മിലീ ബാഗ് മെയ്ഡ് ഇന്‍ കുട്ടനാട്
മിലീ ബാഗ് മെയ്ഡ് ഇന്‍ കുട്ടനാട്
Friday, November 16, 2018 3:11 PM IST
പ്രളയം ഒന്നിലേറെ തവണ അതിന്റെ രൗദ്രഭാവം പുറത്തെടുക്കാന്‍ തെരഞ്ഞെടുത്ത വേദിയാണ് കുട്ടനാട്. കേരളത്തിന്റെ നെല്ലറയായ കുട്ടനാിലെ ജനങ്ങള്‍ പല വെല്ലുവിളികളും നേരിട്ട നാളുകളാണ് കഴിഞ്ഞു പോയതും. എന്നാല്‍ പ്രകൃതി നല്‍കിയ ഓരോ വെല്ലുവിളികളെയും ക്ഷമയോടും സാമര്‍ഥ്യത്തോടും കൂടെ അവര്‍ നേരിട്ടു എന്നതാണ് ശ്രദ്ധേയം. പ്രളയത്തിനുശേഷം, കഴിഞ്ഞ ഏതാനും നാളുകളായി കുട്ടനാട് നടത്തി വരുന്ന അതിജീവന മികവിന്റെ മറ്റൊരുദാഹരണമാണ് മിലീ ബാഗുകള്‍. അതെ, കുട്ടനാടിന്റെ അതിജീവനത്തിന്റെ പ്രതീകം. അറിയാം, മിലീ ബാഗുകളെക്കുറിച്ച്...

കുട്ടനാിലെ മഹിളകളുടെ മനക്കരുത്തിന്റെ പ്രതീകം

വേമ്പനാട് കായലിന്റെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന എട്രീ, സുസ്ഥിര എന്നീ സംഘടനകളോട് ആലപ്പുഴ ജില്ലയിലെ തന്നെ മുഹമ്മ പഞ്ചായത്തും ചേര്‍ന്ന് പ്രദേശത്തെ സ്ത്രീകള്‍ക്ക്, ഉപയോഗശൂന്യമായ വസ്ത്രങ്ങള്‍ ഉപയോഗപ്രദമാക്കുന്നതിനുള്ള ട്രെയിനിംഗ് നല്‍കി വന്നിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ പ്രളയകാലത്ത് അവരില്‍ പലര്‍ക്കും കിടപ്പാടവും ഉപജീവനമാര്‍ഗവും നഷ്ടപ്പെട്ടു. അതിനുള്ള പരിഹാരമായാണ് പഴയ തുണിയില്‍ നിന്നും ബാഗുണ്ടാക്കുക എന്ന ആശയം ജനിച്ചത്. പ്രദേശത്തെ വനിതകളുടെ ജീവനോപാധിയ്ക്ക് പുതുജീവനുമായി മിലീ ബാഗുകള്‍ രംഗപ്രവേശം ചെയ്തു.

മിലീയുടെ മേക്കിംഗ്

ഉപയോഗശൂന്യമായ, അല്ലെങ്കില്‍ പുതുമ നഷ്ടപ്പെട്ട അതുമല്ലെങ്കില്‍ ഫാഷന്‍ മാറിയതുകൊണ്ട് ഉപേക്ഷിച്ച വസ്ത്രങ്ങളില്‍ നിന്നാണ് മിലീ ബാഗുകള്‍ പിറവിയെടുക്കുന്നത്. സാരി, ബെഡ്ഷീറ്റ്, മുണ്ട്, കര്‍ട്ടന്‍ തുടങ്ങി നീളമുള്ള തുണികള്‍ ശേഖരിച്ച്, സംഭരിച്ച്, കൃത്യമായി ശുചിയാക്കി, തയ്യല്‍ മെഷീന്‍ ഉപയോഗിച്ച് അടിച്ചാണ് ബാഗുകളാക്കുന്നത്. തീരെ മോശമായ തുണികള്‍ സ്വീകരിക്കാറുമില്ല. ഒരു സാരി ഉപയോഗിച്ച് ആറ് ബാഗുകള്‍ വരെയേ നിര്‍മിക്കാനാവൂ. അതുകൊണ്ടുതന്നെ ഒരേ നിറവും ഡിസൈനുമുള്ള ബാഗുകള്‍ അനേകമാളുകളില്‍ കാണും എന്ന ചിന്ത വേണ്ട. നിലവില്‍ വീടുകളില്‍ ഇരുന്നു തന്നെയാണ് സ്ത്രീകള്‍ ബാഗുകള്‍ തയാറാക്കുന്നത്. സ്ട്രിംഗ് ബാഗുകളും പൗച്ച് ബാഗുകളും അതില്‍ ഉള്‍പ്പെടും.



മിലീയുടെ പിന്നില്‍

ആലപ്പുഴ ജില്ലയിലെ വേമ്പനാട് കായലിന്റെ തീരത്തുള്ള ചില എന്‍ജിഒകളാണ് ഈ പദ്ധതിയ്ക്ക് പിന്നില്‍. ഭവ സോഷ്യല്‍ വെഞ്ചര്‍ ആണ് നിര്‍മാണത്തിനും വിതരണത്തിനും നേതൃത്വം കൊടുക്കുന്നത്. വേമ്പനാട് കായലിന്റെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന എട്രീ, സുസ്ഥിര എന്നീ സംഘടനകളോട് ആലപ്പുഴ ജില്ലയിലെ തന്നെ മുഹമ്മ പഞ്ചായത്തും സ്വയം സഹായസംഘങ്ങളുമെല്ലാം ചേര്‍ന്നാണ് മിലീയെ അണിയിച്ചൊരുക്കുന്നത്.

മിലീയുടെ നാല് ലക്ഷ്യങ്ങള്‍


ഒരു ഉത്പന്നം നിര്‍മിച്ച് വില്‍ക്കുക എന്നതിലുപരി കൃത്യവും വ്യക്തവും സമകാലികവുമായ നാല് ലക്ഷ്യങ്ങളാണ് മിലീ ബാഗുകളെ ജനശ്രദ്ധയിലെത്തിക്കാന്‍ അണിയറ പ്രവര്‍ത്തകരെ പ്രേരിപ്പിച്ചത്. അതില്‍ പ്രധാനം പ്ലാസ്റ്റിക് കാരിബാഗുകള്‍ക്ക് ഒരു ബദല്‍ എന്നതാണ്. സാധാരണ വസ്ത്രം കഴുകി ഉപയോഗിക്കുന്നതുപോലെ, മിലീ ബാഗുകള്‍ ദീര്‍ഘകാലത്തേയ്ക്ക് കഴുകി ഉപയോഗിക്കാന്‍ സാധിക്കും. പൗച്ച് രൂപത്തില്‍ പോക്കറ്റിലും മറ്റും സൂക്ഷിക്കാമെന്നതിനാല്‍ പൊതു സ്ഥലത്ത് കയ്യില്‍ കരുതുന്നതിനും മടിക്കേണ്ട. ഉപയോഗ ശൂന്യമായാല്‍ പരിസ്ഥിതിയ്ക്ക് ദോഷകരമല്ലാത്ത രീതിയില്‍ സംസ്‌കരിക്കുകയും ചെയ്യാം. ഒന്നര വര്‍ഷത്തോളം ഒരൊറ്റ മിലീ ബാഗ് ഉപയോഗിച്ച് പ്ലാസ്റ്റിക് ബാഗുകളെ അകറ്റി നിര്‍ത്തിയ നിരവധി ആളുകള്‍ ഉണ്ടെന്നത് ഇത്തരം ബാഗുകളുടെ പ്രയോജനം എടുത്തു കാട്ടുന്നു. ബലവും ഭാരക്കുറവുമാണ് മറ്റൊരു പ്രത്യേകത.

തുണി മാലിന്യങ്ങളില്‍ നിന്ന് പ്രകൃതിയെ രക്ഷിക്കുക, കുട്ടനാിലെ വനിതകള്‍ക്ക് ഉപജീവനമാര്‍ഗം കാട്ടിക്കൊടുക്കുക, അവിടത്തെ തന്നെ പ്രളയ ദുരന്തം നേരിട്ടവരെ ജീവിതം തിരിച്ചുപിടിക്കാന്‍ സഹായിക്കുക എന്നിവയാണ് മിലീ ബാഗിലൂടെ അണിയറക്കാര്‍ ലക്ഷ്യം വയ്ക്കുന്ന മറ്റ് മൂന്ന് കാര്യങ്ങള്‍.



മിലീ എന്ന പേര്

പരിസ്ഥിതി സൗഹൃദവും അനേകരുടെ ജീവനോപാദിയുമായി എത്തുന്ന ഈ ബാഗുകള്‍ക്ക്, 'ഞാന്‍ സ്വന്തമാക്കി അല്ലെങ്കില്‍ എനിക്ക് കിട്ടി ( മില്‍ ഗയാ)' എന്നൊക്കെയാണ് അര്‍ഥം. പ്രകൃതിയെ സ്‌നേഹിക്കുന്ന, സഹജീവികളെ സ്‌നേഹിക്കുന്ന ഓരോരുത്തരെക്കൊണ്ടും ഇങ്ങനെ പറയിക്കുകയാണ് 'മിലീ' ബാഗ്.

മിലീ ബാഗ് സ്വന്തമാക്കണോ?

ഒരു മിലീ ബാഗ് വാങ്ങിക്കളയാം എന്ന് തോന്നുന്നുണ്ടോ. എങ്കില്‍ ഈ നമ്പരില്‍ വിളിക്കാം, 9746288054. കൂടാതെ www.bhavaindia.com എന്ന സൈറ്റില്‍ നിന്ന് ഓണ്‍ലൈനായും മിലീയെ സ്വന്തമാക്കാം. മിലീ ബാഗുകളുടെ നിര്‍മാണത്തില്‍ പങ്കാളികളാകാന്‍ താത്പര്യമുള്ളവര്‍ക്ക്, ഭവ സോഷ്യല്‍ വെഞ്ചര്‍, സഞ്ജു സദന്‍, തുവായൂര്‍ നോര്‍ത്ത്, മനക്കല പി.ഒ, അടൂര്‍ 691551 എന്ന അഡ്രസിലേയ്ക്ക് ഉപയോഗശൂന്യമായ, എന്നാല്‍ കേടുവന്നിില്ലാത്ത തുണി അയച്ച് നല്‍കുകയും ചെയ്യാം. അറുപത് രൂപയാണ് ഒരു മിലീ ബാഗിന്റെ വില. വിവിധ കോണ്‍ഫറന്‍സുകള്‍ സംഘടിപ്പിക്കുന്നവര്‍ അതില്‍ പങ്കെടുക്കുന്നവരിലേയ്ക്കും പ്രമുഖ കമ്പനികള്‍ അവരുടെ ജീവനക്കാരിലേയ്ക്കും മിലീ ബാഗുകള്‍ എത്തിക്കാന്‍ താത്പര്യപ്പെട്ട് രംഗത്തെത്തുന്നുണ്ട് എന്നത് മിലീയ്ക്കും അണിയറക്കാര്‍ക്കും പ്രത്യാശ പകരുന്നുമുണ്ട്.

കീര്‍ത്തി കാര്‍മല്‍ ജേക്കബ്