്ള ഒരാള്‍. അതാണു ജസീന്ത മോറീസ്. തിരുവനന്തപുരത്ത് അക്കൗണ്ടന്റ് ജനറല്‍ ഓഫീസില്‍ സീനിയര്‍ അക്കൗണ്ടന്റ്. ഒഴിവുവേളകളിലെല്ലാം വളരെ തിരക്കിലാണ്; രചനയുടെയും സംഗീതത്തിന്റെയും സര്‍ഗാത്മകതയുടെ തിരക്ക്. കൃഷിയിലും ജീവകാരുണ്യസേവനങ്ങളിലും മുഴുകാനുള്ള ഓട്ടം.

വിവിധ ഭാഷകളിലും ഭിന്നമായ സാഹിത്യ ശാഖകളിലുമായുള്ള രചന മഴവില്ലഴകുപോലെ. മാനവീകതയ്‌ക്കൊപ്പം പൂച്ചെടികള്‍ പൂത്തുലയുമ്പോള്‍ വസന്തം.

നിറയുന്നത് ചുറ്റുമുള്ള ലോകം

കാടുകയറുന്ന ഭാവനകളോ ഭ്രമകല്‍പനകളോ ജസീന്ത മോറിസിന്റെ കൃതികളില്‍ ഇല്ല. ജസീന്ത അക്ഷരങ്ങളിലേക്ക് ആവാഹിക്കുന്നത് താന്‍ കണ്ട ജീവിതങ്ങളെയും ചുറ്റുമുള്ള ലോകത്തെയുമാണ്. തൊട്ടറിഞ്ഞ അനുഭവങ്ങളാണവ. കറിയില്‍ പാകത്തിന് ഉപ്പെന്നപോലെ ഭാവനയും നാടകീയതയും ഉദ്വേഗവുമെല്ലാം ചേരുവയാകുമ്പോള്‍ ഏവര്‍ക്കും സ്വാദിഷ്ടമായ അക്ഷര വിരുന്നാകും.

മനസിലാകാത്ത മിസ്റ്റിക് രചനയില്ല. പറയാനുള്ളത് വളച്ചുകെട്ടലുകളില്ലാതെ നേരിട്ടു പറയുന്നു. അധികം വിശേഷണങ്ങള്‍ ഇല്ലാതെ എഴുതാറുള്ള മലയാളത്തിന്റെ പ്രിയപ്പെട്ട മാധവിക്കുിയുടെ വഴിയിലൂടെയാണ് ജസീന്തയുടെ രചന. യാഥാര്‍ഥ്യങ്ങളെ ഒപ്പിയെടുക്കുന്ന എഴുത്ത്.

ജീവിതമെന്ന മഹാപുസ്തകത്തില്‍നിന്നാണ് ജസീന്തയുടെ കഥയും കവിതയും ഒഴുകുന്നത്. ഫെമിനിസ്റ്റ് എന്ന മേല്‍വിലാസമണിയാതെ സ്ത്രീയുടെ വേദനകളേയും നൊമ്പരങ്ങളേയും പീഡാനുഭവങ്ങളേയും ശക്തമായി അവതരിപ്പിക്കുന്നു. സത്യത്തിന്റെ പക്ഷത്തുനിന്ന് അസത്യത്തേയും അധര്‍മത്തേയും ആക്രമിക്കുകയാണ് ജസീന്ത. ഒരു പുഴ ഒഴുകും പോലെ സ്വച്ഛവും സുന്ദരവുമായ രചനാവഴികളെന്നാണ് ഡോ. ജോര്‍ജ് ഓണക്കൂര്‍ ജസീന്തയുടെ രചനകളെ വിലയിരുത്തിയത്.

ഭര്‍ത്താവ് മരിയന്‍ ഹെന്‍ട്രി വ്യോമസേനയിലും വിദേശത്തുമായിരുന്നു. മക്കള്‍ പ്രിസില്ലയും ഡോ. പെട്രീഷ്യയും ഉപരിപഠനത്തില്‍ മുഴുകി. ഒറ്റപ്പെടലുകളില്‍നിന്ന് രക്ഷപ്പെടാനാണ് സാഹിത്യത്തിന്‍േറയും കൃഷിയുടേയും ജീവകാരുണ്യത്തിന്‍േറയുമെല്ലാം വഴിയിലേക്കു തിരിഞ്ഞത്. മാര്‍ഗദര്‍ശനമായത് പ്രഫ. ജി.എന്‍.പണിക്കരെപ്പോലുള്ള ഗുരുക്കളുടെ പ്രോല്‍സാഹനവും ഉപദേശവും.

കഥകേട്ടു വളര്‍ന്ന ബാല്യം

കുട്ടിക്കാലം മുതല്‍ക്കേ ധാരാളം വായിക്കുമായിരുന്നു. അമ്മ ഉള്‍പ്പെടെ വീട്ടിലെ മുതിര്‍ന്നവര്‍ പറഞ്ഞുതന്ന കഥകള്‍ കോണു വളര്‍ന്നതെന്നു ജസീന്ത ഓര്‍ക്കുന്നു. എഴുതാനുള്ള ആഗ്രഹത്തിന്റെ ആദ്യവിത്തുകള്‍ മനസില്‍ പാകിയതും ഇതൊക്കെയാണ്. ജോലിയില്‍ പ്രവേശിച്ച ശേഷമാണ് എഴുത്തിന്റെ ലോകത്ത് സജീവമായത്. കവിതയാണ് ആദ്യരചന. പലരുടേയും പ്രേരണയാല്‍ എഴുതിത്തുടങ്ങിയ ജസീന്ത പിന്നെ വളരെ വേഗത്തിലാണ് എഴുത്തിന്റെ വിശാലമായ ലോകത്തേക്ക് പാറിപ്പറന്നത്. ചിട്ടവട്ടങ്ങളും വൃത്തകല്‍പനകളുമെല്ലാം പൊളിച്ചെഴുതിയ കവിതകള്‍. പ്രകൃതിയും സ്‌നേഹവുമെല്ലാം അതില്‍ അലിഞ്ഞു ചേര്‍ന്നു. അറിഞ്ഞോ അറിയാതെയോ െ്രെകസ്തവ പശ്ചാത്തലങ്ങള്‍ കവിതയില്‍ കടന്നുവരുന്നുണ്ട്. ക്രിസ്തു ലോകത്തോടു പറഞ്ഞ നന്‍മകളുടെ സന്ദേശം ജസീന്താകവിതകളില്‍ ശ്രുതിയും ലയവുമെന്നപോലെ ഇഴുകിച്ചേര്‍ന്നു.

എഴുത്തിന്റെ പിറവി

2002 ലാണ് ജസീന്തയുടെ ആദ്യ കവിതാസമാഹാരമായ 'ബിഡ്‌സ് ഓഫ് വിസ്ഡം' പുറത്തുവന്നത്. 2008 ല്‍ 'സ്‌റ്റെയേഴ്‌സ് ടു ഡോണ്‍' എന്ന ചെറുകഥാ സമാഹാരം എഴുത്തിന്റെ ഉന്നത ലോകത്തേക്കുളള സ്‌റ്റെയേഴ്‌സായി, അതേ, പടവുകളായി. 2011 ല്‍ ഖകാവ്യമായ 'ഇഫ് ദ നൈറ്റ് കുഡ് ടോക്ക്' പ്രസിദ്ധീകരിച്ചു. അതിന്റെ മലയാളം പരിഭാഷയായ 'രാവിന് ഓതുവാനാ കുമെങ്കില്‍', ഇംഗ്ലീഷ് ഹിന്ദി മലയാളം കവിതകളുടെ സമാഹാര മായ 'വണ്‍ വോയ്‌സ് ത്രി സ്ട്രീംസ് ആന്‍ഡ് എ കണ്‍ഫ്‌ളുവന്‍സ്', ചെറുകഥകളുടേയും കവിതകളുടേയും സമാഹാരമായ 'ബബിള്‍സ് ഓഫ് റിയാലിറ്റീസ്', ചെറുകഥ സമാഹാരങ്ങളായ 'കരിയിലകള്‍ കരയാറില്ലേ?', 'മഞ്ചാടി മണികള്‍' തുടങ്ങിയ പുസ്തകങ്ങള്‍ ജസീന്തയെന്ന എഴുത്തുകാരിയെ പ്രശസ്തയാക്കി. രണ്ടു നോവലുകള്‍ പ്രസിദ്ധീകരണത്തിനായി ഒരുങ്ങുന്നു.


തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ സാഹിത്യ സാംസ്‌കാരിക സദസുകളില്‍ നിറ സാന്നിധ്യമാണ് ജസീന്ത. 'മലയാളം, തമിഴ് ആന്‍ഡ് ഇന്ത്യന്‍ ഇംഗ്‌ളീഷ് റൈറ്റേഴ്‌സ് ഫോറം' സെക്രട്ടറിയാണ്. നൂറു പ്രതിമാസ സാഹിത്യ സദസുകള്‍ പിന്നിട്ട ഈ സംഘടനയിലെ എഴുത്തുകാരായ അംഗങ്ങള്‍ ഓരോ പ്രതിമാസ സദസിലും തങ്ങളുടെ പുതിയ രചനകള്‍ മാത്രമാണ് അവതരിപ്പിക്കുന്നത്. മലയാളം എഴുത്തുകാരുടെ സംഘടനയായ 'വായനക്കൂട്ടായ്മ', ഇംഗ്‌ളീഷ് എഴുത്തുകാരുടെ കൂട്ടായ്മ തുടങ്ങിയ പ്രസ്ഥാനങ്ങളിലെ സജീവ അംഗമാണ്. രചനകള്‍ അവതരിപ്പിക്കാറുമുണ്ട്. ജസീന്ത വൈസ് പ്രസിഡന്റായ 'സായന്തനം' മ്യൂസിക്‌സിന്റെ പരിപാടികളില്‍ ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഗാനങ്ങളെല്ലാം പാടും.

പുരസ്‌കാരങ്ങള്‍

വലുതും ചെറുതുമായി 33 അവാര്‍ഡുകളും അനേകം ആദരങ്ങളും ജസീന്തയുടെ നല്ല മനസിനെ തേടിയെത്തി. ദേവരാജന്‍ ഫൗണ്ടേഷന്‍ തിരുവനന്തപുരം, കാത്തലിക് വെല്‍ഫെയര്‍ അസോസിയേഷന്‍ കൊല്ലം, ഖാദി പ്രചാരസമിതി തിരുവനന്തപുരം, ഗ്രീന്‍വുഡ് ട്രീ തിരുവനന്തപുരം, ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഓഡിറ്റേഴ്‌സ് ആന്‍ഡ് അക്കൗണ്ടന്റ്‌സ്, കവിതാരത്‌നം അവാര്‍ഡ്, വിശ്വകര്‍മ സെന്റര്‍ ഫോര്‍ കള്‍ച്ചര്‍ തിരുവനന്തപുരം, സായന്തനം അവാര്‍ഡ്, ഗീതാഞ്ജലി അവാര്‍ഡ്, സാമൂഹ്യപ്രവര്‍ത്തനത്തിനുളള തിരുവള്ളൂര്‍ ഇന്റര്‍സ്‌റ്റേറ്റ് അവാര്‍ഡ്, മഹാകവി ഉള്ളൂര്‍ അവാര്‍ഡ്, കര്‍മശ്രേയസ് അവാര്‍ഡ്, രാജീവ്ഗാന്ധി മെമ്മോറിയല്‍ സാഹിത്യരത്‌ന അവാര്‍ഡ്, ഗോവിന്ദ് രചനനവരസ അവാര്‍ഡ്, ഗ്ലോബല്‍ പ്രവാസി ലിറ്റററി ഇന്റര്‍നാഷണല്‍ അവാര്‍ഡ് മുംബൈ, മകരം അവാര്‍ഡ്, മീഡിയ സിറ്റി സാഹിത്യരത്‌ന അവാര്‍ഡ്, ലീഡര്‍ കെ. കരുണാകരന്‍ സ്മാരക സാഹിത്യ അവാര്‍ഡ്, കൃഷിക്കു ഹരിത സാഹിത്യ അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ ജസീന്തയെ തേടിയെത്തി.

ഏജീസ് ഓഫീസിലെ വെല്‍ഫെയര്‍ അസിസ്റ്റന്റായ ആദ്യ വനിതയാണ് ജസീന്ത മോറിസ്. അഭിനേത്രി എന്ന നിലയില്‍ ജസീന്തയുടെ മികച്ച വേഷം കസ്തൂര്‍ബാ ഗാന്ധിയുടേതാണ്. മഹാാഗാന്ധി ഡോക്യുമെന്ററിയിലാണ് കസ്തൂര്‍ബയായി വേഷമിത്.

ബംഗളുരുവില്‍ ജനിച്ച് കൊല്ലത്തെ ശക്തികുളങ്ങരയില്‍ വളര്‍ന്ന് അനന്തപുരി കര്‍മമലമാക്കിയ ജസീന്ത ഇന്ന് മലയാളത്തിന്റെ അഭിമാനമാണ്. കലയിലും സാഹിത്യത്തിലും കൃഷിയിലും പരിസ്ഥിതി സംരക്ഷണത്തിലുമെല്ലാം മാതൃകയായ മലയാളത്തിന്റെ പെണ്‍പെരുമ. ഇംഗ്ലീഷിലെഴുതി ലോകത്തിന് മുന്നില്‍ മലയാളത്തിന്റെ യശസുയര്‍ത്തിയ മാധവിക്കുട്ടിയെപ്പോലെ ജസീന്ത എഴുത്തു തുടരുകയാണ്.

പ്രകൃതിസ്‌നേഹം

മനസില്‍ നന്മയുളളവര്‍ക്കേ പ്രകൃതിയോടും സ്‌നേഹം തോന്നൂ. ജസീന്തയുടെ പ്രകൃതിസ്‌നേഹം ആ മനസിലെ നന്മയുടെ പച്ചപ്പാണ്. വീടിനോടു ചേര്‍ന്ന് മനോഹരമായ ഒരു പച്ചത്തുരുത്ത് ജസീന്ത ഒരുക്കിയെടുത്തിുണ്ട്. അവിടെ അനേകം ഇനം പഴവര്‍ഗച്ചെടികള്‍, പലതരം പൂച്ചെടികള്‍, പച്ചക്കറിയിനങ്ങളും ധാരാളം. ജൈവ പഴങ്ങള്‍ ഓഫീസിലടക്കം പ്രിയപ്പെവര്‍ക്കു സാനിച്ചുകൊണ്ടേയിരിക്കുന്നു. മനോഹരമായ തോം വാര്‍ത്താ ചാനലുകളിലും കൗതുക വിശേഷമായത് അതുകൊണ്ടാണ്.

അശരണര്‍ക്ക് ആലംബമായ്

ഇതിനെല്ലാം പുറമേയാണ് കൊട്ടിഘോഷിക്കാതെ അശരണര്‍ക്കായുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍. അഗതി മന്ദിരങ്ങ ളിലും ജയിലുകളിലുമെല്ലാം ആ ശുശ്രൂഷകള്‍ എത്തുന്നു. അവയുടെയെല്ലാം പുണ്യം ജസീന്തയ്‌ക്കൊപ്പം. അഗതി മന്ദിരമായ പത്തനാപുരം ഗാന്ധിഭവന്‍ ആദരിച്ചത് ജസീന്തയുടെ ജീവകാരുണ്യ സേവനങ്ങളെക്കൂടിയാണ്.

പക്ഷിമൃഗാദികളോടുളള ജസീന്തയുടെ സ്‌നേഹം 2014 ല്‍ പുറത്തിറങ്ങിയ 'ട്രൂലി ബിലീവബിള്‍' എന്ന പുസ്തകത്തില്‍ വായിച്ചറിയാം. പക്ഷിമൃഗാദികള്‍ ജസീന്തയോടു സംസാരിച്ചതും ആശയവിനിമയം നടത്തിയതുമെല്ലാം അത്യപൂര്‍വമായ വിവരണമാണ്.

പി. രാജേഷ്